തിരയുക

ഹോസെ ജൂലിയൻ മാർത്തി പേരെസ് ഹോസെ ജൂലിയൻ മാർത്തി പേരെസ് 

മറ്റുള്ളവരെ ശ്രവിക്കുക ഒരുമിച്ച് പൊതുനന്മയ്ക്കായി പ്രവർത്തിക്കുക: ഫ്രാൻസിസ് പാപ്പാ

"ലോകത്തിന്റെ സന്തുലിതാവസ്ഥയ്ക്കായി" എന്ന പേരിൽ ക്യൂബയിലെ ഹവാനയിൽ ആരംഭിച്ച അഞ്ചാമത് അന്താരാഷ്ട്ര കോൺഫറൻസിലേക്ക് അയച്ച സന്ദേശത്തിൽ, പൊതുനന്മയ്ക്കായി പരസ്പരം ആശയങ്ങൾ പങ്കുവയ്ക്കാനും, ഒരുമിച്ച് പ്രവർത്തിക്കാനും ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഒരു ക്യൂബൻ ദേശീയ നായകനും ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ പ്രധാന വ്യക്തിത്വങ്ങളിൽ ഒരാളുമായിരുന്ന ഹോസെ ജൂലിയൻ മാർത്തി പേരെസ് എന്നയാളുടെ ജന്മവാർഷികദിനവുമായി ബന്ധപ്പെട്ട് ഹവാനയിൽ നടന്നുവരുന്ന അന്താരാഷ്ട്ര കോൺഫെറൻസിലേക്ക് അയച്ച സന്ദേശത്തിൽ, ഇതുപോലെയുള്ള സമ്മേളനങ്ങൾ നമ്മിൽ പൊതുനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കാൻ താല്പര്യമുണർത്തണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. എല്ലാ നല്ല ഉദ്ദേശങ്ങളും അംഗീകരിച്ചുകൊണ്ടുതന്നെ, നമുക്ക് പറയാനുളള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനേക്കാൾ, മറ്റുള്ളവർക്കൊപ്പം ആയിരുന്നുകൊണ്ട് അവരെ ശ്രവിക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഇന്നിന്റെ പ്രശ്‌നങ്ങൾക്ക്, ആരെയും ഒഴിവാക്കാത്ത രീതിയിലുള്ള പരിഹാരമാർഗ്ഗങ്ങൾ ഒരുമിച്ച് കണ്ടെത്താൻ സഹായിക്കുന്ന പാലങ്ങൾ സൃഷ്ടിക്കാനാണ് നാം ശ്രമിക്കേണ്ടത്. ഇത് സാർവത്രികമായ സാഹോദര്യത്തിന്റെ ചക്രവാളത്തിൽനിന്നും പരസ്പരസംവാദങ്ങളിൽനിന്നുമാണ് ആരംഭിക്കേണ്ടതെന്ന് ഫ്രത്തെല്ലി തൂത്തി എന്ന  തന്റെ ചാക്രികലേഖനത്തെ (142) പരാമർശിച്ചുകൊണ്ട് പാപ്പാ എഴുതി.

ഹോസെ മാർത്തിയുടെ രചനകളുമായി ബന്ധപ്പെട്ട്, നമ്മുടെ ഭൂതകാലത്തിലേക്ക് നോക്കുകയും നമ്മുടെ വേരുകൾ, ചരിത്രം നിഷേധിക്കാതിരിക്കുകയും ചെയ്യണമെന്നും, നമ്മുടെ പഴയ തലമുറയിൽനിന്ന് പഠിക്കുവാൻ സാധിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. താൻ നമ്മെ സ്നേഹിച്ചതുപോലെ നമ്മളും പരസ്പരം സ്നേഹിക്കണമെന്ന് ആവശ്യപ്പെട്ട കർത്താവിന്റെ കല്പന തന്നെയാണ് അവരെ നയിച്ചത്.

ലോക സമാധാന ദിനത്തിനായുള്ള തന്റെ സന്ദേശത്തിൽ താൻ പറഞ്ഞിരുന്ന പ്രധാനപ്പെട്ട ഒരു ആശയം അവർത്തിച്ചുകൊണ്ട്, കോവിഡ് മഹാമാരിയുടെ സമയത്ത് നിരവധി ആളുകൾ ഉദാരമായ സമർപ്പണത്തിന്റെയും, പ്രത്യാശയുടെയും, ദൈവസ്നേഹത്തിൽ നിന്ന് പിറവിയെടുക്കുന്ന വിശ്വാസത്തിന്റെയും സാക്ഷ്യം തങ്ങളുടെ പ്രവൃത്തികൾ വഴി നൽകിയത് പാപ്പാ ഓർമ്മിപ്പിച്ചു. "ഒരുമിച്ച്" എന്ന വാക്ക് കേന്ദ്രബിന്ദുവാക്കാനാണ് അവർ ആവശ്യപ്പെടുന്നതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. യഥാർത്ഥത്തിൽ, ഒരുമിച്ചാണ് സഹോദര്യത്തിലും ഐക്യദാർഢ്യത്തിലും നമുക്ക് സമാധാനം സ്ഥാപിക്കാനും, നീതി ഉറപ്പുവരുത്തുവാനും, വേദനാജനകമായ അനുഭവങ്ങൾ മറികടക്കുവാനും സാധിക്കുകയെന്ന് (ലോക സമാധാന ദിനസന്ദേശം, n. 3) പാപ്പാ വ്യക്തമാക്കി. ഇതാണ് ലോകത്തിന്റെ സന്തുലിതാവസ്ഥ വീണ്ടെടുക്കാനുള്ള താക്കോലെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഒരുമിച്ച് മാത്രമേ ധാർമ്മികവും, സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധികളെ നേരിടാൻ നമുക്ക് കഴിയൂ  (n. 5).

ജനുവരി 24 മുതൽ 28 വരെ തീയതികളിൽ ക്യൂബയിലെ ഹവാനയിൽ നടക്കുന്ന ഈ സമ്മേളനത്തിൽ എൺപതിലധികം രാജ്യങ്ങളിൽനിന്നായി ആയിരത്തിലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. 1853 ജനുവരി 28-നാണ് ഹോസെ ജൂലിയൻ മാർത്തി പേരെസ് ജനിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 ജനുവരി 2023, 17:30