പാപ്പാ: ബലഹീനതയുടെ പ്രബോധനം ശ്രവിക്കുക, സമൂഹം ഉപരിമാനവികമാകും!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നമ്മുടെ ബലഹീനത ഒരു തരത്തിലും "ക്രിസ്തുവിൻറെ മഹത്തായ സുവിശേഷത്തിൻറെ പ്രഭയെ" മറയ്ക്കുന്നില്ല, മറിച്ച് "ഈ അസാധാരണ ശക്തി ദൈവത്തിൻറെതാണെന്നും അത് നമ്മിൽ നിന്ന് വരുന്നതല്ല" എന്നും മനസ്സിലാക്കാൻ വികലാംഗരുടെ അന്താരാഷ്ട്ര ദിനം നമ്മെ ക്ഷണിക്കുന്നുവെന്ന് മാർപ്പാപ്പാ.
അംഗവൈകല്യമുള്ളവർക്കായുള്ള അന്താരാഷ്ട്രദിനം ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ അനുവർഷം ഡിസംബർ 3-ന് ആചരിക്കപ്പെടുന്നതിനോടനുബന്ധിച്ച് ശനിയാഴ്‌ച (03/12/22) പുറപ്പെടുവിച്ച ഒരു സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനം ഉള്ളത്.
ബലഹീനതയുടെ പ്രബോധനം ശ്രവിക്കുന്ന പക്ഷം സമൂഹം കൂടുതൽ മാനവികവും സാഹോദര്യവുമായി പരിണമിക്കുമെന്നും സന്തോഷം എന്നത് തനിച്ചു ഭക്ഷിക്കേണ്ട അപ്പമല്ലെന്ന് നമുക്കു മനസ്സിലാക്കാൻ സാധിക്കുമെന്നും പാപ്പാ പറയുന്നു.
യുദ്ധസാഹചര്യങ്ങളിൽ ജീവിക്കുന്ന വികലാംഗരായ എല്ലാ സ്ത്രീ പുരുഷന്മാരുടെയും അല്ലെങ്കിൽ യുദ്ധംമൂലം അംഗവൈകല്യം സംഭവിച്ചവരുടെയും കഷ്ടപ്പാടുകൾ നാം ഇന്ന് ഓർക്കുകയാണെന്ന് പറയുന്ന പാപ്പാ ഉക്രൈയിനിലും മറ്റ് യുദ്ധ വേദികളിലും തടവിലാക്കപ്പെട്ട് രക്ഷപ്പെടാൻ പോലും സാധ്യതയില്ലാതെ കഴിയുന്നവരെ അനുസ്മരിക്കുന്നു.
അവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതിൻറെയും മാനവിക സഹായം അവർക്ക് ലഭ്യമാക്കേണ്ടതിൻറെയും ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: