തിരയുക

ഫ്രാൻസിസ് പാപ്പാ മേജർ ആർച്ച്ബിഷപ് സ്വിയത്തോസ്ളാവ് ഷെവ്‌ചുക്കിനെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പാ മേജർ ആർച്ച്ബിഷപ് സ്വിയത്തോസ്ളാവ് ഷെവ്‌ചുക്കിനെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ - ഫയൽ ചിത്രം 

ഉക്രൈനുവേണ്ടി വീണ്ടും പ്രാർത്ഥനകൾ അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പായും ഉക്രൈനിലെ കത്തോലിക്കാസഭയും

ജനുവരി 11 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതു കൂടിക്കാഴ്ചാവേളയിൽ, ഉക്രൈൻ ജനതയ്ക്കുവേണ്ടി ഫ്രാൻസിസ് പാപ്പാ പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കഠിനമായ പീഡനങ്ങളിലൂടെ കടന്നുപോകുന്ന ഉക്രൈനെ മറക്കാതിരിക്കാമെന്നും, ദുരിതങ്ങളിലൂടെ കടന്നുപോകുന്ന അവിടുത്തെ ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാമെന്നും ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു. ജനുവരി 11 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതു കൂടിക്കാഴ്ചാവേളയിൽ ആളുകളെ ഇറ്റാലിയൻ ഭാഷയിൽ അഭിസംബോധന ചെയ്യവെയാണ് ഉക്രയിൻജനതയ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ ഏവരോടും ആവശ്യപ്പെട്ടത്.

ബെലാറസ് രാജ്യത്ത്, ജനതകളുടെ മാതാവ് എന്ന പേരിൽ അറിയപ്പെടുന്ന പരിശുദ്ധ അമ്മയുടെ ഐക്കണിന് മുൻപിൽ ഉക്രൈനുവേണ്ടിയും സമാധാനത്തിനുവേണ്ടിയും താൻ പ്രാർത്ഥിക്കുമെന്ന് അറിയിച്ച പാപ്പാ, ആത്മീയമായി ഈ പ്രാർത്ഥനയിൽ ചേരാൻ ഏവരെയും ആഹ്വാനം ചെയ്തു. ഉക്രൈൻ ജനതയ്ക്ക് തങ്ങളുടെ സാമീപ്യവും പ്രാർത്ഥനകളും ഉറപ്പുനൽകാനും പാപ്പാ ആവശ്യപ്പെട്ടു.

അതേസമയം, ഉക്രൈനുമേൽ റഷ്യ നടത്തിവരുന്ന അധിനിവേശത്തിന്റെ 321 ദിനങ്ങൾ പിന്നിടുമ്പോഴും ഉക്രൈന്റെ അതിർത്തിപ്രദേശങ്ങളിൽ റഷ്യ ഇപ്പോഴും കടുത്ത ആക്രമണം തുടരുന്നുവെന്നും, ബാഖ്‌മുട് നഗരത്തിന് വടക്കുഭാഗത്തുള്ള സോളെദാർ പ്രദേശത്ത് ഇപ്പോൾ റഷ്യ പുതുതായി ആക്രമണങ്ങൾ ആരംഭിച്ചുവെന്നും ഉക്രൈനിലെ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവൻ മേജർ ആർച്ച്ബിഷപ് സ്വിയത്തോസ്ളാവ് ഷെവ്‌ചുക്ക് അറിയിച്ചു.

ഉക്രൈനിലെ വിവിധ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ഡോൺബാസ്, ബാഖ്‌മുട് നഗരം എന്നിവിടങ്ങളിൽ റഷ്യൻ സൈന്യം കടുത്ത ആക്രമണം തുടരുകയാണെന്ന് ജനുവരി പത്തിന് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെയാണ് ഉക്രൈനിലെ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവൻ മേജർ ആർച്ച്ബിഷപ് സ്വിയത്തോസ്ളാവ് ഷെവ്‌ചുക്ക് അറിയിച്ചത്. ഡോൺബാസ്, ബാഖ്‌മുട് എന്നിവയ്ക്ക് പുറമെ, ബാഖ്‌മുട് നഗരത്തിന് വടക്കുള്ള  സോളെദാർ പ്രദേശത്ത് റഷ്യ പുതുതായി ആക്രമണങ്ങൾ ആരംഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഉക്രൈൻ ചെറുത്തുനിൽപ്പിന്റെ പ്രതീകങ്ങളായാണ് ഡോൺബാസ്, ബാഖ്‌മുട് നഗരം എന്നിവ ഇപ്പോൾ ലോകത്ത് അറിയപ്പെടുന്നതെന്നും മേജർ ആർച്ച്ബിഷപ് ഷെവ്‌ചുക്ക് കൂട്ടിച്ചേർത്തു.

ഉക്രൈൻ റിപ്പോർട്ടുകൾ പ്രകാരം, സോളെദാർ നഗരത്തിൽ റഷ്യ കടുത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. ആ നഗരം ഇപ്പോൾ പൂർണ്ണമായും തകർക്കപ്പെട്ടുവെന്നും, നിരവധി റഷ്യൻ അധിനിവേശക്കാരുടെ മൃതദേഹങ്ങളാണ് അവിടെയുള്ളതെന്നും പറഞ്ഞ ഗ്രീക്ക് കത്തോലിക്കാ സഭാ മേലധ്യക്ഷൻ, സൈനികരുടെ ജീവനും അന്തസ്സും പാടെ അവഗണിച്ചുകൊണ്ട്, തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങൾ നേടാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. റഷ്യൻ വിഭ്രാന്തിയുടെ ചിത്രമാണ് ഇന്ന് സോളെദാർ പ്രതിനിധാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനനിബിഡപ്രദേശങ്ങളിൽ പോലും ബോംബാക്രമണങ്ങൾ നടത്തുകയാണ് റഷ്യയെന്ന് തന്റെ വീഡിയോ സന്ദേശത്തിൽ കുറ്റപ്പെടുത്തിയ അഭിവന്ദ്യ ഷെവ്‌ചുക്ക്, കച്ചവടസ്ഥലങ്ങളിലും, ജനങ്ങൾ ഒരുമിച്ച് ചേരുന്ന ഇടങ്ങളിലും പോലും ആക്രമണങ്ങൾ ഉണ്ടാകുന്നതായി വ്യക്തമാക്കി. ഖാർക്കിവിന്റെ കിഴക്കൻ പ്രദേശങ്ങൾ, ഖെർസൺ മേഖല, കരിങ്കടൽ തീരത്തുള്ള ഒച്ചകിവ് നഗരം എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണമുണ്ടായി.

ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ദിനങ്ങളിലൂടെ കടന്നുപോകുന്ന ഉക്രൈൻ ജനത, പ്രതീക്ഷ കൈവെടിയാതെ തങ്ങളുടെ നിലനിൽപ്പിനുവേണ്ടി പ്രതിരോധം തുടരുകയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 January 2023, 15:11