ക്രൈസ്തവസഹോദര്യവും ഐക്യദാർഢ്യവും ഉള്ളിൽ സൂക്ഷിച്ച് പ്രവർത്തിക്കുക: ഇറ്റാലിയൻ പോലീസ് വിഭാഗത്തിനോട് ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
വിശുദ്ധ പത്രോസിന്റെ ചത്വരത്തിലും വത്തിക്കാന്റെ സമീപ്രദേശങ്ങളിലും ഇറ്റാലിയൻ പോലീസിന്റെ സാന്നിധ്യത്തിലൂടെ, പാപ്പായെയും, അപ്പസ്തോലനായ വിശുദ്ധ പത്രോസിന്റെയും അദ്ദേഹത്തിന്റെ പിൻഗാമികളായ മറ്റു പാപ്പാമാരുടെയും കല്ലറകൾ സംരക്ഷിക്കപ്പെടുന്ന വത്തിക്കാൻ ബസലിക്കയും കാണുവാനും പ്രാർത്ഥിക്കുവാനും എത്തുന്ന തീർത്ഥാടകർക്കും സന്ദർശകർക്കും ലഭിക്കുന്ന സംരക്ഷണത്തിന് പാപ്പാ നന്ദി പറഞ്ഞു. ജനുവരി പന്ത്രണ്ടാം തീയതി വത്തിക്കാനിൽ അവരെ സ്വീകരിച്ചു സംസാരിക്കവെയാണ് അവർ നൽകുന്ന സ്തുത്യർഹമായ സേവനത്തിന് നന്ദി പറഞ്ഞത്.
റോമിലും ഇറ്റലിയുടെ മറ്റു പ്രദേശങ്ങളിലും തനിക്ക് സഞ്ചരിക്കേണ്ടിവരുമ്പോൾ ഇറ്റലിയിലെ പോലീസ് സേന നൽകുന്ന മെച്ചപ്പെട്ട സേവനവും തന്റെ പ്രഭാഷണത്തിൽ പാപ്പാ അനുസ്മരിച്ചു. ഇറ്റലിയും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള നല്ല ബന്ധത്തിന്റെ തെളിവുകൂടിയാണിതെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
തങ്ങളുടെ ജീവിതങ്ങളെ നയിക്കുന്ന മൂല്യങ്ങളിൽ അടിയുറച്ച് പ്രധാനപ്പെട്ട ഈ സേവനം തുടരുവാൻ ആഹ്വാനം ചെയ്ത പാപ്പാ, അവരുടെ ജോലികൾ, മറ്റുള്ളവരെ സഹായിക്കാനുള്ള ഉദ്ദേശത്താൽ നയിക്കപ്പെട്ടതാകട്ടെയെന്ന് ആശംസിച്ചു, കഴിഞ്ഞ ദിവസങ്ങളിൽ നാം ആഘോഷിച്ച ക്രിസ്തുവിന്റെ ജനനം നിങ്ങളിൽ സാഹോദര്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ക്രൈസ്തവചിന്ത നിങ്ങൾക്ക് കാത്തുസൂക്ഷിക്കാൻ സഹായിക്കട്ടെയെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ലോക സമാധാന ദിനത്തിൽ താൻ നൽകിയ സന്ദേശത്തെ പരാമർശിച്ച് സംസാരിച്ച പാപ്പാ, ദൈവം നമ്മോടൊത്തുണ്ടെന്നും, നമ്മുടെ ബുദ്ധിമുട്ടുകളിൽ നമുക്ക് താങ്ങായി നിൽക്കുന്നുണ്ടെന്നും, നമ്മെ വഴിനടത്തുന്നുണ്ടെന്നുമുള്ള ഹൃദയത്തിന്റെ പ്രത്യാശയോടെ ജീവിക്കാൻ നമുക്ക് സാധിക്കണമെന്ന് ഓർമ്മിപ്പിച്ചു. നിങ്ങളിൽനിന്ന് സ്വീകാര്യതയുടെയും ഉദാരതയുടെയും പ്രവർത്തികൾ പ്രതീക്ഷിക്കുന്ന വ്യക്തികൾക്ക് ദൈവസാന്നിധ്യത്തിന്റെ അടയാളമായി മാറാൻ നിങ്ങളുടെ സേവനങ്ങൾക്ക് സാധിക്കുമെന്ന് പാപ്പാ കൂട്ടിച്ചേർത്തു. അതുവഴി സമാധാനത്തിന്റെ സൃഷ്ടികളാകാൻ നിങ്ങൾക്ക് സാധിക്കുമെന്നും പാപ്പാ പറഞ്ഞു.
വത്തിക്കാന്റെ സംരക്ഷണത്തിനും സേവനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഈ പോലീസ് സംഘത്തിനും അവരുടെ കുടുംബങ്ങൾക്കും ഫ്രാൻസിസ് പാപ്പാ പുതുവർഷാശംസകളും നേർന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെയും മിഖായേൽ മാലാഖയുടെയും സംരക്ഷണത്തിന് ഏവരെയും സമർപ്പിച്ച പാപ്പാ അവരുടെ മാധ്യസ്ഥ്യം വഴി ഐശ്വര്യവും ഐക്യവും സംരക്ഷണവും നിങ്ങൾക്ക് ലഭിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: