തിരയുക

ഫ്രാൻസീസ് പാപ്പാ “റോം ആഹ്വാനം” എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തിൽ പങ്കെടുത്തവരുമൊത്ത് വത്തിക്കാനിൽ, 10/01/23 ഫ്രാൻസീസ് പാപ്പാ “റോം ആഹ്വാനം” എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തിൽ പങ്കെടുത്തവരുമൊത്ത് വത്തിക്കാനിൽ, 10/01/23   (ANSA)

പാപ്പാ: ജീവിതത്തിൻറെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തുന്ന നിർമ്മിത ബുദ്ധി!

“നിർമ്മിത ബുദ്ധിയുടെ നൈതികതയ്ക്കുള്ള റോം ആഹ്വാനം” (Rome Call for Artificial Intelligence) എന്ന പേരിലുള്ള രേഖയിൽ യഹൂദ-ക്രൈസ്തവ-ഇസ്ലാം എന്നീ മൂന്ന് അബ്രഹാമിക മതങ്ങളുടെ പ്രതിനിധികൾ ഒപ്പുവച്ചു. ഈ സമ്മേളനത്തിൽ പങ്കെടുത്തവരെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സഹോദര്യം, സാങ്കേതികവിദ്യയുടെ പുരോഗതി ലോകമെങ്ങും നീതിയുടെയും സമാധാനത്തിൻറെയും സേവനത്തിനുള്ളതായിത്തീരുന്നതിനുള്ള വ്യവസ്ഥയാണെന്ന് മാർപ്പാപ്പാ.

“നിർമ്മിത ബുദ്ധിയുടെ നൈതികതയ്ക്കുള്ള റോം ആഹ്വാനം” (Rome Call for Artificial Intelligence) എന്ന പേരിൽ ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയിൽ നവോത്ഥാന ഫൗണ്ടേഷൻറെ മേൽനോട്ടത്തിൽ  തയ്യാറാക്കിയ ഒരു രേഖ, യഹൂദ-ക്രൈസ്തവ-ഇസ്ലാം എന്നീ മൂന്ന് അബ്രഹാമിക മതങ്ങളുടെ പ്രതിനിധികൾ വത്തിക്കാനിൽ ചൊവ്വാഴ്ച (10/01/23) ഒപ്പുവച്ച സമ്മേളനത്തിൽ പങ്കെടുത്തവരടങ്ങിയ നൂറോളം പേരെ ഫ്രാൻസീസ് പാപ്പാ പേപ്പൽ ഭവനത്തിലെ ക്ലെമെൻറയിൻ ശാലയിൽ അന്ന് സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു.

നിർമ്മിതബുദ്ധിയുടെ ചക്രവാളത്തിൽ ഉയരുന്ന വലിയ വെല്ലുവിളികളെ സംബന്ധിച്ച് പങ്കുവയ്ക്കപ്പെടുന്ന ഒരു ധാർമ്മികത പരിപോഷിപ്പിക്കുന്നതിന് “റോം ആഹ്വാനം” (Rome Call) വഴി ശ്രമിക്കുന്നതിന് ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയ്ക്കും നവോത്ഥാന ഫൗണ്ടേഷനും പാപ്പാ നന്ദി പറഞ്ഞു. ഈ സാങ്കേതികവിദ്യയെ എല്ലാവരുടെയും പൊതുനന്മയ്ക്കുള്ള സേവനത്തിനും പൊതുഭവനം സംരക്ഷിക്കുന്നതിനുമായി  പ്രതിഷ്ഠിക്കുന്ന ഒരു സംസ്കാരം പരിപോഷിപ്പിക്കുന്നതിനുള്ള ഐക്യത്തോടുകൂടിയ പരിശ്രമം മാതൃകാപരമാണെന്ന് പാപ്പാ ശ്ലാഘിച്ചു

വൈക്തികവും സാമൂഹികവുമായ ദൈനംദിന ജീവിതത്തിൻറെ എല്ലാ മേഖലകളിലും നിർമ്മിത ബുദ്ധി എത്രത്തോളം സന്നിഹിതമാണ് എന്ന വസ്തുതയെക്കുറിച്ച് പരാമർശിച്ച പാപ്പാ, ലോകത്തെയും നമ്മെത്തന്നെയും നാം മനസ്സിലാക്കുന്നതിനെ  ഈ സാങ്കേതികവിദ്യ സ്വാധീനിക്കുന്നുവെന്നും ഈ മേഖലയിലെ പുതിയ കണ്ടുപിടുത്തങ്ങൾ മനുഷ്യൻറെ പ്രവർത്തനത്തിലും തീരുമാനങ്ങളിലും പോലും കൂടുതൽ നിർണ്ണായകമായിത്തീരുന്നുവെന്നും വിശദീകരിച്ചു. മാനവികവും സുദൃഢവുമായ വികസനം ആസ്വദിക്കാൻ എല്ലാവർക്കും സാധിക്കണമെന്നും ആരും അതിൽ നിന്ന് ഒഴിവാക്കപ്പെടരുതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

നൂതന സാങ്കേതികവിദ്യകളുടെ മാനവികമായ ഒരു വികസനം പരിപോഷിപ്പിക്കുന്നതിനു വേണ്ടി  എല്ലാവരും തമ്മിലുള്ള ഒരു പൊതു സംഭാഷണത്തിനുള്ള ഉപയോഗപ്രദമായ ഉപകരണമായി ഭവിക്കട്ടെ “റോം ആഹാനം” (Rome Call) എന്ന് പാപ്പാ ആശംസിച്ചു. ലോകത്തിൻറെ വിഭിന്ന വീക്ഷണങ്ങൾ തമ്മിലുള്ള സമാഗമത്തിൻറെ പൊതുവേദിക്കായുള്ള അന്വേഷണത്തിൽ സുപ്രധാന സംയോജക ബിന്ദു മനുഷ്യാവകാശങ്ങളാണെന്ന വസ്തുത പാപ്പാ ആവർത്തിച്ചു വ്യക്തമാക്കി. 

ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ അദ്ധ്യക്ഷനായ ആർച്ചുബിഷപ്പ് വിൻചേൻസൊ പാല്യയാണ് നിർമ്മിത ബുദ്ധിയുടെ കാര്യത്തിൽ ആവശ്യമായ ധാർമ്മികസമീപനത്തെ അധികരിച്ച് “റോം ആഹാനം” (Rome Call) എന്ന പരിപാടിക്ക് തുടക്കം കുറിച്ചത്. ഇത് 2020 ഫെബ്രുവരി 28-നായിരുന്നു.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 January 2023, 14:43