പുരോഹിതൻ ഒരുമിച്ചു ചരിക്കാൻ വിളിക്കപ്പെട്ടവൻ, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പൗരോഹിത്യദൈവവിളി വൈക്തികമാണെങ്കിലും ആ വിളി സ്വീകരിച്ചവൻ വലിയൊരു സമൂഹത്തിൽ അംഗമാകാനും സംസാരിക്കുന്നതിനു മുമ്പ് ശ്രവിച്ചുകൊണ്ട് ഒരുമിച്ചു ചരിക്കാനും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മാർപ്പാപ്പാ.
സ്പെയിനിലെ ബർസെല്ലോണ അതിരൂപതയിൽ യുവജന അജപാലനത്തിൽ ഏർപ്പെട്ടിരിക്കുന്ന വൈദികരുടെ, എഴുപതോളം പേരടങ്ങിയ, ഒരു സംഘത്തെ ശനിയാഴ്ച (28/01/23) വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
അപ്പൊസ്തോലന്മാരുടെ അനുഭവത്തിലും എന്നും വ്യക്തിപരം, സമൂഹപരം എന്നീ ദ്വിമാനങ്ങൾ ഉണ്ടെന്നും അവ അവിഭാജ്യങ്ങളാണെന്നും പാപ്പാ പറയുന്നു. നമ്മുടെ ദാരിദ്ര്യത്തിലും നമ്മുടെ ദുർബ്ബലതയിലും നിന്നാണ് യേശു നമ്മെ വിളിക്കാൻ ആരംഭിക്കുന്നതെന്നും ആ വിളിയോട് നാം ശാശ്വതമായ ഒരു പരിവർത്തനത്തോടുകൂടി പ്രത്യുത്തരിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
വൈദികർ, പദവികളോടുള്ള ആസക്തി, ഇരട്ടത്താപ്പ് ജീവിതം, ലൗകിക സുഖാന്വേഷണം എന്നിവ തള്ളിക്കളയുകയും കുരിശും, കൂദാശകൾ, പ്രാർത്ഥനകൾ, തപശ്ചര്യകൾ എന്നിവയാലുള്ള സഭയുടെ മദ്ധ്യസ്ഥതകളും സ്വീകരിക്കുകയും ചെയ്യണമെന്ന് പാപ്പാ പറഞ്ഞു. അതോടൊപ്പം, വൈദികർ, കർത്താവിൻറെ കരുണയാൽ സ്പർശിതരായി കാരുണ്യം കാട്ടാൻ കഴിവുറ്റവരും ആയിരിക്കണമെന്നും അത് ചെയ്യേണ്ടത് പ്രബോധിപ്പിച്ചുകൊണ്ടല്ല മറിച്ച്, ദൈവവുമായുള്ള ഉറ്റബന്ധത്തിൻറെ അനുഭവത്തിന് സാക്ഷ്യമേകിക്കൊണ്ടാകണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: