തിരയുക

2022-ലെ റാറ്റ്‌സിംഗർ പുരസ്കാരാർഹർ ഫ്രാൻസിസ് പാപ്പയോടൊപ്പം 2022-ലെ റാറ്റ്‌സിംഗർ പുരസ്കാരാർഹർ ഫ്രാൻസിസ് പാപ്പയോടൊപ്പം 

ബെനഡിക്ട് എമെറിറ്റസ് പാപ്പായുടെ പ്രബോധനങ്ങൾ സഭയുടെ ഭാവിക്ക് ഉപകാരപ്രദം: ഫ്രാൻസിസ് പാപ്പാ

ഡിസംബർ ഒന്നാം തീയതി വത്തിക്കാനിൽ വച്ചു നടന്ന റാറ്റ്‌സിംഗർ പുരസ്കാരച്ചടങ്ങിൽ തന്റെ മുൻഗാമിയായ ബെനഡിക്ട് എമെറിറ്റസ് പാപ്പാ സഭയ്ക്ക് നൽകിയ സംഭാവനകൾ ഫ്രാൻസിസ് പാപ്പാ അനുസ്മരിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ബെനഡിക്ട് എമെറിറ്റസ് പാപ്പായുടെ പേരിലുള്ള റാറ്റ്‌സിംഗർ പുരസ്കാരച്ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെ, തന്റെ മുൻഗാമിയുടെ ചിന്തകളും പ്രബോധനങ്ങളും ഇന്നലെകൾക്ക് മാത്രമല്ല, സഭയുടെ ഭാവിക്കും ഉപകാരപ്രദമെന്നും, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനങ്ങളും സഭയും ലോകവുമായുള്ള സംവാദങ്ങളും പ്രവർത്തികമാക്കുന്നതിൽ സഹായകരമെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

രണ്ടാം വത്തിക്കാൻ കൗൺസിലിൽ നേരിട്ട് സംബന്ധിച്ച ബെനഡിക്ട് എമെറിറ്റസ് പാപ്പാ, സഭാശാസ്ത്രങ്ങളിൽ വിദഗ്ദൻ എന്ന നിലയിൽ, ആ കൗൺസിലിൽ തന്റേതായ പങ്കു നൽകി എന്നും പിന്നീട് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയോടൊപ്പവും, ആഗോളസഭയുടെ നേതൃസ്ഥാനത്തിരുന്നും കൗൺസിലിന്റെ പ്രധാന തീരുമാനങ്ങൾ സഭയിൽ പ്രവർത്തികമാക്കുവാൻ സഭയെ സഹായിച്ചിരുന്നു എന്ന കാര്യം ഫ്രാൻസിസ് പാപ്പാ എടുത്തുപറഞ്ഞു.

ബെനഡിക്ട് പിതാവുമായുമായുള്ള തന്റെ അടുത്ത ബന്ധവും കൂടിക്കാഴ്ചകളും അനുസ്മരിച്ച ഫ്രാൻസിസ് പാപ്പാ, ആഗോളസഭയ്ക്കായി എമെറിറ്റസ് പാപ്പായുടെ പ്രാർത്ഥനയോടെയുള്ള അനുധാവനവും ആധ്യാത്മികസാന്നിദ്ധ്യവും ഏവർക്കും ഉറപ്പുള്ളതാണെന്ന കാര്യം അനുസ്മരിച്ചു. ബെനഡിക്ട് പിതാവിന്റെ ദൈവശാസ്ത്രപരമായ സംഭാവനകളും അദ്ദേഹത്തിന്റെ ചിന്തകളും ഇന്നും ഉദ്ദീപനപരവും സജീവവുമാണെന്നും ഫ്രാൻസിസ് പാപ്പാ തന്റെ പ്രഭാഷണത്തിൽ പറഞ്ഞു.

ബെനഡിക്ട് പിതാവിന്റെ ദൈവശാസ്ത്രപരമായ സംഭാവനകൾ ഒപ്പേറ ഓമ്‌നിയ എന്ന പേരിൽ ജർമൻ ഭാഷയിലും, മറ്റു വിവിധ ഭാഷകളിലും പുറത്തിറങ്ങുന്ന കാര്യം ഓർമ്മിപ്പിച്ച ഫ്രാൻസിസ് പാപ്പാ, അവ ദൈവശാസ്ത്രപരമായ ശക്തമായ ഒരു അടിത്തറയാണെന്നും, സഭയുടെ മുന്നോട്ടുള്ള യാത്രയിൽ അത് സഹായകരമാകുമെന്നും എടുത്തുപറഞ്ഞു. ദൈവത്തിന്റെ ആത്മാവിനാൽ നയിക്കപ്പെട്ട്, ഒരുമയിൽ ജീവിക്കുകയും, സിനഡാത്മകമായി, ഒരുമയിൽ സഞ്ചരിക്കുകയും ചെയ്യുന്ന ഒരു കൂട്ടായ്മയായാണ് ബെനഡിക്ട് പാപ്പാ സഭയെ നമുക്ക് കാണിച്ചുതന്നതെന്നും ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു. സുവിശേഷം അറിയിക്കുന്നതിനും, നാം ജീവിക്കുന്ന ലോകത്തിന് സേവനം ചെയ്യുന്നതിനും സഭയ്ക്കുള്ള കടമയെയും എമെറിറ്റസ് പാപ്പാ തന്റെ ജീവിതത്തിലൂടെ കാണിച്ചുതന്നു.

ബെനഡിക്ട് പിതാവിന്റെ സംഭവനകളെക്കുറിച്ച് തന്റെ പ്രഭാഷണത്തിലുടനീളം അനുസ്മരിച്ച ഫ്രാൻസിസ് പാപ്പാ, സമഗ്രപരിസ്ഥിതി ശാസ്ത്രം, മനുഷ്യാവകാശങ്ങൾ, വ്യത്യസ്ത സംസ്കാരങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചകൾ തുടങ്ങിയ മേഖലകളിലും തന്റെ മുൻഗാമിയുടെ ചിന്തകളും പ്രബോധനങ്ങളും പ്രയോജനപ്രദമാണെന്ന് അനുസ്മരിച്ചു.

ജോസഫ് റാറ്റ്‌സിംഗർ - ബെനഡിക്ട് പതിനാറാമൻ ഫൗണ്ടേഷൻ, വാഴ്ത്തപ്പെട്ട ജോൺ പോൾ ഒന്നാമന്റെയും വിശുദ്ധ ജോൺ പോൾ രണ്ടാമന്റെയും പേരിലുള്ള വത്തിക്കാൻ ഫൗണ്ടേഷനുകളുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെയും ഫ്രാൻസിസ് പാപ്പാ എടുത്തുപറഞ്ഞു.

പൗരസ്ത്യ-പാശ്ചാത്യ സഭാപിതാക്കന്മാരുടെ എഴുത്തുകളും പഠനങ്ങളും, ക്രിസ്തുശാസ്ത്രത്തിന്റെ വളർച്ച എന്നിങ്ങനെയുള്ള വിഷയങ്ങൾ ഉൾപ്പെടുന്ന ദൈവശാസ്ത്രരംഗത്തെ പ്രബോധനങ്ങൾക്ക് ഫാ. മൈക്കിൾ ഫെദൂ, ആധുനികലോകത്ത് വിശ്വാസവും നൈയാമിക യുക്തിയും തമ്മിലുള്ള ബന്ധം, നിയമപരമായ പോസിറ്റിവിസം നേരിടുന്ന പ്രതിസന്ധികൾ, വ്യക്തിഗത അവകാശങ്ങളുടെ പരിധിയില്ലാത്ത വിപുലീകരണത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന സംഘർഷങ്ങൾ; മതത്തെ സ്വകാര്യ മേഖലയിലേക്ക് തരംതാഴ്ത്താൻ ശ്രമിക്കുന്ന ഒരു സംസ്കാരത്തിൽ മതസ്വാതന്ത്ര്യം വിനിയോഗിക്കുന്നതിനെക്കുറിച്ചുള്ള ശരിയായ ധാരണ തുടങ്ങിയ കാര്യങ്ങളിൽ എമെറിറ്റസ് പാപ്പായോടുള്ള ചിന്തകളിലെ യോജിപ്പ് കണക്കിലെടുത്ത് യഹൂദമതസ്ഥനായ പ്രൊഫെസ്സർ ജോസഫ് ഹാലെവി ഹോറോവിറ്സ് വയിലെർ എന്നിവർക്കാണ് ഇത്തവണത്തെ റാറ്റ്‌സിംഗർ പുരസ്കാരങ്ങൾ നൽകപെട്ടത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 December 2022, 16:34