റോം വികാരിയാത്ത് നവീകരണം, പുതിയ അപ്പൊസ്തോലിക ഭരണഘടന!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
റോം വികാരിയാത്തിനെ പുനഃസംവിധാനം ചെയ്യുന്ന ഒരു അപ്പൊസ്തോലിക ഭരണഘടന (apostolic constitution) മാർപ്പാപ്പാ പുറപ്പെടുവിച്ചു.
ഈ നവീകരണ പ്രക്രിയയുടെ നയങ്ങളും വ്യവസ്ഥകളും വ്യക്തമാക്കുന്ന ‘സഭാകൂട്ടായ്മയിൽ’ എന്നർത്ഥം വരുന്ന 'ഇൻ എക്ലെസിയാരും കൊമ്മുണിയോനെ', ('In Ecclesiarum Communione') എന്ന ശീർഷകത്തിലുള്ള അപ്പൊസ്തോലിക് കോൺസ്റ്റിറ്റ്യൂഷൻ ഫ്രാൻസീസ് പാപ്പാ പ്രത്യക്ഷീകരണത്തിരുന്നാൾ ദിനമായിരുന്ന ജനുവരി 6-ന് (06/01/23), വെള്ളിയാഴ്‌ചയാണ് നല്കിയത്.
1988-ൽ വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ പുറപ്പെടുവിച്ച ‘എക്ലേസിയ ഇൻ ഊർബെ’ ("Ecclesia in Urbe") എന്ന അപ്പൊസ്തോലിക ഭരണഘടനയെ അസാധുവാക്കുന്ന പുതിയ കോൺസ്റ്റിറ്റ്യൂഷൻ ഈ ജനുവരി 31-ന് (31/01/23) പ്രാബല്യത്തിൽ വരും.
റോം വികാരിയാത്തിൻറെ ഭരണപരവും സാമ്പത്തികവുമായ തീരുമാനങ്ങളിൽ മെത്രാൻ സമിതിയുടെയും റോമിൻറെ മെത്രാനായ മാർപ്പാപ്പായുടെയും പങ്ക് ഉപരി ശക്തിപ്പെടുത്തുന്നതാണ് പുതിയ ക്രമം. കൂട്ടായ്മയ്ക്ക് ഊന്നൽ നല്കുന്ന ഈ അപ്പൊസ്തോലിക ഭരണക്രമം സാമ്പത്തികകാര്യങ്ങളും ക്രമക്കേടുകളും പരിശോധിക്കുന്നതിന് പുതിയ കാര്യാലയങ്ങൾ തുറക്കാൻ നിർദ്ദേശിക്കുകയും ഭരണസ്ഥാനത്തിരിക്കുന്നവരുടെ കാലാവധി 5 വർഷമായും അഞ്ചുവർഷത്തേക്കുകൂടി നീട്ടാവുന്നതായും നിജപ്പെടുത്തുകയും ചെയ്യുന്നു. റോം വികാരിയാത്തിനെ കൂട്ടായ്മയുടെയും സംഭാഷണത്തിൻറെയും സാമീപ്യത്തിൻറെയും സ്വാഗതം ചെയ്യലിൻറെയും സുതാര്യതയുടെയും മാതൃകാസ്ഥാനമാക്കി മാറ്റത്തക്കവിധത്തിലുള്ള നിരവധി പരിഷ്ക്കാരങ്ങളാണ് പാപ്പാ ഇതിൽ നിർദ്ദേശിച്ചിരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: