ഓർഡർ ഓഫ് മാൾട്ടയുടെ ജനറൽ ചാപ്റ്ററിൽനിന്ന് ഓർഡർ ഓഫ് മാൾട്ടയുടെ ജനറൽ ചാപ്റ്ററിൽനിന്ന് 

ഐക്യത്തിലൂടെ കാരുണ്യപ്രവൃത്തികളെ വിശ്വസനീയമാക്കുക: ഫ്രാൻസിസ് പാപ്പാ

മാള്‍ട്ടയുടെ പരമോന്നത മിലിട്ടറി ഹോസ്പിറ്റലർ സഖ്യത്തിന് നൽകിയ സുദീർഘമായ സന്ദേശത്തിൽ, ആ സമൂഹത്തിനുള്ളിലെ വിഭിന്നതകൾ അതിജീവിച്ച് ഐക്യത്തിലേക്ക് കടന്നുവരാൻ ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഓർഡർ ഓഫ് മാൾട്ട എന്ന സംഘടനയുടെ പൊതുസമ്മേളനത്തിന് കഴിഞ്ഞ ദിവസം നൽകിയ സന്ദേശത്തിലൂടെ, അവർക്ക് നൽകപ്പെട്ട പുതുക്കിയ ഭരണഘടനയോട് വിശ്വസ്തതയോടെ ജീവിക്കാനും, അംഗങ്ങൾ തമ്മിലുള്ള ഐക്യത്തിലൂടെ അവർ നൂറ്റാണ്ടുകളായി ചെയ്തുവരുന്ന കാരുണ്യപ്രവർത്തികൾ വിശ്വസനീയമായ സാക്ഷ്യമാക്കി മാറ്റാനും ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടു. സുവിശേഷത്തിൽ അടിസ്ഥാനമിട്ട ഒരു പുതുജീവൻ, സമൂഹത്തിൽ ഏറ്റവും അവസാനസ്ഥാനത്ത് നിൽക്കുന്നവരോടുളള സ്നേഹം തുടങ്ങിയ ചിന്തകളാണ് കുറച്ചു നാളുകൾക്ക് ശേഷം കഴിഞ്ഞ ദിവസം ആരംഭിച്ച പൊതുസമ്മളനത്തെ നയിക്കുന്നത്.

ലൗകികതയ്‌ക്കെതിരെ പ്രവർത്തിക്കുക

 

ഏതാണ്ട് ഒരു സഹസ്രാബ്ദത്തോളമെത്തുന്ന മാള്‍ട്ടയുടെ പരമോന്നത മിലിട്ടറി സഖ്യത്തിന്റെ സേവനത്തിന് പാപ്പാ തന്റെ സന്ദേശത്തിലൂടെ നന്ദി പറഞ്ഞു. അഭയാർഥികളായി വിവിധ രാജ്യങ്ങളിൽനിന്ന് എത്തുന്ന ആളുകൾക്കും, യുദ്ധത്തിന്റെ ഭീകരതയിൽ കഴിയുന്ന ഉക്രൈൻ ജനതയ്ക്കും ഈ സംഘം നൽകുന്ന സേവനങ്ങൾ പ്രത്യേകം പരാമർശിക്കപ്പെട്ടു. കൂടുതൽ നീതിയുക്തകമായ ഒരു ലോകം കെട്ടിപ്പടുക്കാൻ സുവിശേഷത്തിന്റേതല്ലാതെ മറ്റു വഴികൾ ഇല്ലെന്ന് പാപ്പാ എഴുതി. ആളുകളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ആവശ്യങ്ങളിൽ സഹായത്തിനെത്തുന്നതാണ് ഈ സംഘടനയുടെ പ്രത്യേകതയെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ലൗകികവും സ്വാർത്ഥപരവുമായ ഉപഭോക്തൃസംസ്കാരത്തെ, നിങ്ങളുടെ മാതൃകാപരമായ ജീവിതവും കാരുണ്യപ്രവൃത്തികളും കൊണ്ട് നേരിടുക എന്നതാണ് സംഘം നേരിടുന്ന വെല്ലുവിളി എന്ന് പാപ്പാ എടുത്തുപറഞ്ഞു.

നിയമവും ഐക്യവും

കാരുണ്യപ്രവർത്തികളിൽ, സുവിശേഷവുമായി ജീവിതത്തിനുള്ള നല്ല ബന്ധം സ്വാധീനം ചെലുത്തുന്നത് ആവശ്യമാണെന്ന് പാപ്പാ ഓർമിപ്പിച്ചു. വിശ്വാസം ഇല്ലാത്ത കാരുണ്യപ്രവർത്തികൾ മനുഷ്യസ്നേഹത്താൽ മാത്രം നയിക്കപ്പെടുന്നവയായിരിക്കും. ഓർഡർ ഓഫ് മാൾട്ടയിലെ മൂന്ന് വിഭാഗം അംഗങ്ങൾക്കും നീണ്ട പഠനങ്ങളുടെയും തയ്യാറെടുപ്പുകളുടെയും ഫലമായ പുതിയ ഭരണഘടനയുടെ അനുവർത്തനം വഴി ജീവിതപ്പൊരുത്തം ഉണ്ടാകണമെന്ന് പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടു. പൂർണ്ണമായ ഒരുമയില്ലാതിരുന്ന ഒരു കാലത്തുനിന്ന്, എല്ലാക്കാര്യങ്ങളിലും പുതിയ ഒരു ക്രമം കൊണ്ടുവരുവാൻ പുതിയ ഈ നിയമങ്ങൾക്ക് സാധിക്കുമെന്നും, ഒരു ആത്മീയ നവീകരണത്തിനും, കാരുണ്യപ്രവർത്തികൾക്കും ഇത് സഹായിക്കുമെന്നും അതുവഴി സംഘത്തിന്റെ ഐക്യം ശക്തിപ്പെടുത്തുമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

ഐക്യം ബലപ്പെടുത്തുക

ഐക്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തന്റെ സുദീർഘമായ സന്ദേശത്തിൽ ആവർത്തിച്ച പാപ്പാ, കഴിഞ്ഞ കാലങ്ങളിൽ ഈ സമൂഹം കടന്നുപോയ ബുദ്ധിമുട്ടുകളുടെ അനുഭവങ്ങളെ അതിജീവിച്ച്, പരസ്പരം ക്ഷമിക്കാനും, അനുരഞ്ജനപ്പെടാനും ഏവരുടെയും മനസാക്ഷിയോട് ആവശ്യപ്പെട്ടു. ക്ഷമയെന്ന കരുണയാകട്ടെ നിങ്ങളുടെ ജീവിതങ്ങളുടെ പ്രത്യേകത എന്ന് പാപ്പാ ആശംസിച്ചു. സമൂഹത്തിൽ മെച്ചപ്പെട്ട ഒരു ജീവിതം നയിക്കാനായി പരസ്പര ഐക്യം ശക്തിപ്പെടുത്താൻ പാപ്പാ ഉദ്‌ബോധിപ്പിച്ചു. അങ്ങനെയുള്ള ഒരു സാക്ഷ്യമില്ലെങ്കിൽ സംഘത്തിന്റെ പ്രവർത്തികൾ വിശ്വസനീയമായിരിക്കില്ലെന്നും പാപ്പാ ഓർമ്മിപ്പിച്ചു. പുൽക്കൂട്ടിലും, കുരിശിലും ആയിക്കൊണ്ട് എളിമയിൽ വാഴുന്ന ക്രിസ്തുവിന്റെ ജീവിതമാകട്ടെ ഓരോ ഓർഡർ ഓഫ് മാൾട്ട അംഗങ്ങളുടേതും എന്ന് പാപ്പാ ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 January 2023, 17:01