പ്രത്യക്ഷീകരണത്തിരുനാൾ ദൈവം നമുക്ക് സമ്മാനങ്ങൾ നൽകുന്ന ദിനം: ഫ്രാൻസിസ് മാർപ്പാപ്പ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ക്രിസ്തുവിന്റെ പ്രത്യക്ഷീകരണ തിരുനാളിൽ പതിനായിരക്കണക്കിന് ആളുകളാണ് വത്തിക്കാനിലെ പത്രോസിന്റെ ചത്വരത്തിൽ ത്രികാലജപത്തിനായി ഒന്നിച്ചത്. പല സ്ഥലങ്ങളിൽ നിന്നും എത്തിച്ചേർന്ന വിശ്വാസികൾക്കു പുറമെ ഇറ്റലിയിൽ ഇന്നേ ദിവസം അനുസ്മരിക്കുന്ന ഐതിഹ്യകഥാപാത്രമായ ബെഫാനയുടെ ഓർമകൾ ഉണർത്തികൊണ്ട് പല വേഷങ്ങളിലും,രൂപങ്ങളിലും റാലിയായി വത്തിക്കാനിലേക്ക് എത്തിച്ചേർന്ന ആളുകളും മാർപ്പാപ്പയുടെ ത്രികാലജപത്തിൽ പങ്കെടുത്തു.
ഇന്നേ ദിവസം കുട്ടികൾക്കും മുതിർന്നവർക്കും സമ്മാനങ്ങൾ നൽകുന്ന ദിനമായതിനാലും,പൂജരാജാക്കന്മാരുടെ കാഴ്ചസമർപ്പണത്തെ ഓർമ്മിപ്പിച്ചും മാർപാപ്പ തന്റെ സന്ദേശത്തിൽ പ്രധാനമായും മൂന്ന് സമ്മാനങ്ങളെകുറിച്ചാണ് പ്രതിപാദിച്ചത്.
വിളിയെന്ന മഹത്തായ ദാനം
ഒന്നാമത്തെ സമ്മാനമായി മാർപാപ്പ എടുത്തുകാണിക്കുന്നത് 'വിളി' എന്ന മഹത്തായ ദാനമാണ്.ദൈവത്തിന്റെ സ്വരം നമ്മുടെ ജീവിതത്തിൽ അനുഭവിക്കാൻ സാധിക്കുന്നത് നമ്മുടെ ചിന്തകളും,ബോധ്യങ്ങളുമെല്ലാം മഹനീയമാകുമ്പോഴാണ്. നമുക്ക് അറിയാൻ സാധിക്കാത്ത കാര്യങ്ങളിൽ പോലും ദൈവികമായ ഒരു പ്രവർത്തിക്ക് നമ്മെ തന്നെ വിട്ടുകൊടുക്കുമ്പോഴാണ് യഥാർത്ഥ ദൈവ വിളി തിരിച്ചറിയുവാൻ സാധിക്കുക.പഠനങ്ങൾക്കുമപ്പുറം തങ്ങൾക്ക് മനസിക്കാൻ സാധിക്കാതിരുന്ന നക്ഷത്രത്തിന്റെ നവീനത അവർക്ക് ലഭിച്ച വിളിയാണ് അതുകൊണ്ടാണ് അവർ യാത്ര പുറപ്പെടുന്നത്. നമ്മുടെ ജീവിതത്തിലും ഇപ്രകാരം ദൈവത്തിന്റെ വിളി അനുനിമിഷം കേൾക്കണമെന്ന് മാർപാപ്പ എടുത്തു പറയുന്നു.
തിരിച്ചറിയുവാനുള്ള ദാനം
രാജാവിനെ പറ്റി കേട്ടുകൊണ്ട് അവനെ അന്വേഷിച്ചു പുറപ്പെട്ട പൂജരാജാക്കന്മാർ ആദ്യം എത്തിച്ചേരുന്നത് ഹേറോദേസ് രാജാവിന്റെ അടുത്താണ്. എങ്കിലും തങ്ങൾ അന്വേഷിച്ച രാജാവ് ഹേറോദേസ് അല്ല എന്ന് തിരിച്ചറിയുന്ന മാത്രയിൽ വീണ്ടും അവരുടെ യാത്ര പുനരാരംഭിക്കുന്നു. ലോകത്തിന്റെ മായകളും, പ്രലോഭനങ്ങളും പലപ്പോഴും നമ്മുടെ വിവേചനശക്തിയെ ഇല്ലായ്മ ചെയ്യുന്നു. എന്നാൽ വിവേചശക്തിയെന്നത് ദൈവത്തിന്റെ മഹത്തായ ഒരു ദാനമാണ്.ദൈവീക വഴികളെ തിരിച്ചറിയുവാനും ആ വഴിയിലൂടെ നടക്കുവാനും വിവേചനമെന്ന പുണ്യം നമ്മെ സഹായിക്കുന്നു.
ആശ്ചര്യമെന്ന പുണ്യം
പലപ്പോഴും ജീവിതത്തിൽ നമ്മുടെ പ്രതീക്ഷകൾക്കും ചിന്തകൾക്കുമപ്പുറമാണ് ദൈവം നമുക്കായി കരുതിവയ്ക്കുന്ന ആശ്ചര്യകരമായ ദാനങ്ങൾ.രാജാവിനെ അന്വേഷിച്ചു പുറപ്പെട്ട പൂജരാജാക്കന്മാർ കണ്ടെത്തുന്നത് പിള്ളത്തൊട്ടിയിൽ മാതാപിതാക്കളുടെ നടുവിൽ കിടക്കുന്ന ഒരു ശിശുവിനെയാണ്. ഈ ചെറിയ അനുഭവവേദിയിലാണ് പലപ്പോഴും ദൈവം തന്റെ മഹത്വം വെളിവാക്കുന്നത്. എളിമയിലും, നിശ്ശബ്ദതയിലും, ഇല്ലായ്മയിലും, ദാരിദ്ര്യത്തിലുമാണ് പലപ്പോഴും ആശ്ചര്യകരമായി ദൈവം നമ്മെ കണ്ടുമുട്ടുന്നത്.മാർപാപ്പ എടുത്തു പറഞ്ഞു.
തുടർന്ന് ചത്വരത്തിൽ നിലയുറപ്പിച്ച വിശ്വാസികളെ അഭിസംബോധന ചെയ്ത പാപ്പാ നാളെ ക്രിസ്തുമസ് ആഘോഷിക്കുന്ന പൗരസ്ത്യ കത്തോലിക്കാ-ഓർത്തഡോക്സ് വിശ്വാസികൾക്ക് ആശംസകളർപ്പിച്ചു. ഉക്രൈനിലെ ദുരിതമനുഭവിക്കുന്ന ആളുകളും നാളെയാണ് ക്രിസ്തുവിന്റെ തിരുപിറവി ആഘോഷിക്കുന്നതെന്ന പ്രത്യേക പരാമർശവും നടത്തി. തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന പതിവ് അഭ്യർത്ഥനയും നടത്തിയ പാപ്പാ നല്ല ഒരു ഉച്ചഭക്ഷണവും ആശംസിച്ചുകൊണ്ട് മടങ്ങി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: