യുവാക്കൾ തങ്ങളെത്തന്നെ ക്രിസ്തുവിന്റെ അപ്പസ്തോലരാക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ഇറ്റലിയിലെ സജീവമായ കത്തോലിക്കാ പ്രവർത്തന യുവജന സംഘടന യുവതലമുറയുടെ ക്രൈസ്തവീകത ഊട്ടിയുറപ്പിക്കുന്നതിൽ കാതലായ പങ്കുവഹിക്കുന്നു. മാനുഷികതയിൽ അടിയുറച്ച ക്രൈസ്തവജീവിതമെന്നതാണ് ഈ സംഘടനയുടെ പരിശീലനതത്വം. ഇന്നലെ മാർപാപ്പ നൽകിയ കൂടിക്കാഴ്ചയുടെ വേളയിൽ ധാരാളം യുവജനങ്ങളാണ് പങ്കെടുത്തത്.
"ആകയാൽ പോയി എല്ലാ ജനതകളെയും ശിഷ്യരാക്കുവിൻ " (മത്തായി 28:19) എന്ന യേശുവിന്റെ പ്രബോധനത്തെ അടിസ്ഥാനമാക്കിയായിരുന്നു മാർപാപ്പയുടെ സന്ദേശം. 'പോവുക' എന്ന ക്രിസ്തുവിന്റെ പദപ്രയോഗവും, ആ ക്രിയാ ഉപയോഗത്തിന്റെ ശക്തിയും പാപ്പാ എടുത്തു പറഞ്ഞു. ഇന്നത്തെ കാലഘട്ടത്തിൽ ക്രിസ്തുവിന്റെ ഈ വലിയ ആഹ്വാനം പേറിക്കൊണ്ട് ശിഷ്യത്വത്തിൽ നിന്നും അപ്പസ്തോലത്വത്തിന്റെ മിഷനറി ദൗത്യം നിറവേറ്റേണ്ടവരാണ് യുവാക്കൾ എന്നും അതിനാൽ അലസരായി സോഫയിൽ ഇരിക്കുന്ന യുവാക്കളെ ദൈവത്തിന് ഇഷ്ടമില്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരസ്പരം അന്വേഷിക്കുക
പോവുക എന്ന പദം നൽകുന്ന സൂചനയും, അത് ഉയർത്തിയേക്കാവുന്ന ചില സംശയങ്ങളും പാപ്പാ എഴുതുകയുണ്ടായി. എവിടെ? ആരുടെ അടുത്തേക്ക്? പോകണമെന്ന ചില ആശയക്കുഴപ്പങ്ങൾ സ്വാഭാവികമായി മനസ്സുകളിലേക്ക് കടന്നുവരാമെന്നും അതിനുള്ള ഉത്തരം സുവിശേഷത്തിൽ യേശു പറയുന്നതുപോലെ സർവ്വ സൃഷ്ടികൾക്കുമുള്ള നമ്മുടെ മിഷൻ ദൗത്യത്തെക്കുറിച്ചുള്ള ബോധ്യം നമുക്ക് നൽകുന്നതാണെന്നും മാർപാപ്പ ചൂണ്ടിക്കാണിച്ചു. മൊബൈൽ ഫോണുകളിലേക്ക് മാത്രം നമ്മുടെ കണ്ണുകൾ പറിച്ചു നടപ്പെടുമ്പോൾ നഷ്ടമാകുന്ന പരസ്പര ബന്ധങ്ങളുടെ ഊഷ്മളതയും പാപ്പാ ഊന്നിപ്പറഞ്ഞു. അതിനാൽ ഭാവനയുടെ ലോകത്തുനിന്നും ദൈവത്തിങ്കലേക്കും,സഹജീവികളിലേക്കും നമ്മുടെ ദൃഷ്ടികൾ പതിയട്ടെയെന്നും പാപ്പാ ആശംസിച്ചു.
ജീവിതത്തിന്റെ യഥാർത്ഥ സൗന്ദര്യം കണ്ടെത്തുക
നമ്മുടെ അസ്തിത്വത്തിന്റെ പരിവർത്തനം തന്നെ യേശുവിനെ അറിയുന്നതിലൂടെ കൈവരുന്ന സന്തോഷത്തിലൂടെയാണ്. ഈ സന്തോഷം യഥാർത്ഥ ജീവിതസൗന്ദര്യം തിരിച്ചറിയുവാനും അതിനെ ആശ്ലേഷിക്കുവാനും നമ്മെ പ്രാപ്തരാക്കുന്നു.യേശുവിനെ നമ്മുടെ ജീവിതത്തിൽ കണ്ടെത്തുവാനും, അവന്റെ സ്നേഹം തിരിച്ചറിയുവാനും,അവനെ അനുഗമിക്കുവാനും, അവന്റെ പദ്ധതികളിൽ പങ്കാളികളാകുവാനും നാം തയ്യാറാവുമ്പോൾ യേശു നമുക്ക് പ്രദാനം ചെയ്യുന്ന സന്തോഷത്തിലും സ്വാതന്ത്ര്യത്തിലും വളരാൻ നമുക്ക് സാധിക്കും, മാർപാപ്പ എടുത്തു പറഞ്ഞു.
കൂട്ടായ്മയുടെ കളത്തിൽ ഇറങ്ങുക
ദൈവസ്നേഹത്തിന് സാക്ഷ്യം വഹിക്കാൻ, "കളത്തിൽ ഇറങ്ങുക" എന്നത് അടിസ്ഥാനപരമാണെന്ന് ഫ്രാൻസിസ് മാർപാപ്പ എഴുതുന്നു. "വ്യക്തിപരമായല്ല, മറിച്ച് ഒരുമിച്ച്, ഒരു കൂട്ടായ്മയിൽ പ്രവർത്തനം നടത്തുമ്പോഴാണ് നമ്മെ ഒറ്റപ്പെടുത്താനും ഭിന്നിപ്പിക്കാനും ശ്രമിക്കുന്ന ഒരു ലോകത്ത് സഹോദരങ്ങളും സഹോദരിമാരും ആയി നമ്മെ തന്നെ മറ്റുള്ളവരിൽ ദർശിക്കുവാൻ നമുക്ക് സാധിക്കുന്നത്. ഈ കൂട്ടായ്‍മയുടെ രഹസ്യം മറ്റുള്ളവരെ നമ്മെപ്പോലെ പരിപാലിക്കുന്ന എന്നാണെന്നും മാർപാപ്പ അടിവരയിട്ടു പറയുന്നു. നിസ്സംഗതകൾ മറികടന്നുകൊണ്ട് കൊച്ചുകുട്ടികൾ, ദരിദ്രർ, മറക്കപ്പെട്ടവർ, ഉപേക്ഷിക്കപ്പെട്ടവർ, ആരും ശ്രദ്ധിക്കാത്തവർ എന്നിവരെക്കുറിച്ച് ചിന്തിക്കുന്നത് തന്നെ നമ്മുടെ ലോകത്തെ കൂടുതൽ മനോഹരവും നീതിയും സമാധാനപരവുമാക്കുന്നു. അതിനാൽ കൂടെയുണ്ടാകും എന്ന ഉറപ്പുനൽകിയ ദൈവത്തിന്റെ കരം പിടിച്ച് മൈതാനത്തിറങ്ങുവാൻ ഭയപ്പെടേണ്ടതില്ലയെന്നും മാർപാപ്പ യുവജനങ്ങളെ ഓർമ്മിപ്പിച്ചു.
ദൈവത്തോടൊപ്പം നടക്കുക
ആഘോഷങ്ങൾക്കൊപ്പം, ദൈവം ലോകത്തിലേക്ക് പ്രവേശിക്കുന്നുവെന്ന സത്യവും അവനോടൊപ്പം മുന്നോട്ട് നടക്കാൻ നമുക്ക് ശക്തി ലഭിക്കുകയും ചെയ്യുന്നുവെന്നതാണ് ക്രിസ്തുമസിന്റെ സന്ദേശം. വേദനയുടെ കൊടുങ്കാറ്റിലും, പരീക്ഷണങ്ങളുടെ നടുവിലും നമുക്ക് വിശ്വസ്തനും,കൂട്ടുകാരനുമായി ദൈവമുണ്ടെന്ന ഉറപ്പ് ഈ ജീവിതയാത്രയുടെ അർത്ഥം നമ്മിൽ ഊട്ടിയുറപ്പിക്കുന്നു. അതിനാൽ യുവജനങ്ങൾ അവരുടെ കഴിവുകളെ തിരിച്ചറിയണമെന്നും അതിൽ ഫലം പുറപ്പെടുവിക്കണമെന്നും മാർപാപ്പ ഓർമിപ്പിച്ചു.ആസന്നമാകുന്ന ക്രിസ്തുമസ് അനുഗ്രഹപ്രദവും സന്തോഷകരവും ആയിരിക്കട്ടെയെന്ന് ആശംസിച്ച മാർപാപ്പാ ക്രിസ്തുവിന്റെ മിഷൻ ദൗത്യത്തിന്റെ ആഹ്വാനവും യുവജനങ്ങൾക്ക് നൽകി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: