തിരയുക

മാമ്മോദീസാ കർമ്മം, ഫയൽ ചിത്രം മാമ്മോദീസാ കർമ്മം, ഫയൽ ചിത്രം  (Vatican Media)

സിസ്റ്റയിൻ കപ്പേളയിൽ നവജാത ശിശുക്കളുടെ മാമ്മോദീസ!

കർത്താവിൻറെ ജ്ഞാനസ്നാനത്തിരുന്നാൾ ദിനത്തിൽ ഫ്രാൻസീസ് പാപ്പാ സിസ്റ്റയിൻ കപ്പേളയിൽ ശിശുക്കളെ സ്നാനപ്പെടുത്തും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മാർപ്പാപ്പാ ഏതാനും കുഞ്ഞുങ്ങൾക്ക് മാമ്മോദീസാ നല്കും.

പ്രത്യക്ഷീകരണത്തിരുന്നാൾ കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്ച, അതായത്, ഇക്കൊല്ലം, ജനുവരി 8-ന്  (08/01/23), ആചരിക്കപ്പെടുന്ന യേശുവിൻറെ ജ്ഞാനസ്നാനത്തിരുന്നാൾ ദിനത്തിൽ ആണ് ഫ്രാൻസീസ് പാപ്പാ വത്തിക്കാൻ ജീവനക്കാരുടെ ഏതാനും നവജാത ശിശുക്കളെ സ്നാനപ്പെടുത്തുക.

വത്തിക്കാനിൽ സിസ്റ്റയിൻ കപ്പേളയിൽ, ഞായറാഴ്‌ച (08/01/23) രാവിലെ, പ്രാദേശിക സമയം 9.30-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിക്കായിരിക്കും മാമ്മോദീസാ കർമ്മം അടങ്ങിയ ദിവ്യബലി പാപ്പാ ആരംഭിക്കുക.

കപ്പേളയിലെ മാമ്മോദീസാതൊട്ടി മൂന്നു പ്രതീകാത്മക ഘടകങ്ങൾ അടങ്ങിയതാണ്. ജീവൻറെ വൃക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന വെങ്കല നിർമ്മിതവും 24 കായ്കളോടുകൂടിയതുമായ ഒലിവു വൃക്ഷം. യേശു മാമ്മോദീസ സ്വീകരിച്ച യോർദ്ദാൻ നദിയുടെ അടിത്തട്ടിൽ നിന്നെടുത്ത ഒരു കല്ലിലാണ് ഈ മരത്തിൻറെ വേരുകൾ ഉറപ്പിച്ചിരിക്കുന്നത്. വൃക്ഷത്തിൻറെ ശാഖകൾ താങ്ങിനിറുത്തിയിരിക്കുന്ന തിളങ്ങുന്ന സ്വർണ്ണ ഗോളം ക്രിസ്തുവാകുന്ന ഉദയസൂര്യൻറെ പ്രതീകമാണ്.

ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ കാലത്ത് 2012-ലാണ് വിശുദ്ധ രണ്ടാം ജോൺപോൾ മാർപ്പാപ്പായുടെ കാലത്തുണ്ടായിരുന്നതു മാറ്റി ഈ പുതിയ മാമ്മോദീസാതൊട്ടി സിസ്റ്റയിൻ കപ്പേളയിൽ സ്ഥാപിച്ചത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 January 2023, 12:03