നാലാം ദൈവവചന ഞായർ ആചരണം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നാലാം “ദൈവവചന ഞായർ” ആചരണത്തോടനുബന്ധിച്ച് മാർപാപ്പാ വത്തിക്കാനിൽ ദിവ്യബലി അർപ്പിക്കും.
ഈ ഞായറാഴ്ച (22/01/23) രാവിലെ, പ്രാദേശിക സമയം 9.30-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് രണ്ടു മണിക്ക്, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഫ്രാൻസീസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന ആരംഭിക്കും.
പത്തു കർദ്ദിനാളന്മാരും 25 മെത്രാന്മാരും 150 വൈദികരും സഹകാർമ്മികരായിരിക്കും.
“ഞങ്ങൾ കണ്ടത് നിങ്ങളെയും ഞങ്ങൾ അറിയിക്കുന്നു”, യോഹന്നാൻ എഴുതിയ ഒന്നാം ലേഖനം ഒന്നാം അദ്ധ്യായത്തിലെ മൂന്നാമത്തെതായ ഈ വാക്യമാണ് ഇക്കൊല്ലത്തെ “ദൈവവചന ഞായർ” ആചരണത്തിൻറെ വിചിന്തന പ്രമേയം
അനുവർഷം ലത്തീൻ റീത്തിൻറെ ആരാധനാക്രമ ആണ്ടു വട്ടത്തിൽ, സാധാരണ കാലത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഈ വാർഷികാചരണം. ജനുവരി ആറിന് ആചരിക്കപ്പെടുന്ന ദൈവാവിഷ്ക്കാരത്തിരുന്നാള്‍ കഴിഞ്ഞുവരുന്ന ആദ്യഞായറാഴ്ച ആഘോഷിക്കപ്പെടുന്ന യേശുവിന്‍റെ ജ്ഞാനസ്നാത്തിരുന്നാളിന്‍റെ പിറ്റേന്നു മുതലാണ് ലത്തീന്‍ സഭയില്‍ ആരാധനക്രമ വത്സരത്തിലെ സാധാരണ കാലം തുടങ്ങുന്നത്.
എമ്മാവൂസിലേക്കു പോകുകയായിരുന്ന രണ്ടു ശിഷ്യർക്കൊപ്പം ഒരു യാത്രികൻറെ ഭാവത്തിൽ ചേരുകയും രാത്രിയാകാറായാതിനാൽ, യാത്രയുടെ അന്ത്യത്തിൽ അവരുടെ നിർബന്ധപ്രകാരം അവരോടൊപ്പം താമസിക്കാൻ സമ്മതിക്കുകയും ചെയ്ത ഉത്ഥിതൻ തന്നെ തിരിച്ചറിയാതിരുന്ന അവർക്ക് ഭക്ഷണത്തിനിരിക്കവേ, അപ്പം ആശീർദിച്ചുകൊടുത്തപ്പോൾ അവർ അവിടത്തെ തിരിച്ചറിയാൻ കഴിയുന്നതുമായ സംഭവം വിവരിക്കുന്ന ലൂക്കായുടെ സുവിശേഷം ഇരുപത്തിനാലാം അദ്ധ്യായത്തിലെ നാല്പത്തിയഞ്ചാമത്തെതായ ഈ വാക്യം, അതായത്, “വിശുദ്ധലിഖിതങ്ങള്‍ ഗ്രഹിക്കാന്‍ തക്കവിധം അവരുടെ മനസ്സ് അവന്‍ തുറന്നു” എന്ന വാക്യം ആരംഭിക്കുന്ന ആദ്യത്തെ രണ്ടു ലത്തീന്‍ പദങ്ങൾ “അപെരൂയിത്ത് ഈല്ലിസ്” (APERUIT ILLIS) ശീർഷകമായുള്ള സ്വയാധികാര പ്രബോധനം, അഥവാ, മോത്തു പ്രോപ്രിയൊ വഴിയാണ് പാപ്പാ “ദൈവവചന ഞായര്‍” ആചരണം സഭയില്‍ ഏര്‍പ്പെടുത്തിയത്. 2019 സെപ്റ്റമ്പർ 30-ന് ആണ് പാപ്പാ ഈ “മോത്തു പ്രോപ്രിയൊ” പുറപ്പെടുവിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: