കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക്ക് - അപ്പസ്തോലിക യാത്രയുടെ വെളിച്ചത്തിൽ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
കോംഗോയിലേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ ആദ്യയാത്രയാണിത്. ഇതിനു മുൻപ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ രണ്ടു തവണ കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലെത്തിയിരുന്നു. 1980-ലും 1985-ലുമാണ് അദ്ദേഹം ഈ രാജ്യം സന്ദർശിച്ചത്. നേരത്തെ തീരുമാനിച്ചതിൽനിന്ന് വ്യത്യസ്തമായി, കോംഗോയുടെ വടക്കുഭാഗത്തേക്ക് ഫ്രാൻസിസ് പാപ്പാ ഇത്തവണ യാത്ര ചെയ്യില്ല.
"ഏവരും ക്രിസ്തുവിൽ അനുരഞ്ജിതർ" എന്നതാണ് ഫ്രാൻസിസ് പാപ്പായുടെ ഇത്തവണത്തെ അപ്പസ്തോലികയാത്രയിലെ ആദ്യപദമായ കോംഗോയിൽ നടത്തുന്ന സന്ദർശനത്തിന്റെ ആപ്തവാക്യം.
പൊതുവിവരക്കണക്കുകൾ
മധ്യ ആഫ്രിക്ക, തെക്കൻ സുഡാൻ, ഉഗാണ്ട, റുവാണ്ട, ബുറുണ്ടി, താൻസാനിയ, സാംബിയ, അംഗോള, കോംഗോ റിപ്പബ്ലിക് എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന, ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ തന്നെ രണ്ടാമത്തെ വലിയ രാജ്യമാണ് കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക്. സ്ഥലവിസ്തൃതിയിൽ അൾജീരിയയാണ് ഒന്നാം സ്ഥാനത്ത്. പടിഞ്ഞാറുഭാഗത്ത് അറ്റ്ലാന്റിക് മഹാസമുദ്രത്തോട് ചേർന്നാണ് വലിപ്പത്തിൽ ലോകത്തിലെ തന്നെ പതിനൊന്നാമത്തെ രാജ്യമായ ഈ മധ്യ ആഫ്രിക്കൻ രാജ്യം സ്ഥിതിചെയ്യുന്നത്. 5.109 മീറ്റർ ഉയരമുള്ള റുവൻസോറി മലനിരയും, 2021-ൽ നിരവധി നാശനഷ്ടങ്ങളുണ്ടാക്കിയ നിരഗോങ്ങോ അഗ്നിപർവ്വതവും, വലിയ തടാകങ്ങളും ചേരുന്ന ഈ വലിയ രാജ്യത്തെ കാലാവസ്ഥയും ഏറെ വ്യത്യസ്തമാണ്.
1885 മുതൽ 1908 വരെ ബെൽജിയത്തെ രാജാവായിരുന്ന ലിയോപോൾഡ് രണ്ടാമൻ രാജാവിന്റെ കീഴിലും, പിന്നീട് ബെൽജിയം ഗവണ്മെന്റിന്റെ കീഴിലും ആയിരുന്ന കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക് 1960 ജൂൺ 30-നാണ് സ്വാതന്ത്ര്യം നേടിയത്. എന്നാൽ സ്വാതന്ത്ര്യത്തിന് ശേഷവും, വിദേശ ശക്തികളുടെ സ്വാധീനം മൂലവും, പ്രാദേശികമായ രക്തരൂക്ഷിത സംഘർഷങ്ങൾ മൂലവും ഈ രാജ്യം ഏറെ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോയത്. വിവിധ ജനവിഭാഗങ്ങൾ തമ്മിൽ നടന്ന സംഘർഷങ്ങളും, യുദ്ധങ്ങളും, അഴിമതിയും, രാജ്യത്തെ മൂന്നിൽ രണ്ടോളം ആളുകളെ ബാധിക്കുന്ന ദാരിദ്ര്യവും, എബോള, കോവിഡ് തുടങ്ങിയ വ്യാധികളും ചേർന്ന് ഈ രാജ്യത്തെ കുറച്ചൊന്നുമല്ല പിന്നോക്കാവസ്ഥയിൽ തളച്ചിടുന്നത്.
ഫ്രഞ്ചാണ് ഔദ്യോഗികഭാഷയെങ്കിലും മറ്റു നിരവധി ഭാഷകൾ ഇവിടെ നിലവിലുണ്ട്. 200-ഓളം വർഗ്ഗത്തിൽപ്പെട്ട ജനങ്ങൾ ഉൾക്കൊള്ളുന്ന 450 ഗോത്രങ്ങളാണ് രാജ്യത്തുള്ളത്. 2021 ഡിസംബർ 31-ലെ കണക്കുകൾ പ്രകാരം, ഏതാണ്ട് പത്തു കോടി അൻപത്തിരണ്ടു ലക്ഷത്തോളം (10.52.47.000) ആളുകളാണ് കോംഗോയിലുള്ളത്. അമ്പതു ശതമാനത്തോളം വരുന്ന കത്തോലിക്കർക്കും, ഇരുപത് ശതമാനം വരുന്ന പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾക്കും ഒപ്പം 10 ശതമാനത്തോളം വരുന്ന ഇസ്ലാം മതവിശ്വാസികളും അത്രത്തോളം തന്നെ വരുന്ന കിംബൻഗുസ്ഥി മതവിഭാഗക്കാരും ഇവിടെ വസിക്കുന്നു.
കത്തോലിക്കാസഭ
പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പോർച്ചുഗീസ് മിഷനറിമാരുടെ പ്രവർത്തനത്തോടെയാണ് രാജ്യത്ത് സുവിശേഷവത്കരണം ആരംഭിക്കുന്നത്. കോംഗോയിലെ ജനസംഖ്യയിൽ അഞ്ചുകോടി ഇരുപത്തിയൊന്ന് ലക്ഷത്തോളം കത്തോലിക്കാരാണ്. ജനസംഖ്യയുടെ ഏതാണ്ട് 49,6 ശതമാനം വരുമിത്. രാജ്യത്ത് അതിരൂപതകളും രൂപതകളും ഉൾപ്പെടെ 48 സഭാഘടകങ്ങൾ ഉണ്ട്. 2022 നവംബർ 30-ലെ കണക്കുകൾ പ്രകാരം കോംഗോയിൽ 62 മെത്രാന്മാരാണുള്ളത്. 4.216 രൂപതാവൈദികരും 1.946 സന്ന്യസ്തവൈദികരുമുൾപ്പെടെ 6.162 വൈദികരാണ് ഇവിടുത്തെ കത്തോലിക്കാസഭയിലുള്ളത്. ഇവരിൽ നല്ലൊരു ശതമാനവും രാജ്യത്തെ 1.637 ഇടവകകളിലും 8.694 വിശ്വാസകേന്ദ്രങ്ങളിലുമായി സേവനം ചെയ്യുന്നു. 10.525 സന്യസ്‌തകളും, 76.794 മതാധ്യാപകരും അടങ്ങുന്ന നല്ലൊരു സംഘം സഭാശുശ്രൂഷകർ ഇവിടുത്തെ വിശ്വാസപരിശീലനവും ക്രൈസ്തവസാക്ഷ്യത്തിന്റെ ജീവിതവും നയിക്കുന്നുണ്ട്. 4.123 മേജർ സെമിനാരിക്കാരാണ് കോംഗോയിലുള്ളത്. കോംഗോയിലെ കത്തോലിക്കാസഭ ഏതാണ്ട് 18.671 വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: