എല്ലാ ചുറ്റുപാടുകളിലും സമാധാനം സംസ്ഥാപിക്കാൻ നാം വിളിക്കപ്പെട്ടരിക്കുന്നുവെന്ന് പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വിശ്വ ശാന്തി പരിതാപകരമായ അവസ്ഥയിലാണെന്നും ആകയാൽ എല്ലാ ചുറ്റുപാടുകളിലും സമാധാനം സംസ്ഥാപിക്കാൻ നാം വിളിക്കപ്പെട്ടരിക്കുന്നുവെന്നും മാർപ്പാപ്പാ.
പാർശ്വവൽകൃതരുടെയും ദുർബ്ബലരുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ ആംഹെൽ ഗർസീയ റോഡ്രീഗസ് എന്ന വൈദികനും ആംഹെൽ സിൽവ സാഞ്ചെസും ചേർന്ന് 1962-ൽ സ്പെയിനിൽ സ്ഥാപിച്ചതും 75 നാടുകളിൽ പ്രവർത്തനനിരതമായതുമായ “മെൻസഹെരോസ് ദെ ല പാസ്” (Mensajeros de la Paz) അഥവാ, “സമാധാന ദൂതർ” എന്ന സംഘടനയ്ക്ക് ഫ്രാൻസീസ് പാപ്പാ അടുത്തയിടെ അയച്ച ഒരു വീഡിയൊ സന്ദേശത്തിലാണ് ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.
ഈ പ്രസ്ഥാനം മാനവ-സാമൂഹ്യ പുരോഗതിക്കായി നടത്തുന പ്രവർത്തനങ്ങൾക്ക് പാപ്പാ നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്നു. ലോകത്തിന് ഇന്ന് ആവശ്യമായിരിക്കുന്ന സമാധാനം സംസ്ഥാപിക്കുന്നതിന് സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനു വേണ്ട സഹായഹസ്തം നീട്ടാൻ പാപ്പാ ഈ പ്രസ്ഥാനത്തിന് പ്രചോദനം പകരുന്നു.
ഈ പ്രസ്ഥാനത്തിലെ അംഗങ്ങൾ വചനപ്രവർത്തികൾ കൊണ്ട് നല്ല സന്ദേശമേകുകയും സ്നേഹത്തിൻറെ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യുന്നത് അനുസ്മരിച്ച പാപ്പാ പ്രവർത്തനങ്ങളും ഹൃദയവും സമന്വയിപ്പിച്ചുകൊണ്ട് സംസാരിക്കാൻ അവർക്കറിയാമെന്ന് ശ്ലാഘിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: