പൗരോഹിത്യത്തിൽ അവിരാമ പ്രാർത്ഥന അനിവാര്യം, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വൈദികർ പ്രാർത്ഥനാജീവിതം നയിക്കാൻ ബാദ്ധ്യസ്ഥരാണെന്ന് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.
സ്പെയിനിലെ ബർസെല്ലോണയിൽ നിന്നെത്തിയ വൈദികാർത്ഥികളും അവരുടെ പരിശീലകരും അടങ്ങിയ മുപ്പതംഗ സംഘത്തെ ശനിയാഴ്‌ച (10/12/22) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
വത്തിക്കാനിലെത്തി പാപ്പായുമായി കൂടിക്കാഴ്ച നടത്തുന്നതിനായി അവർ തങ്ങളുടെ മെത്രാപ്പോലിത്തായോട് നിരന്തരം അഭ്യർത്ഥിച്ചതിൻറെ ഫലമാണ് ഈ കൂടിക്കാഴ്ചയെന്ന് അനുസ്മരിച്ച പാപ്പാ, അവിരാമ പ്രാർത്ഥന അതിൻറെ ഫലങ്ങൾ പുറപ്പെടുവിക്കുമെന്ന് ഇതിൽ നിന്നു മനസ്സിലാക്കിക്കൊള്ളുവിൻ എന്ന് സരസരൂപേണ പറഞ്ഞു.
പരിശീലന കാലത്ത് വൈദികാർത്ഥികൾക്കുണ്ടാകാവുന്ന രണ്ട് പ്രലോഭനങ്ങളെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു. നിഷേധാത്മക അനുഭവങ്ങൾ കണക്കിലെടുത്ത് മോശമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, സമാധാനപരവും അയഥാർത്ഥവുമായ ഒരു ലോകത്തെ അവതരിപ്പിക്കാൻ ശ്രമിക്കുക എന്നിവയാണ് ഈ രണ്ടു പ്രലോഭനങ്ങളെന്ന് പാപ്പാ വിശദീകരിച്ചു. ഈ പ്രലോഭനങ്ങളെ ജയിക്കാൻ പ്രാർത്ഥനയുടെ ആവശ്യകത പാപ്പാ ഊന്നിപ്പറയുകയും ചെയ്തു.
വൈദികൻ സ്വർണ്ണവും വെള്ളിയും കൊണ്ടല്ല ആത്മാവുകളെ നയിക്കുന്നവനാകുന്നതെന്നും അവൻറെ സമ്പന്നതയും ശക്തിയും യേശു നാമത്തിൻറെ പുണ്യം മാത്രമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. അതിനർത്ഥം യേശു മാനവ ഹൃദയങ്ങളിൽ ജന്മം കൊള്ളുന്നതിനും അവർ അവിടത്തെ ഉപകരണമായി സദാ ഭവിക്കുന്നതിനും ദിവ്യകാരുണ്യത്തിൽ, കൂദാശകളിൽ, വചനത്തിൽ അവിടത്തെ സന്നിഹിതനാക്കുകയാണെന്ന് പാപ്പാ വിശദീകരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: