പാപ്പാ: ഭയാധിക്യം നമ്മെ തളർത്തും, നമ്മെ കീഴ്പ്പെടുത്താൻ ഭയത്തെ അനുവദിക്കരുത്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
അമിതഭയം ക്രിസ്തീയ മനോഭാവമല്ലെന്ന് മാർപ്പാപ്പാ.
ഇറ്റലിയിലെ ഒരു മനശാസ്ത്രജ്ഞനായ സാൽവൊ നൊയേ (Salvo Noé) “ഭയം ഒരു ദാനം” എന്ന ശീർഷകത്തിലുള്ള അദ്ദേഹത്തിൻറെ പുസ്തകത്തിനു വേണ്ടി നടത്തിയ സുദീർഘമായ ഒരു അഭിമുഖത്തിലാണ് ഫ്രാൻസീസ് പാപ്പാ ഭയത്തെക്കുറിച്ചുള്ള തൻറെ ഈ ബോദ്ധ്യം പ്രകടിപ്പിച്ചത്.
തീരുമാനങ്ങൾ എടുക്കുന്ന വേളയിൽ താൻ തന്നോടു തന്നെ “ഞാൻ ഇത് ഇങ്ങനെ ചെയ്താലോ...? എന്ന് ചോദിക്കുമെന്നും, ഇത് തെറ്റു പറ്റുമോ എന്ന ചെറു ഭയം കാരണമാണെന്നും പാപ്പാ വ്യക്തമാക്കുന്നു. ഇവിടെ ഭയം തന്നെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും കാരണം, തീരുമാനം ശ്രദ്ധാപൂർവ്വം എടുക്കുന്നതിലേക്ക് അത് തന്നെ നയിക്കുന്നുവെന്നും ഭയം തന്നെ കീഴ്പ്പെടുത്തുന്നില്ലയെന്നും ഒരു വികാരമാണ് സൂക്ഷിച്ചു മുന്നേറാൻ തന്നെ പ്രേരിപ്പിക്കുന്നതെന്നും ഭയത്തെ, മുന്നറിയിപ്പേകുന്ന അമ്മയെപ്പോലെ കരുതാനാകുമെന്നും പാപ്പാ വിശദീകരിക്കുന്നു. എന്നാൽ അമിത ഭയമാകട്ടെ, മുറിവേല്പിക്കുകയും ദർബ്ബലപ്പെടുത്തുകയും തളർത്തുകയും ചെയ്യുമെന്നും ഭയം കീഴ്പ്പെടുത്തിയാൽ ഒരുവൻ ചലനരഹിതനായിത്തീരുകയും എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാകുകയും ചെയ്യുമെന്ന് പാപ്പാ പറഞ്ഞു.
ജനങ്ങളുടെ ചാരെ ആയിരിക്കുക എന്നത് ഭയത്തിനുള്ള മറുമരുന്നാണെന്ന് പാപ്പാ പറഞ്ഞു. പാപ്പായ്ക്കായുള്ള അരമനയിൽ താമസിക്കാതെ മറ്റു പലരും താമസിക്കുന്ന അതിഥി മന്ദിരമായ “ദോമൂസ് സാക്തെ മാർത്തെ” ഭവനം തിരഞ്ഞെടുക്കുകയും അവിടെ പൊതു ഭക്ഷണ ശാലയിൽ എല്ലാവരുമൊത്ത് ഭക്ഷണം കഴിക്കുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് പാപ്പാ തനിക്ക് ആളുകളെ കാണാതിരിക്കാനാകില്ലെന്നും അരമനയിൽ അടച്ചുപൂട്ടിയിരിക്കുന്ന ഒരു പ്രതീതിയാണ് ഉളവാകുകയെന്നും അത് ഒരുതരം ഭയം തന്നിലുളവാക്കുമെന്നും പാപ്പാ വിശദീകരിച്ചു.
വൈദികപരിശീലനം, കാപട്യം, ലൗകികത, അധികാരമോഹം, സ്വവർഗ്ഗാനുരാഗികൾ, കുടിയേറ്റക്കാർ, സഭാശുശ്രൂഷകരുടെ ഭാഗത്തുനിന്ന് ലൈംഗികാതിക്രമം ഉണ്ടാകുന്നത് തടയൽ തുടങ്ങിയവയും ഈ അഭിമുഖത്തിന് വിഷയങ്ങളായി.
ജീവിത രീതി, മനശാസ്ത്രമാനം, വ്യക്തിബന്ധങ്ങൾ തുടങ്ങിയവയെല്ലാം സമഗ്രമായി വിലയിരുത്തി വേണം ഒരുവനെ വൈദികാർത്ഥിയായി സ്വീകരിക്കേണ്ടതെന്നും നല്ലവനല്ലാത്ത വൈദികാർത്ഥിയെ എടുക്കുന്നതിനെക്കാൾ നല്ലത് ഒരു ദൈവവിളി നഷ്ടപ്പെടുന്നതാണെന്നും പാപ്പാ പറഞ്ഞു.
സ്വവർഗ്ഗാനുരാഗികളുമായി ബന്ധപ്പെട്ട ചോദ്യത്തിന് പാപ്പാ മുൻവിധികൂടാതെ അവരെ കാണുകയും സാമീപ്യം കാരുണ്യം ആർദ്രത എന്നീ ദൈവത്തിൻറെ രീതികൾ അവരുട കാര്യത്തിൽ അവലംബിക്കേണ്ടതിൻറെ ആവശ്യകത എടുത്തുകാട്ടുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: