പാപ്പാ: രോഗം ഏകാന്തതയിലും പരിചരണത്തിൻറെ അഭാവത്തിലും ജീവിക്കേണ്ടിവരുമ്പോൾ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മാനവ ജീവിതാനുഭവത്തിൻറെ ഭാഗമായ രോഗത്തെ, പ്രായമേറുന്നതിനെപ്പോലും, നിരാകരിക്കാൻ ഇന്ന് വ്യാപകമായ കമ്പോള സംസ്ക്കാരം നമ്മെ നിർബന്ധിക്കുന്നുവെന്ന് മാർപ്പാപ്പാ.
ഇക്കൊല്ലം ഫെബ്രുവരി 11-ന് (11/02/23) ആചരിക്കപ്പെടുന്ന മുപ്പത്തിയൊന്നാം ലോക രോഗീദിനത്തിനുള്ള സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.
ചൊവ്വാഴ്‌ചയാണ് (10/01/23) പാപ്പായുടെ ഈ സന്ദേശം പരസ്യപ്പെടുത്തിയത്.
സുവിശേഷത്തിലെ നല്ല സമറിയക്കാരൻറെ ഉപമയിൽ കാണുന്ന, കവർച്ചചെയ്യപ്പെട്ട് വഴിയിൽ മുറിവേറ്റു കിടന്നയാളെ സത്രത്തിലെത്തിച്ചതിനു ശേഷം സത്രം സൂക്ഷിപ്പുകാരൻറെ കൈയ്യിൽ പണം കൊടുത്തിട്ട് മനുഷ്യ സ്നേഹിയായ സമറിയക്കാരൻ, പറയുന്ന “ ഇവൻറെ കാര്യം നോക്കിക്കൊള്ളണം” എന്ന വാക്യം ആണ് പാപ്പാ ഈ സന്ദേശത്തിൻറെ വിചിന്തന പ്രമേയമാക്കിയിരിക്കുന്നത്. അതിന് അനുബന്ധമായി പാപ്പാ, “അനുകമ്പ, രോഗശാന്തിയുടെ സിനഡാത്മക അഭ്യാസം എന്ന നിലയിൽ ” എന്ന് ചേർത്തിരിക്കുന്നു.
മനുഷ്യജീവിതത്തിൻറെ ഭാഗമായ രോഗം ഏകാന്തതയിലും പരിത്യക്തതയിലും പരിചരണത്തിൻറെയും അനുകമ്പയുടെയും അഭാവത്തിലും ജീവിക്കേണ്ടി വരുമ്പോൾ അത് മനുഷ്യോചിതമല്ലാത്തതായി ഭവിക്കുന്നുവെന്ന് പാപ്പാ പറയുന്നു. ഒത്തൊരുമിച്ചു ദൈവത്തിൻറെ ശൈലിയനുസരിച്ച് സഞ്ചരിക്കാൻ ബലഹീനതയുടെയും രോഗത്തിൻറെയും അനുഭവത്തിൽ നിന്ന് പഠിക്കാൻ നമുക്ക് കഴിയണമെന്നും സാമീപ്യവും സഹാനുഭൂതിയും ആർദ്രതയുമാണ് ദൈവത്തിൻറെ ശൈലിയെന്നും പാപ്പാ തൻറെ സന്ദേശത്തിൽ ഓർമ്മിപ്പിക്കുന്നു.
പ്രാർത്ഥിക്കുകയും സാമീപ്യം പ്രകടിപ്പിക്കുകയും മാത്രമല്ല, നൂതനമായ രീതിയിൽ ഒരുമയോടെ മുന്നേറാൻ ദൈവജനത്തിനും ആരോഗ്യസ്ഥാപനങ്ങൾക്കും പൗരസമൂഹത്തിനും അവബോധം ഉണ്ടാക്കുകയും ചെയ്യുക ലോക രോഗീദിനത്തിൻറെ ലക്ഷ്യമാണെന്ന് പാപ്പാ സന്ദേശത്തിൽ വ്യക്തമാക്കുന്നു.
അനുവർഷം ലൂർദ്ദ് നാഥയുടെ തിരുന്നാൾ ദിനമായ ഫെബ്രുവരി 11-നാണ് തിരുസഭ ലോക രോഗീദിനം ആചരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: