തിരയുക

ദൈവവചന ഞായറാഴ്ച്ചയിലെ വിശുദ്ധബലിയിൽനിന്ന് ദൈവവചന ഞായറാഴ്ച്ചയിലെ വിശുദ്ധബലിയിൽനിന്ന്  (Vatican Media)

ദൈവവചനം എല്ലാവർക്കും സ്വന്തം: ഫ്രാൻസിസ് പാപ്പാ

ജനുവരി ഇരുപത്തിരണ്ടാം തീയതി കത്തോലിക്കാസഭ ദൈവവചനത്തിന്റെ ഞായർ ആയി ആഘോഷിക്കുന്നു.തദവസരത്തിൽ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകുകയും വചനസന്ദേശം നൽകുകയും ചെയ്തു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ദൈവവചന ഞായറാഴ്ച്ച ആഘോഷം ഭക്തിനിർഭരമായി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ജനുവരി ഇരുപത്തിരണ്ടാം തീയതി ഫ്രാൻസിസ് പാപ്പായുടെ കാർമികത്വത്തിൽ നടത്തപ്പെട്ടു. കർമ്മങ്ങളിൽ ഏകദേശം അയ്യായിരത്തിനുമേൽ വിശ്വാസികൾ പങ്കെടുത്തു.അന്നേദിവസം പാപ്പാ  വായനയ്ക്കായുള്ള ഏതാനും സഭാശുശ്രൂഷകരെയും (lectors), മതാധ്യാപകരെയും ഔദ്യോഗികമായി നിയോഗിച്ചു.

തന്റെ സുവിശേഷസന്ദേശത്തിൽ ദൈവവചനം പ്രസംഗിക്കുവാൻ വിശ്വാസികൾക്കുള്ള കടമയും, വിളിയും പാപ്പാ ഓർമ്മിപ്പിച്ചു. സുവിശേഷം ക്രിസ്തുവിന്റെ അവതരിപ്പിക്കുന്നത് എപ്പോഴും യാത്രയിലായിരിക്കുന്ന ഒരു വ്യക്തിയായിട്ടാണ്. അതുപോലെ തന്നെ ജീവിതത്തിന്റെ തീർത്ഥാടനയാത്രയിൽ പങ്കുചേർന്നു കൊണ്ട് മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലുവാനും അവരെ ദൈവികസ്നേഹത്തിന്റെ സുവിശേഷം അറിയിക്കാനുമുള്ള  വലിയ ഉത്തരവാദിത്വമാണ് നമുക്കുള്ളതെന്നും പാപ്പാ എടുത്തുപറഞ്ഞു.

ഈ സുവിശേഷം അനുഭവിക്കുവാൻ ക്രിസ്തു എല്ലാവരെയും ക്ഷണിക്കുന്നു, അതിനാൽ ദൈവവചനം നാം സ്വന്തമാക്കണമെന്നും, അത് പ്രദാനം ചെയ്യുന്ന നിത്യരക്ഷ മറ്റുള്ളവർക്ക് സംലഭ്യമാക്കണമെന്നും പാപ്പാ അടിവരയിടുന്നു.ദൈവവചനം നമ്മിൽ നിന്നും ആവശ്യപ്പെടുന്ന മാനസാന്തരത്തിന്റെ വിളിയും പാപ്പാ ഓർമ്മിപ്പിച്ചു. സുവിശേഷം ജീവിതത്തിൽ സ്വീകരിക്കുന്ന ഓരോവ്യക്തിയിലും ഹൃദയത്തിന്റെയും മനസാന്തരത്തിന്റെയും മാറ്റം പ്രകടമാണെന്നും പാപ്പാ പറഞ്ഞു.

അതിനാൽ ദൈവവചനത്തിനു സ്വയം വിധേയരായി ജീവിക്കണമെന്നും, തദനുസരണം നമ്മുടെ ജീവിതത്തിന്റെ ഗതിയിൽ മാറ്റം വരുത്തിക്കൊണ്ട് സുവിശേഷം പ്രസംഗിക്കുന്ന, ജീവിക്കുന്ന വ്യക്തികളായി ഓരോരുത്തരും  മാറണമെന്നും പാപ്പാ  എടുത്തുപറഞ്ഞു. ഇന്നത്തെ സുവിശേഷഭാഗം ഓർമ്മപ്പെടുത്തുന്ന മനുഷ്യരെ പിടിക്കുന്നവരാക്കാം എന്ന ക്രിസ്തുവിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്. വലയെയും, വള്ളത്തെയും, മത്സ്യബന്ധനത്തെയും കുറിച്ചുള്ള അറിവിനേക്കാൾ മറ്റുള്ളവരെക്കുറിച്ചുള്ള ജ്ഞാനത്തിലേക്കും, അവരെ ദൈവികസ്നേഹത്തിലേക്ക് അടുപ്പിക്കാനുള്ള വിളിയാണ് ഈ വാക്കുകളിൽ വെളിപ്പെടുന്നത്, പാപ്പാ പറഞ്ഞു.അതിനാൽ സഹോദരങ്ങളിലേക്ക് നാം ഇറങ്ങിച്ചെന്നുകൊണ്ട് സുവിശേഷം എല്ലാവരിലേക്കും എത്തുവാൻ നമ്മുടെ  ജീവിതം ഉഴിഞ്ഞുവയ്ക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 ജനുവരി 2023, 18:20