പാപ്പാ: അംഗവൈകല്യമുള്ളവരെ സ്വീകരിക്കുക പൗര-സഭാ സമൂഹങ്ങളുടെ ധർമ്മം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
എല്ലാവരും അനാവർത്തിത വ്യക്തിത്തോടുകൂടി ഏക ശരീരത്തിലെ അവയവങ്ങളാണെന്ന അവബോധം പുലർത്തേണ്ടതിന് കൂട്ടായ്മയുടെ ആത്മീയത പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമാണെന്ന് മാർപ്പാപ്പാ.
അംഗവൈകല്യമുള്ളവർക്കായുള്ള ലോകദിനം അനുവർഷം ഡിസംബർ 3-ന് ആചരിക്കപ്പെടുന്നതിനോടനുബന്ധിച്ച് അന്ന്, ശനിയാഴ്ച (03/12/22) നൂറോളം പേരടങ്ങിയ വികലാംഗരുടെ ഒരു സംഘത്തെ വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
ഏതൊരു വ്യക്തിയുടെയും ഔന്നത്യം പരിപോഷിപ്പിക്കുകയെന്നത് സഭയുടെ നിരന്തര ഉത്തരവാദിത്വമാണെന്നും അത് ഓരോ സ്ത്രീപുരുഷനോടും, വിശിഷ്യ, ബലഹീനരും വേധ്യരുമായവരോടുമുള്ള യേശുക്രിസ്തുവിൻറെ സാമീപ്യം കാലത്തിൽ തുടരുകയെന്ന ദൗത്യമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
അംഗവൈകല്യമുള്ളവരെ സ്വീകരിക്കുകയും അവരുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുകയെന്നത് പൗരസമൂഹത്തിൻറെയും സഭാസമൂഹത്തിൻറെയും ധർമ്മമാണെന്ന് പാപ്പാ ഓർമ്മിച്ചു. നിസ്സംഗതയെ സാമീപ്യമായും പുറന്തള്ളലിനെ ഉൾക്കൊള്ളലായും ക്രൈസ്തവ സമൂഹം രൂപാന്തരപ്പെടുത്തുമ്പോഴെല്ലാം സ്വന്തം പ്രവാചക ദൗത്യം നിറവേറ്റുകയാണെന്ന് പാപ്പാ പറഞ്ഞു.
വാസ്തവത്തിൽ, വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിച്ചാൽ മാത്രം പോരായെന്നും ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ വിവിധ തലങ്ങളിൽ അവരുടെ അസ്തിത്വപരമായ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുന്നതിനായി പരിശ്രമിക്കേണ്ടത് ആവശ്യമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.
അംഗവൈകല്യം അനുഭവിക്കുന്നവരുടെ സാക്ഷ്യം, അനുദിനം യുദ്ധവാർത്തകൾ കേൾക്കുന്ന ഈ കാലത്ത്, സമാധാനത്തിൻറെയും ഉപരി മാനവികതയും സാഹോദര്യവും വാഴുന്ന ഒരു ലോകത്തെക്കുറിച്ചുള്ള പ്രത്യാശയുടെയും സമൂർത്തമായ അടയാളമാണെന്നും പാപ്പാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: