യേശുവുമായുള്ള ബന്ധം അനുദിനം, പ്രാർത്ഥനയും വചനധ്യാനവും വഴി ഊട്ടി വളർത്തുക, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സംഭാഷണം, കൂട്ടായ്മ, പ്രേഷിതദൗത്യം എന്നീ ത്രിഘടകങ്ങൾ വൈദിക പരിശീലനത്തിൽ അനിവാര്യങ്ങളാണെന്ന് മാർപ്പാപ്പാ.
റോമിലുള്ള വടക്കെ അമേരിക്കൻ പൊന്തിഫിക്കൽ കോളേജിലെ വൈദികരും ശെമ്മാശന്മാരും വൈദികാർത്ഥികളും ജീവനക്കാരും ഉൾപ്പെടെയുള്ളവരെ ഈ ശനിയാഴ്ച (14/1/23) വത്തിക്കാനിൽ, പേപ്പൽ അരമനയിലെ ക്ലെമൻറെയിൻ ശാലയിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
കൂട്ടായ്മയുടെ ദാനം ജീവിക്കുന്നതിനും പ്രേഷിത ശിഷ്യരായിത്തീരുന്നതിനും വേണ്ടി ദൈവജനത്തിലെ അംഗങ്ങളെ എങ്ങനെ സഹായിക്കാൻ കഴിയും എന്ന് വിവേചിച്ചറിയാനായി പരിശുദ്ധാരൂപിയെയും പരസ്പരവും ശ്രവിക്കുക എന്ന പ്രക്രിയ അടങ്ങിയിരിക്കുന്ന സിനഡാത്മക യാത്രയിലാണ് സഭ എന്ന് അനുസ്മരിച്ച പാപ്പാ പൗരോഹിത്യത്തിലേക്കും അജപാലനസേവനത്തിലേക്കുമുള്ള പാതയിൽ പാദമൂന്നിയിരിക്കുന്നവരും ഏറ്റെടുക്കേണ്ട വെല്ലുവിളിയും ദൗത്യവും ഇതാണെന്ന് ഓർമ്മിപ്പിച്ചു.
വൈദികപരിശീലനത്തിലെ കാതലായ മൂന്നു ഘടകങ്ങളിൽ ആദ്യത്തെതായ സംഭാഷണത്തെക്കുറിച്ചു പരാമർശിച്ച പാപ്പാ, എന്താണ് തേടുന്നതെന്നു ചോദിക്കുകയും വന്നു കാണാൻ ക്ഷണിക്കുകയും ചെയ്തുകൊണ്ട് കർത്താവ്, വൈദികാർത്ഥികളുമായി വൈക്തിക സംഭാഷണത്തിലേർപ്പെടുന്നുവെന്നും യേശുവുമായി, പ്രാർത്ഥനയാലും വചന ധ്യാനത്താലും പോഷിതമായ അനുദിന ബന്ധം ഊട്ടിവളർത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഉദ്ബോധിപ്പിച്ചു.
യേശുവും ശിഷ്യന്മാരും തമ്മിലുണ്ടായിരുന്നതു പോലുള്ള ഒരു കൂട്ടായ്മ, സർവ്വോപരി ദൈവവുമായും, അതുപോലെതന്നെ, ക്രിസ്തുവിൻറെ മൗതിക ഗാത്രമായ സഭയിലെ അംഗങ്ങളുമായും ഉണ്ടായിരിക്കണമെന്ന് പാപ്പാ കൂട്ടായ്മയെന്ന രണ്ടാമത്തെ ഘടകം വിശകലനം ചെയ്യവെ ഓർമ്മിപ്പിച്ചു.
യേശുവുമായുള്ള സംഭാഷണവും കൂട്ടായ്മയും മൂന്നാമത്തെ ഘടകമായ പ്രേഷിത ദൗത്യമായി എങ്ങനെ പരിണമിക്കുന്നുവെന്നും പാപ്പാ വിശദീകരിച്ചു. യേശു ഒരോ തവണയും സ്ത്രീപുരുഷന്മാരെ വിളിക്കുന്നത് അവരെ, പ്രത്യേകിച്ച്, ബലഹീനരുടെയും സമൂഹത്തിൽ പ്രാന്തവല്ക്കരിക്കരിക്കപ്പെട്ടിരിക്കുന്നവരുടെയും പക്കലേക്ക് അയക്കാനാണെന്നും അവരെ ശുശ്രൂഷിക്കാൻ മാത്രമല്ല അവരിൽ നിന്ന് പഠിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: