തിരയുക

അഗസ്റ്റീനിയന് ഇൻസ്റ്റിട്യൂട്ടിൽ നടന്ന സിമ്പോസിയത്തിന്റെ ദൃശ്യം അഗസ്റ്റീനിയന് ഇൻസ്റ്റിട്യൂട്ടിൽ നടന്ന സിമ്പോസിയത്തിന്റെ ദൃശ്യം 

നമുക്ക് മറ്റുള്ളവരുടെ മുറിപ്പാടുകൾ സുഖപ്പെടുത്താം: ഫ്രാൻസിസ് പാപ്പാ

'ആരെയും തഴയാതെയിരിക്കാം' എന്ന വാക്യം മുൻനിർത്തി, ജനുവരി 23, 24 തീയതികളിൽ കുഷ്ഠരോഗാവസ്ഥയെ കുറിച്ചുള്ള രണ്ടാം സിമ്പോസിയത്തിൽ സംബന്ധിക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പാ സന്ദേശമയച്ചു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

സമൂഹം പലപ്പോഴും ഭ്രഷ്ട്ട് കൽപ്പിക്കുന്ന കുഷ്ഠരോഗം ബാധിച്ച സഹോദരങ്ങൾക്കു വേണ്ടി ആതുരസേവനം ചെയ്യുന്ന സഹോദരങ്ങളെ ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽ അഭിനന്ദിച്ചു. അവരെ നല്ല സമരിയക്കാരൻ എന്ന് അഭിസംബോധന ചെയ്യുകയും ചെയ്തു.തുടർന്ന് തന്റെ സന്ദേശത്തിൽ ഈ രോഗം ബാധിച്ചവർക്ക് നിഷേധിക്കപ്പെടുന്ന മാനുഷികമൂല്യങ്ങളും പാപ്പാ എടുത്തുപറഞ്ഞു. അതിനാൽ ഈ രോഗത്തെയും, രോഗികളെയും നമ്മുടെ സഹോദര്യബന്ധത്തിൽ കൂടെനിർത്തണമെന്നും, അവരുടെ മുറിവുകളെ സുഖപ്പെടുത്താൻ നമുക്ക് സാധിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

കുഷ്ഠരോഗാവസ്ഥയെ സമൂഹത്തിൽ ഉണർത്തുന്നതിനായി 1953ൽ റാവൂൾ ഫൊള്ളേരോ തുടങ്ങിയ അന്താരാഷ്ട്ര കുഷ്ഠരോഗദിനത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്ന ഈ നാളുകളിൽ ഈ രോഗത്തിന്റെ ഗൗരവവും, രോഗികൾ അർഹിക്കുന്ന പരിഗണനയും നൽകുവാൻ നാം പ്രതിജ്ഞാബദ്ധരാവണം, പാപ്പാ എടുത്തു പറഞ്ഞു. വിവേചനപരമായ പെരുമാറ്റം ഉപേക്ഷിക്കുവാനും, ആരെയും അതിർ വരമ്പുകളിൽ ഉപേക്ഷിച്ചു കടന്നുപോകാതെ അവരുടെ ഒപ്പം നടക്കുവാനും പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

അവസാനമായി തന്റെ സന്ദേശം അവസാനിപ്പിക്കുമ്പോൾ ഈ രോഗാവസ്ഥയിൽ കഴിയുന്ന സഹോദരങ്ങളോട് തന്റെ സാമീപ്യവും പ്രാർത്ഥനയും വാഗ്‌ദാനം ചെയ്ത പാപ്പാ ഈ സമ്മേളനം വഴിയായി, നന്മയുടെ വാക്കുകൾ ലോകമെങ്ങും എത്തട്ടെയെന്ന പ്രത്യാശയും പ്രകടിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 ജനുവരി 2023, 18:15