തിരയുക

അഗസ്തീനിയൻ കാനൻ റെഗുലർ സന്യാസമൂഹത്തെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ അഗസ്തീനിയൻ കാനൻ റെഗുലർ സന്യാസമൂഹത്തെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ  (Vatican Media)

സന്യാസസഭകളുടെ ഒറ്റപ്പെടൽ അപകടകരമാണ് ഫ്രാൻസിസ് പാപ്പാ

അഗസ്തീനിയൻ കാനൻ റെഗുലർ സന്യാസമൂഹത്തിന്റെ പ്രാഥമിക കൗൺസിൽ അംഗങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ നൽകിയ കൂടിക്കാഴ്ചയുടെ അവസരത്തിൽ, ഒറ്റപ്പെട്ട രീതിയിൽ തങ്ങളിലേക്ക് മാത്രം ചുരുങ്ങുന്ന സന്യാസസഭകളുടെ അപകടാവസ്ഥയെ എടുത്തു പറഞ്ഞു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ 1959 ൽ ആരംഭം കുറിച്ചതാണ് അഗസ്തീനിയൻ കാനൻ റെഗുലർ സന്യാസമൂഹം. മറ്റു സന്യാസസമൂഹങ്ങളുമായും, രൂപതകളുമായും നിരന്തരം ബന്ധം പുലർത്തിക്കൊണ്ട് അവരുടെ ആവശ്യങ്ങളിൽ സഹായിക്കുന്ന ഈ സമൂഹത്തിന്റെ പ്രാഥമിക കൗൺസിൽ അംഗങ്ങൾക്ക് ജനുവരി പതിമൂന്നാം തീയതിയാണ് ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച അനുവദിച്ചത്. തദവസരത്തിൽ ഇന്നത്തെ ലോകത്തിൽ സന്യാസസമൂഹങ്ങൾ നേരിടുന്ന അപകടങ്ങളെയും വെല്ലുവിളികളെയും പാപ്പാ എടുത്തുപറഞ്ഞു.

ഓരോ സന്യാസമൂഹങ്ങളും അവരുടേതായ ഒരു നിയമസ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടെങ്കിലും അവ ഒറ്റപ്പെടലിന്റെയും, അഹംഭാവത്തിന്റെയും രീതിയിലേക്ക് ചുരുങ്ങുന്നുവെങ്കിൽ വലിയ അപകടമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. തങ്ങളുടേതായ കാര്യങ്ങൾ മാത്രം പൂർത്തിയാക്കികൊണ്ട് ഒരു ഭാവി കെട്ടിപ്പടുക്കുവാൻ നമുക്ക് സാധിക്കുകയില്ല മറിച്ച് നാമെല്ലാവരും ഒരേ കപ്പലിൽ യാത്ര ചെയ്യുന്നവരാണെന്ന ബോധ്യം നമുക്കുണ്ടാവണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

അതുപോലെ തന്നെ കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് നമ്മുടെ സന്യാസക്രമങ്ങളിലും നന്മയുടെ മാറ്റങ്ങൾ കൊണ്ടുവരണമെന്നും പാപ്പാ എടുത്തുപറഞ്ഞു. മഹത്വവൽക്കരിക്കപ്പെട്ട ഒരു വലിയ ചരിത്രം പറയുമ്പോഴും മഹത്വീകരിക്കപ്പെടേണ്ട ഒരു ഭാവിചരിത്രം കടഞ്ഞെടുക്കേണ്ടതിനെക്കുറിച്ചും നാം ബോധവാന്മാരാകണമെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു. ക്രിസ്തുവിനെ സ്നേഹിക്കുകയെന്നാൽ അവന്റെ സഭയെ സ്നേഹിക്കുന്നുവെന്നാണ് വിവക്ഷിക്കുന്നതെന്ന് ഓർമ്മിപ്പിച്ച പാപ്പാ ഈ കാലഘട്ടത്തിലും അതിനായുള്ള വഴികൾ തേടണമെന്നും ഉദ്ബോധിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 ജനുവരി 2023, 22:05