തിരയുക

കംബോഡിയയിൽനിന്നുള്ള പ്രതിനിധിസംഘത്തെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ കംബോഡിയയിൽനിന്നുള്ള പ്രതിനിധിസംഘത്തെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ  (Vatican Media)

മതാന്തരസഹകരണം പാരിസ്ഥിതിക പരിവർത്തനത്തിന് സഹായിക്കും: ഫ്രാൻസിസ് പാപ്പാ

ആളുകൾ തമ്മിലും അവർ ജീവിക്കുന്ന ചുറ്റുപാടുകളുമായും അനുരഞ്ജനപ്പെട്ട്, മതാന്തരസഹകരണത്തിലൂടെ മുന്നോട്ട് പോകുന്നത്, എല്ലാ സമൂഹങ്ങൾക്കും സമാധാനത്തോടെയും സഹോദര്യത്തിലും ജീവിക്കാനും, പ്രകൃതിയുടെ സംരക്ഷണത്തിനും സഹായകരമാകുമെന്ന് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

മതങ്ങൾ തമ്മിലുള്ള സഹകരണം പരസ്പരസഹോദര്യത്തിലും സമാധാനത്തിലും ജീവിക്കാൻ സഹായിക്കുമെന്ന് ഫ്രാൻസിസ് പാപ്പാ. ജനുവരി 19 വ്യാഴാഴ്ച കംബോഡിയയിൽനിന്നുള്ള ബുദ്ധമതക്കാരും പൊതുസമൂഹത്തിന്റെ പ്രതിനിധികളുമടങ്ങുന്ന ഒരു സംഘം ആളുകളെ വത്തിക്കാനിൽ സ്വീകരിച്ചു സംസാരിക്കവെയാണ് സമൂഹത്തിൽ വിവിധ മതങ്ങളുടെ പരസ്പരസഹകരണത്തിന്റെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞത്.

പാപ്പായുമായുള്ള കൂടിക്കാഴ്ചാസമ്മേളനത്തിനായി കമ്പോഡിയൻ സമൂഹം തിരഞ്ഞെടുത്ത, "പാരിസ്ഥിതിക പരിവർത്തനം" എന്ന പ്രമേയത്തെ പരാമർശിച്ച പാപ്പാ അവരെ അഭിനന്ദിക്കുകയും, നമ്മുടെ പൊതുഭവനമായ ഭൂമിയുടെ ക്ഷേമത്തിനായി ഏവർക്കും വേണ്ട ബോധ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുകയും, മതപരമായ വിശ്വാസങ്ങളിൽനിന്നും, ആത്മീയപരമ്പര്യങ്ങളിൽനിന്നും പ്രചോദനമുൾക്കൊണ്ട് തങ്ങളുടെ രാജ്യത്തിന് പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംഭാവന നൽകുവാൻ ഈ സമൂഹത്തിന് സാധിക്കുമെന്ന് പറയുകയും ചെയ്തു.

ദാരിദ്ര്യവും, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ അന്തസ്സ് മാനിക്കപ്പെടാത്തതും ഇക്കാലത്ത് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്ന് പറഞ്ഞ പാപ്പാ, നമ്മുടെ ചുറ്റുപാടുകളിലുള്ള ദൗർബല്യങ്ങളെക്കുറിച്ച് അവബോധം വളർത്തിയെടുക്കാൻ നാം പരിശ്രമിക്കേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ചു. നമ്മുടെ പൊതുഭവനമായ ഭൂമിയുടെ പരിപാലനം നമ്മുടെ കടമയാണെന്ന ബോധ്യമുള്ളതിനാലാണ് തന്റെ മുൻഗാമികളുടെ പാതയിൽ, മറ്റുള്ളവരോടും, സൃഷ്ടപ്രപഞ്ചത്തോടും, അവനവനോടും സൃഷ്ടാവിനോടുമുള്ള ആദരവിനെക്കുറിച്ച് താൻ തന്റെ പ്രബോധനങ്ങളിലൂടെ ഉദ്ബോധിപ്പിക്കുന്നതെന്ന് പാപ്പാ വ്യക്തമാക്കി.

പരിസ്ഥിതിക പരിവർത്തനം സംഭവിക്കുന്നത്, പാരിസ്ഥിതികപ്രതിസന്ധിയുടെ കാരണങ്ങൾ തിരിച്ചറിയുമ്പോഴാണെന്ന് പറഞ്ഞ പാപ്പാ, പ്രകൃതിയെ മുറിവേൽപ്പിക്കുകയും അതിനോട് അനാദരവോടെയുള്ള പ്രവർത്തികൾ നടത്തുകയും ചെയ്യുന്നത് കുറയ്ക്കുകയോ, നിറുത്തുകയോ ചെയ്യുന്നതിലൂടെയാണ് നാം ഇത് സാധ്യമാക്കേണ്ടതെന്ന് ഓർമ്മിപ്പിച്ചു. ലോകത്തിൽ സംഭവിക്കുന്ന കഷ്ടതകൾ അവനവന്റേതായി കാണുമ്പോഴാണ്, നാം ജീവിക്കുന്ന സമൂഹത്തിനായി നൽകാൻ സാധിക്കുന്ന സംഭവനകളെക്കുറിച്ച് നാം ബോധവാന്മാരാകുന്നതെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

പാരിസ്ഥിതിക ഉത്തരവാദിത്വം വളർത്തിയെടുക്കുന്നതിന് ബുദ്ധമതവും ക്രൈസ്തവികതയും നമ്മെ പഠിപ്പിക്കുന്നത് മനസ്സിലാക്കാൻ മതാന്തരസംവാദങ്ങൾ നമ്മെ സഹായിക്കുമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ബുദ്ധൻ പഠിപ്പിച്ച ലളിതമായ ജീവിതവും, ജീവജാലങ്ങളെ ദ്രോഹിക്കാതിരിക്കുന്നതിനുള്ള ആഹ്വാനവും പാലിക്കുന്നത് വഴി ബുദ്ധമതക്കാർക്ക്, പ്രകൃതിയുൾപ്പെടെ ഏവരോടും അനുകമ്പയുള്ള ഒരു മനോഭാവം വളർത്തിയെടുക്കാൻ സാധിക്കും. ദൈവം മനുഷ്യനെ ഏൽപ്പിച്ച ഉത്തരവാദിത്വം എന്ന നിലയിൽ പ്രകൃതിയെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതുവഴി ക്രൈസ്തവർക്കും, തങ്ങളുടെ പാരിസ്ഥിതിക ഉത്തരവാദിത്വം നിറവേറ്റാൻ സാധിക്കുമെന്നും പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 ജനുവരി 2023, 18:07