പാപ്പാ: തെക്കൻ സുഡാനിലേക്കും കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ളിക്കിലേക്കും നടത്തുന്ന "സമാധാന തീർത്ഥാടനത്തിന്" പ്രാർത്ഥനകൾ ആവശ്യപ്പെട്ടു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
വരുന്ന ചൊവ്വാഴ്ചയാണ് ഫ്രാൻസിസ് പാപ്പാ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പുറപ്പെടുന്നത്. ജനുവരി 31 മുതൽ ഫെബ്രുവരി 5 വരെ ഈ സന്ദർശനം നീണ്ടു നിൽക്കും. തന്റെ 40മത്തെ അപ്പസ്തോലിക യാത്രയ്ക്കു മുമ്പായി ഫ്രാൻസിസ് പാപ്പാ രണ്ടു രാജ്യങ്ങളിലെ ജനങ്ങൾക്കുമുള്ള സന്ദേശം ഞായറാഴ്ചത്തെ മദ്ധ്യാഹ്ന പ്രാർത്ഥനാ മദ്ധ്യേ വായിച്ചു. രണ്ടു രാജ്യങ്ങളിലേയും പൗരാധികാരികൾക്കും മെത്രാന്മാർക്കും അവർ നൽകിയ ക്ഷണത്തിനും തന്റെ സന്ദർശനത്തിനായി നടത്തിയ ഒരുക്കങ്ങൾക്കും നന്ദി പറയുകയും ചെയ്തു.
തന്റെ ഹൃത്തോടു ചേർത്ത്
തന്നെ കാത്തിരിക്കുന്ന ജനങ്ങൾക്ക് ഹൃദയങ്കമമായ അഭിവാദനങ്ങൾ അർപ്പിച്ച പാപ്പാ " ഈ കരകൾ നീണ്ട സംഘർഷങ്ങളാൽ ഒത്തിരി സഹിച്ചതാണ് " എന്ന് എടുത്തു പറഞ്ഞു. "ആയുധ പോരാട്ടങ്ങളാലും ചൂഷണങ്ങളാലും കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ കിഴക്കൻ ഭാഗങ്ങൾ പ്രത്യേകിച്ചും " വിഷമിക്കുകയാണെന്ന് പാപ്പാ സൂചിപ്പിച്ചു. കൊല്ലങ്ങളായുള്ള യുദ്ധങ്ങളാൽ തകർക്കപ്പെട്ട തെക്കൻ സുഡാനിൽ നിന്ന് പലായനം ചെയ്യപ്പെട്ടു അതി ദുരിതമായ അവസ്ഥയിൽ കഴിയുന്ന ജനങ്ങൾ, ഇന്നും തുടരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു.
സമാധാനത്തിനായുള്ള എക്യുമേനിക്കൽ തീർത്ഥാടനം
തെക്കൻ സുഡാനിൽ താൻ എത്തുക കാന്റെബറിയിലെ ആംഗ്ലിക്കൻ ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയോടും സ്കോട്ട്ലന്റ് സഭകളുടെ ജനറൽ അസംബ്ളിയുടെ മോഡറേറ്റർ റവ. ഡോ. ലെയ്ൻ ഗ്രീൻഷീൽഡ്സിനോടുമൊപ്പമായിരിക്കുമെന്നും തന്റെ സന്ദേശത്തിൽ പാപ്പാ ഓർമ്മിച്ചു. "ഒരുമിച്ച്, സഹോദരർ എന്ന നിലയിൽ, ഞങ്ങൾ സമാധാനത്തിന്റെ ഒരു എക്യുമേനിക്കൽ തീർത്ഥാടനം നടത്തും" പാപ്പാ പറഞ്ഞു. എല്ലാവരോടും തന്റെ അപ്പസ്തോലിക യാത്രയെ പ്രാർത്ഥനയാൽ അനുഗമിക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
സന്ദർശനത്തിന്റെ ഒരു സംക്ഷിപ്ത വിവരണം
സന്ദർശനത്തിന്റെ ആദ്യ പാദമായ ജനുവരി 31 മുതൽ ഫെബ്രുവരി 3 വരെ ഫ്രാൻസിസ് പാപ്പാ കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ളിക്കിലായിരിക്കും ചെലവഴിക്കുക. കോംഗോയുടെ തലസ്ഥാനമായ കിൻഷാസയിൽ തങ്ങുന്ന പാപ്പാ സമൂഹത്തിന്റെ അധികാരികളും, കിഴക്കൻ സംഘർഷത്തിന്റെ ഇരകളും, പ്രാദേശിക സഭാ സേവകരുമായും കൂടിക്കാഴ്ചകൾ നടത്തും. വെള്ളിയാഴ്ച, തെക്കൻ സുഡാനിലേക്ക് യാത്ര തിരിക്കുന്ന അദ്ദേഹം ഫെബ്രുവരി 5 വരെ അവിടെ താമസിച്ചു കൊണ്ട് ലോകത്തിലെ ഏറ്റവും ഇളയ രാഷ്ട്രത്തിന്റെ മുറിവുകൾ വച്ചുകെട്ടാൻ പരിശ്രമിക്കും. തെക്കൻ സുഡാന്റെ തലസ്ഥാനമായ ജൂബായിൽ ആയിരിക്കും പാപ്പാ തങ്ങുക. അവിടെ വിവിധ സഭകളുമായും പൊതു സംഘടനകളുമായും, പ്രത്യേകിച്ച് സംഘർഷം മൂലം സ്വന്തം നാടുവിട്ട് മാറി താമസിക്കേണ്ടി വന്നവരുമായും (Internally displaced people) കൂടിക്കാഴ്ചകൾ നടത്തും. ഫെബ്രുവരി 5 ഞായറാഴ്ച തെക്കൻ സുഡാനിലെ വിശ്വാസികളുമൊത്ത് ദിവ്യബലിയർപ്പിച്ച ശേഷം പാപ്പാ റോമിലേക്ക് തിരിച്ചുപോരും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: