തിരയുക

യുദ്ധത്തിന്റെ ഭീകരതയുടെ ഓർമ്മകളിൽ യുദ്ധത്തിന്റെ ഭീകരതയുടെ ഓർമ്മകളിൽ 

ഫ്രാൻസിസ് പാപ്പാ ഒരു ഉക്രേനിയൻ യുദ്ധത്തടവുകാരന്റെ ഭാര്യയ്ക്കും മകനും കൂടിക്കാഴ്‌ച അനുവദിച്ചു

ഡിസംബർ 21 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചയോടനുബന്ധിച്ച്, ഉക്രൈനിൽനിന്നുള്ള ഒരു യുദ്ധത്തടവുകാരന്റെ ഭാര്യയ്ക്കും മകനും ഫ്രാൻസിസ് പാപ്പാ പ്രത്യേകം കൂടിക്കാഴ്ച അനുവദിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഉക്രൈനിന്റെ തെക്കുകിഴക്കൻ പ്രദേശത്തുനിന്നുള്ള ഒരു യുദ്ധത്തടവുകാരന്റെ ഭാര്യ ലറിസായെയും മകൻ സെർഗേയിയെയും ഫ്രാൻസിസ് പാപ്പാ ഡിസംബർ 21 ബുധനാഴ്ച വത്തിക്കാനിൽ സ്വീകരിച്ചു സംസാരിച്ചു. വത്തിക്കാനിലേക്കുള്ള ഉക്രൈൻ അംബാസ്സഡറുടെ ഭാര്യ ഡയാന യുറാഷും ഉക്രൈൻ എംബസ്സിയിലെ സഹായി ഇറിന സ്കാബും ഉക്രൈനിൽനിന്നുള്ള ഇരുവരെയും അനുഗമിച്ചിരുന്നു.

പാപ്പായെ കണ്ടുമുട്ടാനെത്തിയ ലറിസായും മകൻ സെർഗേയിയും യുദ്ധമുണ്ടാക്കിയ നാശനഷ്ടങ്ങളുടെ ഭയാനകമായ ചിത്രങ്ങളടങ്ങിയ 2023-ലെ കലണ്ടർ ഫ്രാൻസിസ് പാപ്പായ്ക്ക് സമർപ്പിച്ചു. നിന്ദയുടെയും വേദനയുടെയും ചിത്രങ്ങളാണെങ്കിലും അവ 2023 പോലെ  പ്രതീക്ഷയുടെ പ്രതീകങ്ങൾ കൂടിയായിരുന്നു. റഷ്യ ഉക്രൈൻ യുദ്ധത്തിൽ തകർന്നടിഞ്ഞ ഉക്രൈന്റെ തെക്കുകിഴക്കുഭാഗത്തെ മാരിയൂപോളിലെ ജനങ്ങളുടെ ദുരന്തങ്ങളുടെ ചിത്രങ്ങൾ ഫ്രാൻസിസ് പാപ്പാ കലണ്ടറിന്റെ പേജുകളിലൂടെ നോക്കിക്കണ്ടു. ഉക്രൈൻ പ്രതിരോധത്തിന്റെ പ്രതീകമായി മാറിയ അസോവ്സ്ഥാൽ എന്ന ഉരുക്ക് പണിശാലയുടെ പേരാണ് കലണ്ടറിന്റെ ആദ്യ താളിലുണ്ടായിരുന്നത്.

കലണ്ടറിനൊപ്പം ഉക്രൈൻ തടവുകാരുടെ പേരുകളടങ്ങുന്ന ഒരു ലിസ്റ്റും ലാറിസ ഫ്രാൻസിസ് പാപ്പായ്ക്ക് കൈമാറി. തടവുകാരുടെ മോചനവും, അവരുടെ നിലവിലെ സ്ഥിതിയും മെച്ചപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷയോടെയാണ് അവരത് പാപ്പായ്ക്ക് കൈമാറിയത്. മറ്റുള്ളവരോടുള്ള കരുതലിനെക്കുറിച്ചുള്ള പാപ്പായുടെ ഉദ്ബോധനത്തിന്റെ അടയാളം പോലെ, പരിശുദ്ധ അമ്മയുടെ ഒരു ഐക്കണും, ഉക്രൈനിൽനിന്നുള്ള മണ്ണ് ഒട്ടിച്ചുചേർത്ത ഒരു ഡയറിയും അവരുടെ പാരമ്പര്യപ്രകാരമുള്ള ഒരു തുണിയും ലാറിസ കൈമാറി.

വത്തിക്കാനിലേക്കുള്ള ഉക്രൈൻ അംബാസ്സഡറുടെ ഭാര്യ ഡയാന യുറാഷ്, ഗോതമ്പുതണ്ടുകൾകൊണ്ട് നിർമ്മിച്ച ഒരു ക്രിസ്തുമസ് അലങ്കാരവും പപ്പയ്ക്ക് നൽകി. ഈ തണ്ടുകൾ അവസാനമായി ശേഖരിച്ച വയലുകളിൽ ഇപ്പോൾ ബോംബുകളും മൈനുകളുമാണുള്ളതെന്ന് എംബസി അസിസ്റ്റന്റ് ഇറിന സ്കാബും വിശദീകരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 ഡിസംബർ 2022, 14:58