തിരയുക

സിസ്റ്റെയിൻ കപ്പേളയിൽ കുഞ്ഞുങ്ങൾക്ക് മാമ്മോദീസ നൽകുന്ന ഫ്രാൻസിസ് പാപ്പാ സിസ്റ്റെയിൻ കപ്പേളയിൽ കുഞ്ഞുങ്ങൾക്ക് മാമ്മോദീസ നൽകുന്ന ഫ്രാൻസിസ് പാപ്പാ  (ANSA)

ജ്ഞാനസ്നാന ദിവസം നമുക്ക് ജന്മദിനം തന്നെയാണ് ഫ്രാൻസിസ് പാപ്പ

ഞായറാഴ്ച ഈശോയുടെ മാമോദീസ തിരുനാളിന്റെ അനുസ്മരണത്തോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പ വത്തിക്കാനിലെ സിസ്റ്റെയിൻ കപ്പേളയിൽ കുഞ്ഞുങ്ങൾക്ക് മാമ്മോദീസ പരികർമ്മം ചെയ്തു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഓരോവർഷവും ഈശോയുടെ മാമോദീസ അനുസ്മരിക്കുന്ന പ്രത്യക്ഷീകരണത്തിരുനാൾ കഴിഞ്ഞുവരുന്ന ഞായറാഴ്ച്ച മാർപ്പാപ്പ കുഞ്ഞുങ്ങൾക്ക് മാമോദീസ നൽകാറുണ്ട്. ഈ വർഷവും സിസ്റ്റെയിൻ കപ്പേളയിൽ വച്ച് ലളിതമായി നടത്തപ്പെട്ട ചടങ്ങിൽ പതിമൂന്നു കുഞ്ഞുങ്ങൾക്ക് ജ്ഞാനസ്നാനം നൽകുകയുണ്ടായി. തദവസരത്തിൽ മാമോദീസയ്ക്കുവേണ്ടി കുഞ്ഞുങ്ങളെ കൂട്ടിക്കൊണ്ടു വന്ന മാതാപിതാക്കളെ പരിശുദ്ധപിതാവ് അഭിനന്ദിച്ചുകൊണ്ട് അവർക്കു നന്ദി പറഞ്ഞു.

തുടർന്ന് സന്ദേശത്തിൽ ജന്മദിനം പോലെതന്നെ നമ്മുടെ ജീവിതത്തിൽ എന്നും ഓർമ്മിക്കുന്ന ദിനമാണ് ജ്ഞാനസ്നാനദിവസം എന്ന് പറഞ്ഞ പാപ്പാ കുഞ്ഞുങ്ങളെ ഈ ദിവസം ഓർമ്മിക്കാൻ പഠിപ്പിക്കണമെന്ന് മാതാപിതാക്കളെ ഓർമ്മിപ്പിച്ചു. ജ്ഞാനസ്നാനമാതാപിതാക്കളെയും അവർ ഏറ്റെടുക്കുവാൻ പോകുന്ന വലിയ ഉത്തരവാദിത്വത്തെയും മാർപാപ്പ എടുത്തു പറഞ്ഞു. തങ്ങളുടെ ഇനിയുള്ള ജീവിതത്തിൽ ഏറ്റവും ശക്തിയായിരിക്കേണ്ട പ്രാർത്ഥനകൾ അവരെ പഠിപ്പിക്കണമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

നമ്മോട് എന്നും ചേർന്ന് നിന്നുകൊണ്ട് നമ്മുടെ ഏത് ആവശ്യങ്ങളിലും സഹായിക്കുന്ന പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി പ്രാർത്ഥിക്കണമെന്നും മാർപ്പാപ്പ ഓർമിപ്പിച്ചു. നമ്മൾ ക്രിസ്ത്യാനികൾ ആണെന്നുള്ള ബോധ്യം എപ്പോഴും നമ്മിൽ ഉണർത്തിക്കൊണ്ട് നമ്മെ മുൻപോട്ടുനയിക്കുന്നതിൽ പരിശുദ്ധ 'അമ്മ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും പാപ്പാ പറഞ്ഞു.

തുടർന്ന് നർമരസത്തോടുകൂടി കുഞ്ഞുങ്ങളെ അവരുടെ സ്വാതന്ത്ര്യത്തിൽ കരയാൻ അനുവദിക്കണമെന്നും ഇന്ന് അവരുടെ ആഘോഷ ദിവസമാണെന്നും പറഞ്ഞ ഫ്രാൻസിസ് മാർപ്പാപ്പ അവരോടൊപ്പം അവരുടെ വിശ്വാസജീവിതത്തിൽ പങ്കാളികളായിക്കൊണ്ട് അവരുടെ ആഘോഷത്തിൽ പങ്കെടുക്കണമെന്നും കൂടിയിരുന്നവരെ ഓർമിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 January 2023, 16:06