ശാസനകൾ സ്വീകരിച്ച് ജീവിതപരിവർത്തനത്തിന് തയ്യാറാകുക: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ജനുവരി 25-ന് വൈകുന്നേരം റോമൻ മതിലുകൾക്ക് പുറത്തുള്ള വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള ബസലിക്കയിൽ വച്ച്, ക്രൈസ്തവ ഐക്യ പ്രാർത്ഥനാവാരത്തിന്റെ പരിസമാപ്തിയും, വിശുദ്ധ പൗലോസിന്റെ ജീവിതത്തിൽ ദമാസ്കസിലേക്കുള്ള യാത്രയിൽ യേശുവിന്റെ ഇടപെടലിലൂടെ ഉണ്ടായ മാനസാന്തരത്തിന്റെ തിരുനാൾ ദിനവും ഒരുമിച്ച് ആഘോഷിക്കുന്ന വേളയിൽ നടന്ന പ്രാർത്ഥനയ്ക്കിടയിൽ ഫ്രാൻസിസ് പാപ്പാ നടത്തിയ പ്രഭാഷണത്തിൽ, ജീവിതത്തിൽ ശാസനകൾ സ്വീകരിക്കാൻ തയ്യാറാകാനും, അവയനുസരിച്ച് മാനസാന്തരത്തിന്റെ പാതയിലേക്ക് മാറാനും ഒപ്പം ഒരുമിച്ച് പ്രവർത്തിച്ച് ക്രിസ്തു ആഗ്രഹിക്കുന്ന പൂർണ്ണമായ ഐക്യത്തിലേക്ക് കടന്നുവരാനും ഫ്രാൻസിസ് പാപ്പാ ആഹ്വാനം ഉദ്‌ബോധിപ്പിച്ചു.
ശാസനകൾ
ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ (ഏശയ്യാ 1,12.13.15) ജനത്തിന്റെ അതിക്രമങ്ങൾക്ക് നേരെ കർത്താവിന്റെ കോപം ഉയരുന്നതിനെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, അതിന് രണ്ടു കാരണങ്ങളാണുള്ളതെന്ന് പാപ്പാ പറഞ്ഞു. ഒന്നാമതായി, ദേവാലയത്തിൽ ദൈവം ആഗ്രഹിക്കുന്നതല്ല നടക്കുന്നതെന്നും, ധൂപാർച്ചനയോ വഴിപാടുകളോ അല്ല, അടിച്ചമർത്തപ്പെട്ടവരെ സഹായിക്കുകയും, അനാഥന് നീതി ലഭിക്കുകയും വിധവയ്ക്കുവേണ്ടി വാദിക്കുകയും ചെയ്യുന്നതാണ് അവൻ ആഗ്രഹിക്കുന്നത് എന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ധനികരെയും, കൂടുതൽ സംഭാവനകൾ നൽകുന്നവരെയും ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവരായി കണക്കാക്കുന്നതും പാവപ്പെട്ടവരെ നിന്ദിക്കുന്നതും അന്നത്തെ സമൂഹത്തിൽ നിലനിന്നിരുന്നു എന്നും, ഇന്നും അത് തുടരുന്നു എന്നും പാപ്പാ ഓർമ്മിപ്പിച്ചു. എന്നാൽ അന്ത്യവിധിയെക്കുറിച്ചുള്ള ഭാഗത്ത് യേശു തന്നെത്തന്നെ പാവപ്പെട്ടവരെ ഭാഗ്യവാന്മാരെന്നു പറയുകയും, തന്നെത്തന്നെ വിശക്കുന്നവനും, ദാഹിക്കുന്നവനും, പരദേശിയും, രോഗിയും, തടവുകാരനും ആയാണ് കണക്കാക്കുന്നത്. ദൈവവിശ്വാസികൾ എന്ന് പറയുന്ന നാം ദൈവത്തിന്റെ കാഴ്ചപ്പാടുകളേക്കാൾ നമ്മുടെ കാഴ്ചപ്പാടുകൾക്ക് പ്രാധാന്യം കൊടുക്കുകയും, വിണ്ണിന്റെ വിധിയേക്കാൾ മണ്ണിന്റെ വിധിക്ക് പ്രാധാന്യം കൊടുക്കുകയും, ദൈവം പ്രാധാന്യം കൊടുക്കുന്നവരേക്കാൾ ബാഹ്യമായ ആചാരങ്ങൾക്ക് പ്രാധാന്യം കൊടുക്കുകയും ചെയ്യുമ്പോൾ ദൈവം വേദനിക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
രണ്ടാമതായി ദൈവത്തിന്റെ വാസസ്ഥലമായ മനുഷ്യർക്കെതിരെ നടക്കുന്ന പീഡനങ്ങളും ദ്രോഹങ്ങളും ദൈവത്തെ നിന്ദിക്കുന്നവയാണെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ക്രൈസ്തവർ എന്ന് അവകാശപ്പെടുന്നവർ തന്നെ നടത്തുന്ന യുദ്ധങ്ങളും അക്രമങ്ങളും കാണേണ്ടിവരുന്നത് എത്രമാത്രം വേദനയാണ് ഉളവാക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ ചോദ്യമുയർത്തി.
ഇന്നത്തെ സമൂഹത്തിൽ, ആധ്യാത്മിക, ദൈവശാസ്ത്രങ്ങളുടെ പുരോഗതിയിൽ, ക്രൈസ്തവർ എന്ന നിലയിൽ നമുക്ക് ഒഴികഴിവുകളില്ല എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. എന്നാൽ ഇന്നും, വിശ്വാസത്തിന്റെ പേരിൽ, അക്രമാസക്തമായ ദേശീയതയുടെയും വിദ്വേഷത്തിന്റെയും മനോഭാവം വച്ചുപുലർത്തുകയും, തങ്ങളിൽനിന്ന് വ്യത്യസ്തരായവരോട് മോശമായി പെരുമാറുകയും ചെയ്യുന്നവരുണ്ട് എന്ന് പാപ്പാ കൂട്ടിച്ചേർത്തു. എന്നാൽ നമ്മിലെ ദൈവകൃപ വിഫലമാകാതിരിക്കണമെങ്കിൽ, യുദ്ധങ്ങളെയും, അക്രമങ്ങളെയും അനീതിയെയും നാം എതിർക്കേണ്ടതുണ്ട്. "നന്മ പ്രവർത്തിക്കുവാൻ ശീലിക്കുവിൻ, നീതി അന്വേഷിക്കുവിൻ" (ഏശയ്യാ 1,17) എന്നാണ് തിരുവചനം നമ്മെ ഓർമ്മിപ്പിക്കുന്നത് എന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. തിന്മയെ അപലപിക്കുക മാത്രമല്ല, അത് ത്യജിച്ച് നന്മയിലേക്ക് മാറേണ്ട ആവശ്യമുണ്ട്. ഇതാണ് നമുക്ക് ആവശ്യമുള്ള മാറ്റം.
ജീവിതപരിവർത്തനം
തെറ്റുകൾ കണ്ടെത്തുക മാത്രമല്ല, അവ പരിഹരിക്കാനും ദൈവം ആവശ്യപ്പെടുന്നുണ്ട്. നമ്മുടെ പാപക്കറകൾ കഴുകിക്കളയാൻ ദൈവം തയ്യാറാണ് (ഏശയ്യാ 1, 18). എന്നാൽ ദൈവത്തോടൊപ്പമല്ലെങ്കിൽ നമ്മുടെ തെറ്റിദ്ധാരണകളിൽനിന്നും നമ്മിലെ അക്രമവാസനയിൽനിന്നും തനിയെ പുറത്തുവരാൻ നമുക്ക് സാധിക്കില്ല എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. വിശുദ്ധ പൗലോസിന്റെ ജീവിതവും ഇതുതന്നെയാണ് നമുക്ക് കാണിച്ചുതരുന്നതെന്ന് പറഞ്ഞ പാപ്പാ, ദൈവത്തിന് എല്ലാം സാധ്യമാണെന്നും, അവനോടൊത്ത് ഒരുമിച്ച് നിന്നാൽ നമുക്കും അത് സാധ്യമാകുമെന്നും പറഞ്ഞു. പരിവർത്തനത്തിന് സാമൂഹികമായ, സഭാപരമായ ഒരു ഭാവമുണ്ട്. എല്ലാത്തിനും ദൈവത്തിൽ ആശ്രയിക്കുന്നവരാണ് നാമെന്നും, ഒരേ കരുണയാണ് നമുക്ക് ആവശ്യമെന്നും, ദൈവത്തിന്റെ കൃപ നമുക്ക് ആവശ്യമുണ്ടെന്നും മനസ്സിലാക്കി മുന്നേറാൻ മതൈക്യസംവാദങ്ങൾ നമ്മെ സഹായിക്കട്ടെയെന്ന് പാപ്പാ കൂട്ടിച്ചേർത്തു. അങ്ങനെ നാം യഥാർത്ഥത്തിൽ ഒന്നായി, സഹോദരങ്ങൾ ആയി മാറും (യോഹ. 17, 21).
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരിക്കുന്ന വിശ്വാസികൾ പരിശുദ്ധാത്മാവിൽ മറ്റുള്ളവരുമായി സഹവർത്തിത്വത്തിലാണെന്ന വ്യത്യസ്തമായ ഒരു വീക്ഷണത്തിലേക്ക് കടന്നുവരുന്നത് മനോഹരമാണ്. കത്തോലിക്കാസഭയുടെ സിനഡൽ യാത്രയിൽ, മറ്റു പാരമ്പര്യങ്ങളിൽപ്പെട്ട ക്രൈസ്തവരും ശ്രദ്ധയോടെ അനുഗമിക്കുന്നു എന്നതിൽ പാപ്പാ സന്തോഷം പ്രകടിപ്പിച്ചു. ബെനഡിക്ട് പതിനാറാമൻ പാപ്പാ എഴുതിയതുപോലെ, ദൈവവുമായുള്ള ആഴത്തിലുള്ള ഒരു അടുപ്പത്തിൽനിന്നുകൊണ്ടേ പരിശുദ്ധാത്മാവിൽ ഒരുമിച്ച് വളരുവാനും പരിവർത്തനം ചെയ്യപ്പെടുവാനും സാധിക്കുകയുള്ളൂ എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. അങ്ങനെ സ്വന്തം കണ്ണുകളേക്കാൾ യേശുവിന്റെ കണ്ണുകളിലൂടെ മറ്റുള്ളവരെ നോക്കാനും, അവന്റെ സുഹൃത്തുക്കളെ എന്റെ സുഹൃത്തുക്കളായി കാണാനും നമുക്ക് സാധിക്കും (Deus caritas est, 18).
പ്രാർത്ഥനയും വളർച്ചയും.
നമ്മുടെ ജീവിതപരിവർത്തനത്തിനായി വിശുദ്ധ പൗലോസ് നമ്മെ സഹായിക്കട്ടെ എന്ന് പാപ്പാ ആശംസിച്ചു. എല്ലാ ക്രൈസ്തവരും ഏക സഭയുടെ ഐക്യത്തിൽ ഒരേ കുർബാനയുടെ ആഘോഷത്തിൽ, ക്രിസ്തു മുൻപേതന്നെ തന്റെ സഭയ്ക്ക് നൽകിയ ഐക്യത്തോടെ പങ്കെടുക്കാൻ സാധിക്കുകയെന്ന (Decr. Unitatis redintegratio, 4) പ്രതീക്ഷയെ മറന്ന്, സ്വന്തം കൂട്ടായ്മയ്ക്കായി മാത്രം പ്രവർത്തിക്കുക എന്നത് എളുപ്പമാണ്. എന്നാൽ ഐക്യത്തിന്റെ ആ ഒരു ദിനത്തിനായി നമുക്ക് യേശുവിൽ നമ്മുടെ വിശ്വാസമർപ്പിക്കാമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. "എന്റെ കൃപ നിങ്ങൾക്കു മതി" (2 കോറി 12:9) എന്ന വിശുദ്ധ പൗലോസിനോടുള്ള യേശുവിന്റെ വാക്കുകൾ നമ്മോടും അവൻ പറയുന്നതായി നമുക്ക് കേൾക്കാം എന്നത് നമുക്ക് ആശ്വാസം നൽകുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.
വചനം തന്നിൽ ഉണർത്തിയ ഈ ചിന്തകൾ സാഹോദര്യത്തിന്റെ ചിന്തയോടെ പങ്കുവയ്ക്കാനാണ് താൻ ആഗ്രഹിച്ചതെന്ന് പറഞ്ഞ പാപ്പാ, ദൈവത്താൽ പ്രബോധനവും തിരുത്തലും സ്വീകരിച്ച്, മാറ്റങ്ങൾ വരുത്തുവാനും, പ്രാർത്ഥനയിലും സേവനത്തിലും, സംവാദങ്ങളിലും, ഒരുമിച്ച് പ്രവർത്തിക്കുന്നതിലും ഒരുമിച്ച് നിന്ന്, ക്രിസ്തു ആഗ്രഹിച്ച പരിപൂർണ്ണ ഐക്യത്തിലേക്ക് വളരാൻ നമുക്ക് സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. പ്രാർത്ഥനയിൽ സംബന്ധിച്ച വിവിധ ക്രൈസ്തവസഭകളുടെ പ്രതിനിധികൾക്ക് നന്ദി പറഞ്ഞ പാപ്പാ, ദൈവം നമുക്ക് മുന്നിൽ വയ്ക്കുന്ന ഐക്യത്തിന്റെ പാതയിൽ മുന്നേറാമെന്ന വാക്കുകളോടെയാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: