തിരയുക

കോംഗോയിൽ സേവനമനുഷ്ഠിക്കുന്ന ഐക്യരാഷ്ട്രസഭാ സൈനികൻ - ഫയൽ ചിത്രം കോംഗോയിൽ സേവനമനുഷ്ഠിക്കുന്ന ഐക്യരാഷ്ട്രസഭാ സൈനികൻ - ഫയൽ ചിത്രം  (AFP or licensors)

കോംഗോ: ദേവാലയത്തിനെതിരെയുണ്ടായ ആക്രമണത്തിൽ അനുശോചനമറിയിച്ച് പാപ്പാ

ജനുവരി പതിനഞ്ചിന് കോംഗോയിൽ കസിന്ദി എന്ന സ്ഥലത്ത് ഒരു പെന്തക്കോസ്തൽ ദേവാലയത്തിനുള്ളിലുണ്ടായ സ്‌ഫോടനത്തിൽ ഇരകളായവർക്കുവേണ്ടി പ്രാർത്ഥനകൾ അറിയിച്ച് ഫ്രാൻസിസ് പാപ്പായുടെ പേരിൽ കർദ്ദിനാൾ പിയെത്രോ പരോളിൻ ടെലെഗ്രാം സന്ദേശമയച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ക്രിസ്തുവിന്റെ സഭ എന്ന കോംഗോയിലെ പെന്തക്കോസ്താസഭയുടെ ഒരു ദേവാലയത്തിൽ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും അനേകർക്ക് പരിക്കേൽക്കുകയും ചെയ്ത  സംഭവത്തിൽ, ഈ സഭയുടെ പ്രസിഡന്റ് അഭിവന്ദ്യ അന്ദ്രേ ബൊകുന്തോവാ ബോ ലികാബേയ്ക്ക് അയച്ച സന്ദേശത്തിലൂടെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ ഫ്രാൻസിസ് പാപ്പായുടെ പേരിലുള്ള അനുശോചനങ്ങൾ അറിയിച്ചു. നിരവധി നിഷ്കളങ്കരായ മനുഷ്യരുടെ ജീവനെടുത്ത ഈ ആക്രമണത്തിന്റെ വാർത്ത അറിഞ്ഞ പാപ്പാ, ഈ ദുരന്തത്തിൽ ദുഃഖാകുലരായിരിക്കുന്ന കുടുംബങ്ങൾക്ക് തന്റെ സാമീപ്യവും പ്രാർത്ഥനകളും അറിയിക്കുന്നുവെന്ന് കർദ്ദിനാൾ പരോളിൻ എഴുതി.

മരണമടഞ്ഞവരെയും, അപകടത്തിൽ പരിക്കുകളേറ്റവരെയും, ഫ്രാൻസിസ് പാപ്പാ ദൈവകാരുണ്യത്തിന് സമർപ്പിക്കുന്നുവെന്ന് എഴുതിയ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി, ഏവരും ദൈവത്തിൽ ആശ്വാസവും വിശ്വാസവും കണ്ടെത്തണട്ടെയെന്നും, പാപ്പായുടെ പേരിൽ ആശംസിച്ചു. ഏവർക്കും സമാധാനമേകുവാനായി പാപ്പാ പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉഗാണ്ടയുടെ അതിർത്തിയോടടുത്ത കിവു പ്രവിശ്യയിലെ ഒരു ദേവാലയത്തിലാണ് ജനുവരി പതിനഞ്ചിന് പതിനേഴു പേരുടെ ജീവനെടുത്ത ഈ ആക്രമണവുമുണ്ടായത്. നാല്പതോളം പേർക്ക് പരിക്കേറ്റിരുന്നു.

ജനുവരി 31-ആം തീയതി മുതൽ തെക്കൻ സുഡാൻ, കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക്കിലേക്ക് എന്നിവിടങ്ങളിലേക്ക് പാപ്പാ അപ്പസ്തോലിക യാത്ര നടത്തുവാനിരിക്കെയാണ് നിഷ്കളങ്കരായ ആളുകൾക്കെതിരെ ഈ ആക്രമണം നടന്നിരിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 January 2023, 15:27