യുക്രെയ്നിലെ സമാധാനവും ലാച്ചിൻ ഇടനാഴിയിലെ പ്രതിസന്ധിയും അനുസ്മരിച്ച് ഫ്രാൻസിസ് പാപ്പാ
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഞായറാഴ്ച വത്തിക്കാനിലെ ചത്വരം റോമിലെ കാത്തലിക് ആക്ഷൻ സംഘടിപ്പിച്ച "സമാധാനത്തിനായുള്ള സാര്‍ത്ഥവാഹകരായി " വന്ന (Caravan for Peace) യുവ തീർത്ഥാടകരാൽ നിറഞ്ഞിരുന്നു. മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്ക് ശേഷം യുവാക്കളെ അഭിസംബോധന ചെയ്ത ഫ്രാൻസിസ് പാപ്പാ അവരോടൊപ്പം സമാധാനാനത്തിനായുള്ള പ്രാർത്ഥനയിൽ പങ്കുചേർന്നു.
യൂറോപ്പ് യുക്രെയ്നിലെ യുദ്ധത്തിന് സാക്ഷ്യം വഹിക്കുന്ന ഈ വർഷത്തിൽ അവരുടെ പ്രാർത്ഥനകളും പ്രവർത്തനങ്ങളും വളരെ പ്രധാനപ്പെട്ടതാണ് എന്ന് പാപ്പാ അഭിപ്രായപ്പെട്ടു. "നമുക്ക് യുക്രെയ്നെക്കുറിച്ച് ഓർമ്മിക്കാം, അവിടെ അപായപ്പെടുന്ന ജനങ്ങൾക്കായി പ്രാർത്ഥിക്കാം," പാപ്പാ പറഞ്ഞു
ലാച്ചിൻ ഇടനാഴി പ്രതിസന്ധി
തെക്കൻ കോക്കസസിലെ ലാച്ചിൻ ഇടനാഴിയിൽ നടക്കുന്ന ഭീകര മാനുഷിക സാഹചര്യങ്ങളെ അനുസ്മരിച്ചു കൊണ്ട് ഫ്രാൻസിസ് പാപ്പാ തന്റെ അപേക്ഷ ആവർത്തിച്ചു. "ഈ കൊടുംതണുപ്പിൽ, മനുഷ്യത്വരഹിതമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നവർക്ക് ഞാൻ സമീപസ്ഥനാണ്. ജനങ്ങളുടെ നന്മയ്ക്കായി സമാധാനപരമായ ഒരു പരിഹാരം കണ്ടെത്താൻ അന്തർദ്ദേശീയ തലത്തിൽ എല്ലാ ശ്രമങ്ങളും നടത്തണം" എന്ന് പാപ്പാ അഭ്യർത്ഥിച്ചു.
ലാച്ചിൻ, നഗോർണോ - കരബാഖ് കരയെ അർമേനിയയുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണ്. ഇവിടെ മലമുകളിൽ വസിക്കുന്ന 1,20, 000 അർമേനിയക്കാർക്ക് അത്യാവശ്യസാമഗ്രികൾ എത്തിക്കുന്നത് കഴിഞ്ഞ ഡിസംബർ പകുതി മുതൽ അത്സേർബൈജാൻ പ്രതിഷേധക്കാർ തടഞ്ഞിരിരിക്കുകയാണ്.
ആഗോള കുഷ്ഠരോഗി ദിനം
ഞായറാഴ്ച പ്രത്യേകമായി പാപ്പാ 70 മത് ആഗോള കുഷ്ഠരോഗി ദിനവും അനുസ്മരിച്ചു. കുഷ്ഠരോഗം മൂലമുണ്ടാകുന്ന അപമാനം ഇപ്പോഴും ലോകത്തിന്റെ പല ഭാഗത്തും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് കാരണമാകുന്നുണ്ട് എന്ന് നിരീക്ഷിച്ച പാപ്പാ കുഷ്ഠരോഗത്താൽ വിഷമിക്കുന്നവരോടുള്ള തന്റെ സാമീപ്യവും നമ്മുടെ ഈ സഹോദരീ സഹോദരരെ പൂർണ്ണമായി സമന്വയിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് പ്രോൽസാഹനമറിയിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: