തിരയുക

ഫിൻലാന്റിൽ നിന്നുള്ള എക്യൂമെനിക്കൽ പ്രതിനിധി സംഘത്തെ പാപ്പാ സ്വീകരിച്ചപ്പോൾ ഫിൻലാന്റിൽ നിന്നുള്ള എക്യൂമെനിക്കൽ പ്രതിനിധി സംഘത്തെ പാപ്പാ സ്വീകരിച്ചപ്പോൾ  (ANSA)

ക്രൈസ്തവർ സമാധാനസ്ഥാപകരാകണം: ഫ്രാൻസിസ് പാപ്പാ

യുദ്ധങ്ങളുടെയും അടിച്ചമർത്തലുകളുടെയും ഈ ലോകത്ത്, തങ്ങളുടെ പൊതുവായ വിളി തിരിച്ചറിഞ്ഞ്, ക്രൈസ്തവർ അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും വക്താക്കളാകണമെന്ന് ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഫിൻലാന്റിൽ നിന്നുള്ള എക്യൂമെനിക്കൽ പ്രതിനിധി സംഘത്തെ ജനുവരി 19-ന് വത്തിക്കാനിൽ സ്വീകരിച്ച പാപ്പാ, ക്രൈസ്തവർ സമാധാനസ്ഥാപകരാകാനുള്ള തങ്ങളുടെ വിളി തിരിച്ചറിയണമെന്നും, ഐക്യം വളർത്തിയെടുക്കുന്നതിൽ ഒരിക്കലും പിന്നോട്ട് പോകരുതെന്നും ഓർമ്മിപ്പിച്ചു.

ഫിൻലന്റിൽ വച്ച് രക്തസാക്ഷിത്വം വഹിച്ച വിശുദ്ധ ഹെൻറിയുടെ തിരുനാളിനോടനുബന്ധിച്ച് പതിവുപോലെ ഫിൻലന്റിൽനിന്നുള്ള സമൂഹം റോമിലേക്ക് നടത്തുന്ന തീർത്ഥാടനത്തിന്റെ ഭാഗമായി വത്തിക്കാനിലെത്തിയ ആളുകളെയാണ് പാപ്പാ സ്വീകരിച്ച് സംസാരിച്ചത്.

ജനുവരി എട്ടിന് ആഘോഷിച്ച ക്രിസ്തുവിന്റെ ജ്ഞാനാനസ്നാനത്തിരുന്നാളിനെ പരാമർശിച്ച പാപ്പാ, യുദ്ധങ്ങളും മറ്റു സംഘർഷങ്ങളും മൂലം വിഭജിച്ചു നിൽക്കുന്ന ഈ ലോകത്ത്, ക്രൈസ്തവരെന്ന നിലയിൽ, അനുരഞ്ജനവും ഐക്യവും വളർത്തിയെടുക്കാൻ ഏവർക്കുമുള്ള ഉത്തരവാദിത്വത്തെ എടുത്തുപറഞ്ഞു.

അനീതികൾക്കും, പാർശ്വവൽക്കരണത്തിനും, അടിച്ചമർത്തലുകൾക്കും, പ്രത്യേകിച്ച് യുദ്ധങ്ങൾക്ക് ഇരകളായവർക്കും നീതി ലഭ്യമാക്കാനുള്ള പരിശ്രമങ്ങളിൽ മുന്നോട്ട് പോകാനും, അവരോട് തങ്ങളുടെ സാമീപ്യം അറിയിക്കാനും നമുക്ക് കടമയുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഇത്തരുണത്തിൽ ജനുവരി 19 മുതൽ 25 വരെ തീയതികളിൽ ക്രൈസ്തവസഭകൾ ആചരിക്കുന്ന ക്രൈസ്തവ സഭൈക്യവാരത്തിന്റെ പ്രാധാന്യത്തിലേക്കും പാപ്പാ ശ്രദ്ധ ക്ഷണിച്ചു.

ക്രൈസ്തവർക്കിടയിലുള്ള വിഭജനങ്ങളിലൂടെ ക്രിസ്തുവിന് എതിർസാക്ഷ്യം നൽകുന്നത് അവസാനിപ്പിക്കാനും, സുവിശേഷപ്രഘോഷണത്തിനുള്ള അതിയായ ആഗ്രഹം വളർത്തിയെടുക്കുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. പരസ്പരമുള്ള ഐക്യത്തിന്റെയും, ഒരുമിച്ച് പ്രാർത്ഥിക്കാനുള്ള വിളിയും, വിഭജനങ്ങളെ തരണം ചെയ്യാനുള്ള ക്ഷണവുമാണ് വിശുദ്ധ ഹെൻറിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

അടുത്തിടെ നിര്യാതനായ ബെനഡിക്ട് പതിനാറാമൻ എമെരിറ്റസ് പാപ്പായുടെ നിര്യാണത്തിൽ ഫിൻലന്റിൽനിന്നുള്ള ക്രൈസ്തവനേതൃത്വം അറിയിച്ച അനുശോചനങ്ങൾക്ക് പാപ്പാ നന്ദി പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 ജനുവരി 2023, 18:02