പാപ്പാ: ഹൃദയം നമ്മെ തുറവുള്ള, സ്വാഗതം ചെയ്യുന്ന, ആശയവിനിമയ ശൈലിയിലേക്കു നയിക്കും!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സ്നേഹപൂർവ്വം സത്യം സംവേദനം ചെയ്യാൻ കഴിയണമെങ്കിൽ സ്വന്തം ഹൃദയം ശുദ്ധീകരിക്കേണ്ടത് ആവശ്യമാണെന്ന് മാർപ്പാപ്പാ.
ഇക്കൊല്ലം സെപ്റ്റംബർ 29-ന് ആഗോളസഭാതലത്തിൽ ആചരിക്കപ്പെടുന്ന അമ്പത്തിയേഴാം ലോക സാമൂഹ്യസമ്പർക്ക മാദ്ധ്യ ദിനത്തിന് കത്തോലിക്കാ മാദ്ധ്യമ പ്രവർത്തനത്തിൻറെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ ഫ്രാൻസീസ് ഡി സാലെസിൻറെ തിരുന്നാൾ ദിനത്തിൽ, ജനുവരി 24-ന് ചൊവ്വാഴ്ച ഫ്രാൻസീസ് പാപ്പാ നല്കിയ സന്ദേശത്തിലാണ് ഈ ആവശ്യകത ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
“സ്നേഹത്തിൽ സത്യം ഹൃദയംകൊണ്ട് പറയുക” എന്ന ഈ ദിനാചരണത്തിൻറെ വിചിന്തനപ്രമേയത്തിൽ കേന്ദ്രീകൃതമാണ് ഈ സന്ദേശം. “സ്നേഹത്തിൽ സത്യം പറഞ്ഞുകൊണ്ട് ശിരസ്സായ ക്രിസ്തുവിലേക്ക് എല്ലാവിധത്തിലും നാം വളരേണ്ടിയിരിക്കുന്നു” എന്ന വിശുദ്ധ പൗലോസ് എഫേസോസുകാർക്കെഴുതിയ ലേഖനം നാലാം അദ്ധ്യായം പതിനഞ്ചാം വാക്യമാണ് ഈ വിചിന്ത പ്രമേയത്തിൻറെ അടിസ്ഥാനം.
യുദ്ധ വേദികളിൽ സമാധന സംസ്കൃതി പരിപോഷിപ്പിക്കുന്നതിന് ഹൃദയം കൊണ്ട് സംസാരിക്കുകയും വിദ്വേഷവും ശത്രുതയും രൂക്ഷമായിരിക്കുന്നവിടെ സംഭാഷണത്തിൻറെയും അനുരഞ്ജനത്തിൻറെയും പാത തുറക്കുകയും ചെയ്യുക എന്നത് ഇന്ന് എന്നത്തെക്കാളുപരി സത്താപരമാണെന്ന് പാപ്പാ പറയുന്നു. നിർമ്മല ഹൃദയത്തോടെ കേൾക്കുകയും സംസാരിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ നമുക്ക് ബാഹ്യമായവയ്ക്കപ്പുറം കാണാനും വിവരവിനിമയ മേഖലയിലും ഉള്ളതും നാം ജീവിക്കുന്ന സങ്കീർണ്ണമായ ലോകത്തെ വിവേചിച്ചറിയാൻ സഹായിക്കാത്തതുമായ അവ്യക്തമായ ഇരമ്പലുകളെ മറികടക്കാനും കഴിയൂ എന്ന് പാപ്പാ പറയുന്നു.
പോകാനും കാണാനും കേൾക്കാനും പ്രചോദനം പകരുന്നതും തുറവുള്ളതും സ്വാഗതം ചെയ്യുന്നതുമായ ആശയവിനിമയ രീതിയിലേക്ക് നമ്മെ ആനയിക്കുന്നതും ഹൃദയമാണെന്ന് പാപ്പാ തൻറെ സന്ദേശത്തിൽ വിശദീകരിക്കുന്നു. കാത്തിരിപ്പിൻറെയും ക്ഷമയുടെയും അഭ്യസനവും അതുപോലെതന്നെ, നമ്മുടെ വീക്ഷണത്തിൻറെ മുൻവിധിയോടുകൂടിയ സമർത്ഥനം ഒഴിവാക്കലും ആവശ്യമായുള്ള ശ്രവണം അഭ്യസിച്ചുകഴിഞ്ഞാൽ, നമുക്ക് സംഭാഷണത്തിൻറെയും പങ്കുവയ്ക്കലിൻറെയും ചലനാത്മകതയിലേക്ക് പ്രവേശിക്കാൻ സാധിക്കുമെന്നും, അത്, ഹൃദ്യമായ രീതിയിൽ ആശയവിനിമയം നടത്തുക എന്നതാണെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
ഹൃദയം കൊണ്ട് സംസാരിക്കുക എന്ന ആഹ്വാനം, നിസ്സംഗതയിലേക്കും രോഷത്തിലേക്കും വളരെ ചായ്‌വുള്ളതും നാം ജീവിക്കുന്നതുമായ ഈ കാലഘട്ടത്തെ സമൂലം വെല്ലുവിളിക്കുന്നുവെന്നും പാപ്പാ പറയുന്നു. ഹൃദ്യമായി ആശയവിനിമയം നടത്തുക എന്നതിനർത്ഥം, നമ്മുടെ കാലഘട്ടത്തിലെ സ്ത്രീപുരുഷന്മാരുടെ സന്തോഷങ്ങളിലും ഭയങ്ങളിലും പ്രതീക്ഷകളിലും കഷ്ടപ്പാടുകളിലുമുള്ള നമ്മുടെ പങ്കാളിത്തത്തെ സ്വാഗതം ചെയ്യുന്നതിലേക്ക് അനുവാചകരും ശ്രോതാക്കളും നയിക്കപ്പെടുന്നു എന്നാണെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
“സഭയിലും, പരസ്‌പരം ശ്രദ്ധിക്കേണ്ടതും കേൾക്കേണ്ടതും വളരെയധികം ആവശ്യമാണെന്ന് സിനഡുപ്രക്രിയയെക്കുറിച്ചു പരാമർശിച്ചുകൊണ്ട് പാപ്പാ തൻറെ സന്ദേശത്തിൽ ആവർത്തിച്ചു വ്യക്തമാക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: