യഹൂദ-ക്രൈസ്തവ സൗഹൃദ കൂട്ടായ്മയ്ക്ക് പാപ്പായുടെ ആശംസകൾ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഉപരിസാഹോദര്യത്തിനായി ഒറ്റക്കെട്ടായി യത്നിക്കുന്നതിന് യഹൂദർക്കും ക്രൈസ്തവർക്കും തൻറെ പിന്തുണ മാർപ്പാപ്പാ ഉറപ്പുനല്കുന്നു.
അമീത്തിയെ ജുദേയൊ ക്രിസ്തിൻ ദെ ഫ്രാൻസ് (Amitié Judéo-Chrérienne de France) എന്നറിയപ്പെടുന്ന ഫ്രാൻസിലെ യഹൂദ-ക്രൈസ്തവ മൈത്രിയുടെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച്, അതിൻറെ അറുപതോളം പ്രതിനിധികളെ തിങ്കളാഴ്ച (12/12/22) വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
പരസ്പര ധാരണ, ആദരവ്, സൗഹൃദം, അറിവ് എന്നിവയിൽ വളരുന്നതിന് ക്രൈസ്തവരെയും യഹൂദരെയും സഹായിക്കുന്നതിനായി പഠനത്തിൻറെയും സംഭാഷണത്തിൻറെയും സരണിയിലൂടെയാണ് ഈ പ്രസ്ഥാനം നിശ്ചയദാർഢ്യത്തോടെ സജീവമായി നീങ്ങുന്നതെന്ന് പാപ്പാ അനുസ്മരിച്ചു.
സംഭാഷണത്തിൻറെയും സാഹോദര്യത്തിൻറെയും പൊതുവായ സംരംഭങ്ങളുടെയും പാതയിൽ തുടരുന്നതിന് പാപ്പാ ഈ സൗഹൃദകൂട്ടായ്മയ്ക്ക് പ്രചോദനവും പകർന്നു. അടച്ചിടലിൻറെയും അപരനെ തിരസ്കരിക്കലിൻറെയും പ്രവണത ശക്തമായിരിക്കുന്ന ഈ കാലഘട്ടത്തിൽ, പ്രത്യേകിച്ച്, യഹൂദവിരുദ്ധതയും ക്രിസ്തീയവിരുദ്ധതയും ആശങ്കജനകമാം വിധം വീണ്ടും തലപൊക്കുന്ന വേളയിൽ ഈ പാതയിൽ മുന്നേറുകയെന്നത് ലോലമായ ഒരു ദൗത്യമാണെന്ന് പാപ്പാ പറഞ്ഞു.
ക്രൈസ്തവരും യഹൂദരും തമ്മിൽ കൂടുതൽ അടുക്കുന്നതിനുള്ള വഴിയൊരുക്കുന്നതിൽ ഈ സൗഹൃദകൂട്ടായ്മയുടെ സ്ഥാപകരിൽ ഒരാളായ ജുലീസ് ഇസാക് വഹിച്ച പങ്ക് പാപ്പാ അനുസ്മരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: