തിരയുക

പനാമയിൽ വച്ച് ഒരു സന്നദ്ധസേവകനെ ആശ്ലേഷിക്കുന്ന പാപ്പാ - ഫയൽ ചിത്രം പനാമയിൽ വച്ച് ഒരു സന്നദ്ധസേവകനെ ആശ്ലേഷിക്കുന്ന പാപ്പാ - ഫയൽ ചിത്രം 

കാരുണ്യത്തിന്റെ ശില്പികളാവുക: സന്നദ്ധസംഘടനകളോട് ഫ്രാൻസിസ് പാപ്പാ

സന്നദ്ധപ്രവർത്തകരുടെ സേവനത്തിന്റെ പ്രധാന്യവും മൂല്യവും ഉയർത്തിക്കാട്ടി ഡിസംബർ മാസത്തേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ പ്രാർത്ഥനാനിയോഗം അടങ്ങിയ വീഡിയോ സന്ദേശം പുറത്തിറങ്ങി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

2022 ഡിസംബർ മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗം അടങ്ങിയ ഈ വർഷത്തെ അവസാനവീഡിയോ സന്ദേശത്തിൽ, സമൂഹത്തിലെ സന്നദ്ധസംഘടനകളുടെയും അവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെയും മൂല്യം അടിവരയിട്ടു പറഞ്ഞ ഫ്രാൻസിസ് പാപ്പാ, പരസ്പരസഹകരണത്തിലൂടെ കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ അവരോട് ആവശ്യപ്പെട്ടു.

സമൂഹത്തിൽ കാരുണ്യത്തിന്റെ ശില്പികളാകാനുള്ള സന്നദ്ധപ്രവർത്തകരുടെ വിളിയെ ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽ പ്രത്യേകം എടുത്തുപറഞ്ഞു. പൊതുനന്മയ്ക്കായി പ്രതിജ്ഞാബദ്ധരായ വ്യക്തികളാകാൻ പാപ്പാ സന്നദ്ധസേവകരെ ആഹ്വാനം ചെയ്തു. സമൂഹത്തിൽ പ്രത്യാശ പരത്താനും വർദ്ധിപ്പിക്കാനും പാപ്പാ ഓർമ്മിപ്പിച്ചു.

മറ്റുള്ളവരുടെ ആവശ്യങ്ങളോട് തുറന്ന മനസ്സുള്ളവരാകാൻ സന്നദ്ധസേവനരംഗം നമ്മെ സഹായിക്കുമെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ പറഞ്ഞു. ഉറച്ച സന്നദ്ധപ്രവർത്തകരായിരിക്കുക എന്നത് നമ്മെ സ്വാതന്ത്രരാക്കുന്ന ഒരു തിരഞ്ഞെടുപ്പാണെന്ന് ഓർമ്മിപ്പിച്ചു പാപ്പാ, ആളുകൾക്കുവേണ്ടി പ്രവർത്തിക്കുന്നതിനൊപ്പം, ആളുകൾക്കൊപ്പം പ്രവർത്തിക്കുന്നതിന്റെ പ്രാധാന്യത്തെയും എടുത്തുപറഞ്ഞു.

ഡിസംബർ ഒന്നാം തീയതിയാണ് ഈ മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗങ്ങൾ അടങ്ങിയ ഫ്രാൻസിസ് പാപ്പായുടെ വീഡിയോ പുറത്തിറങ്ങിയത്. ഈ വർഷത്തെ ഇത്തരത്തിലുള്ള പന്ത്രണ്ടാമത്തെ വീഡിയോ സന്ദേശമാണിത്. മാനവികതയുടെ ഉന്നമനത്തിനും പൊതുനന്മയ്ക്കും വേണ്ടി സമൂഹത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധസേവകരുടെ പ്രവർത്തനങ്ങൾ അടിവരയിട്ട് പറയുഞ്ഞുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ ഈ വർഷത്തെ പ്രാർത്ഥനാനിയോഗങ്ങൾ അടങ്ങുന്ന വീഡിയോകളുടെ അവസാനലക്കം പുറത്തിറക്കിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 ഡിസംബർ 2022, 16:28