ലോക യുവജനദിനം സാർവ്വത്രികതയുടെ വിത്തുകൾ പാകുന്നു: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ലോക യുവജനദിനത്തിൽ പങ്കെടുക്കാൻ വിവിധ രാജ്യങ്ങളിൽനിന്നെത്തുന്ന യുവജനങ്ങൾക്ക്, തങ്ങളുടെ വീടുകളിൽ താമസ സൗകര്യമൊരുക്കുന്നവർ സാർവ്വത്രികതയിലേക്കാണ് തങ്ങളുടെ കുടുംബങ്ങളെ തുറന്നിടുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. 2023 ഓഗസ്റ്റ് 1 മുതൽ 6 വരെ തീയതികളിൽ പോർച്ചുഗലിലെ ലിസ്ബൺ നഗരത്തിൽ നടക്കുവാനിരിക്കുന്ന ലോക യുവജനദിനത്തിൽ പങ്കെടുക്കാനെത്തുന്നവരെ സ്വഭവനങ്ങളിൽ സ്വീകരിക്കുന്ന കുടുംബങ്ങൾക്കായി ജനുവരി 25 ബുധനാഴ്ച നൽകിയ വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പറഞ്ഞത്. നിങ്ങളുടെ സാധാരണ ജീവിതത്തിൽ അവരുടെ സാന്നിധ്യം അസ്വസ്ഥതയുളവാക്കിയേക്കാം എങ്കിലും, ഇത് സാർവ്വത്രികതയിലേക്കുള്ള പ്രവേശനമെന്ന വിപ്ലവമായിരിക്കും ആരംഭിക്കുകയെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
മറ്റു രാജ്യങ്ങളിൽനിന്നും സംസ്കാരങ്ങളിൽനിന്നും എത്തുന്ന യുവജനങ്ങളെ സ്വീകരിക്കുന്നത് വെറുമൊരു സേവനമല്ല, മഹത്തായ ഒരു പ്രവൃത്തിയാണെന്ന് പറഞ്ഞ പാപ്പാ, അവർ കൊണ്ടുവന്നേക്കാവുന്ന അസൗകര്യങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും അപ്പുറം, അവർ മറ്റൊരു സംസ്കാരത്തിന്റെയും കാഴ്ചപ്പാടിന്റെയും വിത്തുകളായിരിക്കും നൽകുകയെന്ന് വ്യക്തമാക്കി. പല കാര്യങ്ങളും അപേക്ഷികമാണെന്നും, ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ കാര്യങ്ങൾ വ്യത്യസ്തമാണെന്നും അവർ നിങ്ങൾക്ക് കാട്ടിത്തരും. ഒന്നോ രണ്ടോ പേരെയാണ് നിങ്ങൾ സ്വീകരിക്കുന്നതെങ്കിലും അവരിലും പ്രപഞ്ചമാണ് ഉള്ളതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മറ്റുള്ളവർക്ക് അവരുടേതായ രീതിയിൽ, മറ്റൊരു സംസ്കാരത്തോടെയും കാഴ്ചപ്പാടോടെയും ക്രൈസ്തവനായിരിക്കാൻ സാധിക്കുമെന്ന ഒരു വസ്തുതയിലേക്കാണ് അവർ നമ്മുടെ കണ്ണുകൾ തുറക്കുന്നത്. ഇതിലൂടെ സാർവ്വത്രികതയിലേക്കും ചക്രവാളത്തിലേക്കും നാം സ്വയം തുറക്കുകയാണ്
യുവജനങ്ങളെ സ്വീകരിക്കുന്ന കുടുംബങ്ങൾക്ക് നന്ദി പറഞ്ഞ പാപ്പാ, ഇത് അല്പം ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും, സാർവ്വത്രികതയുടെ വിത്ത് വിതയ്ക്കലാണെന്നും, ഭൂമിശാസ്ത്രപരമോ, സാംസ്കാരികമോ ധാർമ്മികമോ ആയ നമ്മുടെ പരിധികൾക്കും അതിരുകൾക്കും അപ്പുറത്തേക്ക് ചക്രവാളത്തിലേക്കുള്ള ഒരു കണ്ണോടിക്കലായിരിക്കുമെന്നും വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: