പാപ്പാ ക്രൈസ്തവൈക്യ വാരത്തിന് സമാപനം കുറിക്കുന്നു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ക്രൈസ്തവൈക്യത്തിനായുള്ള അമ്പത്തിയാറാം അഷ്ടദിന പ്രാർത്ഥനയ്ക്ക് പാപ്പാ ബുധനാഴ്‌ച (25/01/23) സമാപനം കുറിക്കും.
വിശുദ്ധ പൗലോസിൻറെ മാനസാന്തരത്തിരുന്നാൾ ദിനമായ ജനുവരി 25-ന് വൈകുന്നേരം, പ്രാദേശിക സമയം 5.30 ന്, റോമിൻറെ ചുമരുകൾക്ക് വെളിയിലുള്ള വിശുദ്ധ പൗലോസിൻറെ ബസിലിക്കയിൽ ഫ്രാൻസീസ് പാപ്പാ നയിക്കുന്ന സഘോഷമായ സായാഹ്ന പ്രാർത്ഥനയോടെ ആയിരിക്കും ക്രൈസ്തവൈക്യത്തിനായുള്ള ഈ അഷ്ടദിന പ്രാർത്ഥന സമാപിക്കുക.
വിവിധ ക്രൈസ്തവവിഭാഗങ്ങളുടെ പ്രതിനിധികൾ ഇതിൽ സംബന്ധിക്കും. ഇവരിൽ കോൺസ്റ്റൻറി നോപ്പിളിലെ എക്യമെനിക്കൽ പാത്രിയാർക്കേറ്റിൻറെയും ആംഗ്ലിക്കൻ സഭാകൂട്ടയ്മയുടെ പരമാദ്ധ്യക്ഷനായ കാൻറർബറി ആർച്ച്ബിഷപ്പിൻറെയും പ്രതിനിധികളും ഉൾപ്പെടുന്നു.
അനുവർഷം ജനുവരി 18-25 വരെയാണ് ക്രൈസ്തവൈക്യ പ്രാർത്ഥനാവാരം ആചരിക്കപ്പെടുന്നത്. ക്രൈസ്തവൈക്യ പ്രാർത്ഥനാ വാരത്തിൻറെ ഇക്കൊല്ലത്തെ വിചിന്തന പ്രമേയം ഏശയ്യാ പ്രവാചകൻറെ പുസ്തകം ഒന്നാം അദ്ധ്യായത്തിലെ പതിനേഴാം വാക്യത്തിൽ നിന്ന് അടർത്തിയെടുത്ത “നന്മ പ്രവർത്തിക്കാൻ ശീലിക്കുവിൻ; നീതി അന്വേഷിക്കുവിൻ” (ഏശയ്യാ 1,17) എന്ന വാക്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: