സംഭാഷണങ്ങളിലൂടെ സമാധാനം കൈവരിക്കാം ഫ്രാൻസിസ് പാപ്പ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
എല്ലാ വർഷവും വത്തിക്കാനുമായി ഒന്നിച്ചു പ്രവർത്തിക്കുന്ന നയതന്ത്ര വിഭാഗത്തിന്റെ ഉദ്യോഗസ്ഥരുമായി നടത്തുന്ന കൂടിക്കാഴ്ച്ച ഈ വർഷം ജനുവരി ഒൻപതാം തീയതി രാവിലെ പത്തുമണിക്ക് ഫ്രാൻസിസ് മാർപ്പാപ്പ നടത്തി.കൂടിക്കാഴ്ച്ചയിൽ നയതന്ത്ര വിഭാഗ കൂട്ടായ്മയുടെ നേതാവ് ഡോ. ജോർജെസ് പൊളിദെസ്, മാർപ്പാപ്പയെ ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേർന്നുകൊണ്ട് അഭിസംബോധന ചെയ്തു സംസാരിച്ചു. തുടർന്ന് ഫ്രാൻസിസ് മാർപാപ്പ എല്ലാവരെയും സാന്നിധ്യത്തിന് നന്ദി പറഞ്ഞുകൊണ്ട് തന്റെ പ്രഭാഷണം ആരംഭിച്ചു.
ലോകം മുഴുവൻ ഏറിവരുന്ന വിഭാഗീയതകളുടെയും യുദ്ധങ്ങളുടെയും നടുവിൽ സമാധാനത്തിനായുള്ള വലിയ ആവശ്യം എടുത്തു പറഞ്ഞുകൊണ്ടായിരുന്നു പാപ്പാ തന്റെ വാക്കുകൾ ആരംഭിച്ചത്. തുടർന്ന് പാപ്പാ എമരിറ്റസ് ബെനഡിക്ട് പതിനാറാമന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചതിനും അദ്ദേഹം നന്ദി പറഞ്ഞു.സംഭാഷണങ്ങൾക്കായി നയതന്ത്ര മേഖലയിൽ ഓരോരുത്തരും നൽകുന്ന സംഭാവനകളെ പാപ്പാ അഭിനന്ദിച്ചു. പൊതുതാല്പര്യങ്ങൾ സംരക്ഷിക്കപ്പെടുവാൻ എല്ലാവരും യോജിച്ചുനിൽക്കണമെന്നും അതിനായി വിനയാന്വിതമായ മനസോടെ മറ്റുള്ളവരെ ചേർത്തുപിടിക്കണമെന്നും പാപ്പാ പറഞ്ഞു.
ഇരുത്തിമൂന്നാം യോഹന്നാൻ മാർപ്പാപ്പയുടെ ഭൂമിയിൽ സമാധാനം (Pacem in Terris) എന്ന ചാക്രിക ലേഖനത്തിൻറെ അറുപതാം വാർഷികത്തിന്റെ കാര്യവും മാർപാപ്പാ എടുത്തു പറഞ്ഞു.
ഭൂമുഖത്തെ മുഴുവൻ നശിപ്പിക്കുന്ന അണുബോംബുകൾ ഉപയോഗിച്ചുകൊണ്ടുള്ള യുദ്ധങ്ങൾ ആ ചാക്രികലേഖനത്തിൽ പ്രതിപാദിക്കപ്പെടുമ്പോൾ ഇന്നും ഇതേ വെല്ലുവിളികളുടെ നടുവിലാണ് നാം കഴിയുന്നതെന്ന് ഓർക്കണമെന്ന് മാർപ്പാപ്പ അടിവരയിടുന്നു. മൂന്നാം ലോകമഹായുദ്ധത്തിന്റെ കണികകൾ ഇന്ന് ലോകം മുഴുവൻ അനുഭവിക്കുന്നു. എല്ലാ ഭൂഖണ്ഡങ്ങളിലും യുദ്ധത്തിന്റെ ദുരിതങ്ങൾ മനുഷ്യരെ നിസ്സഹായരാക്കുന്നു. അതിനാൽ സത്യത്തിന്റെയും, നീതിയുടെയും, സഹാനുഭവത്തിന്റെയും, സ്വാതന്ത്ര്യത്തിന്റെയും എല്ലാ തലങ്ങളിലും സമാധാനം ഉറപ്പിക്കുവാനുള്ള വലിയ വിളിയാണ് ഓരോ നയതന്ത്ര ഉദ്യോഗസ്ഥർക്കും ഉള്ളതെന്ന് മാർപ്പാപ്പ എടുത്തു പറഞ്ഞു.
ഒരിക്കൽക്കൂടി തന്റെ നന്ദിയും, സ്നേഹവും അറിയിച്ച പാപ്പാ പുതുവത്സരത്തിന്റെ ഭാവുകങ്ങളും കൂടിയിരുന്നവർക്കും അവർ പ്രതിനിധാനം ചെയ്യുന്ന രാജ്യങ്ങൾക്കും നൽകികൊണ്ട് തന്റെ വാക്കുകൾ ഉപസംഹരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: