ക്രൈസ്തവ ഐക്യത്തിനായി പ്രാർത്ഥനകൾ ക്ഷണിച്ച് ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
"നന്മ പ്രവർത്തിക്കുവാൻ ശീലിക്കുവിൻ, നീതി അന്വേഷിക്കുവിൻ" എന്ന ചിന്താവിഷയത്തോടെ ആരംഭിച്ചിരിക്കുന്ന 2023-ലെ ക്രൈസ്തവഐക്യവാരത്തിലേക്ക് ഏവരുടെയും പ്രാർത്ഥനകൾ ഫ്രാൻസിസ് പാപ്പാ ക്ഷണിച്ചു. ജനുവരി പതിനെട്ട് ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതു കൂടിക്കാഴ്ച്ച വേളയുടെ അവസാനത്തിൽ ആളുകളെ ഇറ്റാലിയൻ ഭാഷയിൽ അഭിസംബോധന ചെയ്യവെയാണ് പാപ്പാ ക്രിസ്തുവിൽ വിശ്വസിക്കുന്നവർ, പൂർണ്ണമായ ഐക്യത്തിലേക്കുള്ള ഒരു നീക്കത്തെ കൂടുതലായി സ്ഥിരീകരിക്കുന്നതിനായി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടത്. ജീവിതത്തിന്റെ എല്ലാ ചുറ്റുപാടുകളിലും അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും ശിൽപികളാകുവാനായി പരിശ്രമിക്കാനും പാപ്പാ ഉദ്‌ബോധിപ്പിച്ചു.
ഇതേ ദിവസം ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലും ക്രൈസ്തവസഭകളുടെ ഐക്യത്തിന് വേണ്ടി അപേക്ഷിക്കുന്ന ഈ പ്രത്യേകദിനങ്ങളിലെ പ്രാർത്ഥനകൾ ശ്രവിക്കപ്പെടുവാനായി ഏവരുടെയും പ്രാർത്ഥനകൾ പാപ്പാ ആവശ്യപ്പെട്ടു. ഏശയ്യാ പ്രവാചകന്റെ പുസ്തകം ഒന്നാം അധ്യായം പതിനേഴാം വാക്യത്തിൽനിന്നെടുത്ത ഈ വചനഭാഗമാണ് ഇത്തവണത്തെ സഭൈക്യപ്രാർത്ഥനകൾക്ക് പ്രചോദനമാകുക. തന്റെ ജനത്തെ പരിപൂർണ്ണമായ ഐക്യത്തിന്റെ പാതയിലേക്ക് നയിക്കുന്ന ദൈവത്തിന് നന്ദി പറയാമെന്നും പാപ്പാ തന്റെ സന്ദേശത്തിൽ എഴുതി.
പാപ്പായുടെ ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇങ്ങനെയായിരുന്നു: "നന്മ പ്രവർത്തിക്കുവാൻ ശീലിക്കുവിൻ, നീതി അന്വേഷിക്കുവിൻ" (ഏശയ്യാ 1, 17) എന്ന പ്രതിപാദ്യവിഷയത്തോടെയുള്ള ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാർത്ഥനാവാരം ഇന്ന് ആരംഭിക്കുകയാണ്. തന്റെ ജനത്തെ വിശ്വസ്തതയോടെയും ക്ഷമയുടെയും പൂർണ്ണമായ ഐക്യത്തിലേക്ക് നയിക്കുന്ന കർത്താവിന് നമുക്ക് നന്ദി പറയാം". ക്രൈസ്തവ ഐക്യം (#ChristianUnity), ഒരുമിച്ച് പ്രാർത്ഥിക്കാം (#PrayTogether) എന്നീ ഹാഷ്ടാഗുകളോടെ ആയിരുന്നു പാപ്പായുടെ ട്വിറ്റർ സന്ദേശം.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
EN: Today the Week of Prayer for #ChristianUnity begins. This year's theme is: “Learn to do good; seek justice” (Is 1:17). Let us thank the Lord who faithfully guides his people towards full communion. #PrayTogether.
IT: Oggi inizia la Settimana di Preghiera per l’ #UnitàdeiCristiani, che ha come tema: «Imparate a fare il bene, cercate la giustizia» (Is 1,17). Ringraziamo il Signore che con fedeltà e pazienza guida il suo popolo verso la piena comunione. #PreghiamoInsieme.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: