വത്തിക്കാനിൽ സാമ്പത്തികരംഗത്ത് കൂടുതൽ നിയന്ത്രണങ്ങളുമായി ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
വിവിധ സ്ഥാപനങ്ങളുടെ സാമ്പത്തികകാര്യങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ സംബന്ധിച്ച പുതിയ പ്രത്യേക നിയമങ്ങൾ കഴിഞ്ഞ ദിവസം ഫ്രാൻസിസ് പാപ്പാ നൽകി. വിശുദ്ധ ലൂക്കായുടെ സുവിശേഷം പതിനാറാം അധ്യായം പത്താം വാക്യത്തെ അധികരിച്ച്, "ചെറിയ കാര്യങ്ങളിൽ വിശ്വസ്തനായവൻ പ്രധാനപ്പെട്ട കാര്യങ്ങളിലും വിശ്വസ്തനാണ്" എന്ന ഭാഗം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ പുതിയ മോത്തു പ്രോപ്രിയോ രേഖ പുറത്തിറക്കിയത്. സാമ്പത്തിക കാര്യങ്ങൾക്കായുള്ള കൗൺസിലിന്റെ നിയമപ്രകാരം (ആർട്ടിക്കിൾ 1 § 1) രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്ന നൈയാമികവ്യക്തിത്വമുള്ള എല്ലാ സ്ഥാപനങ്ങളും ഇനിമുതൽ പുതിയ ഈ നിയമവ്യവസ്ഥയ്ക്ക് കീഴിലായിരിക്കും പ്രവർത്തിക്കുക.
നിയന്ത്രണങ്ങളും നിരീക്ഷണവും
വത്തിക്കാനിലെ വിവിധ ഫൗണ്ടേഷനുകൾ ഇത്രയും നാൾ ഒരു നിശ്ചിത ഭരണപരമായ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നെങ്കിലും, പത്രോസിന്റെ പിൻഗാമിയുടെ സേവനരംഗത്ത് സഹായമാകാനാണ് അവ നിലനിൽക്കുന്നതെന്ന കാര്യം പാപ്പാ നിയമസംബന്ധിയായ പുതിയ രേഖയിൽ വ്യക്തമാക്കി. ഇത്തരത്തിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും സ്വത്തുക്കൾ അപ്പസ്തോലിക സിംഹാസനത്തിന്റെ പൊതുവായ പിതൃസ്വത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ റോമൻ കൂരിയായിലെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കുന്ന ഘടകങ്ങൾക്ക് കീഴിലായിരിക്കും എല്ലാ ഫൗണ്ടേഷനുകളും. ഡിസംബർ എട്ടാം തീയതി പ്രാബല്യത്തിൽ വരുന്ന പുതിയ മോത്തു പ്രോപ്രിയോ നിർദ്ദേശിക്കുന്ന വ്യത്യാസങ്ങൾ വരുന്ന മൂന്ന് മാസത്തിനുള്ളിൽ പരിശുദ്ധ സിംഹാസനത്തിന് കീഴിൽ നൈയാമിക വ്യക്തിത്വമുള്ള എല്ലാ സ്ഥാപനങ്ങളും പ്രാബല്യത്തിൽ വരുത്തണം.
സാമ്പത്തിക കാര്യങ്ങൾക്കായുള്ള സെക്രട്ടറിയേറ്റ്
എട്ട് ഭാഗങ്ങൾ ചേർന്ന മോത്തു പ്രോപ്രിയോയുടെ മൂന്നാമത്തെത് സാമ്പത്തിക കാര്യങ്ങളിലെ മേൽനോട്ടവും നിയന്ത്രണവും സംബന്ധിച്ചുള്ളതാണ്. ഇതനുസരിച്ച് സാമ്പത്തിക കാര്യങ്ങൾക്കായുള്ള സെക്രട്ടറിയേറ്റിന് നൈയാമിക വ്യക്തികളുടെമേൽ മേൽനോട്ടവും നിയന്ത്രണങ്ങളും നടത്തുവാൻ അധികാരമുണ്ടായിരിക്കും. സ്ഥാപനങ്ങളിൽ കുറ്റകരമായ പ്രവർത്തനങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുവേണ്ടിയാണിത്. പുതിയ നിയമപ്രകാരം എല്ലാ ഫൗണ്ടേഷനുകളും സാമ്പത്തിക കാര്യങ്ങൾക്കായുള്ള സെക്രട്ടറിയേറ്റിന് മുൻപിൽ തങ്ങളുടെ ബജറ്റുകൾ സമർപ്പിക്കണം. ഫൗണ്ടേഷനുകളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കാൻ സാമ്പത്തിക കാര്യങ്ങൾക്കായുള്ള സെക്രട്ടറിയേറ്റിന് അവകാശമുണ്ടായിരിക്കും.
പുതിയ മോത്തു പ്രോപ്രിയോ വത്തിക്കാൻ ആസ്ഥാനമായുള്ള എല്ലാ നൈയാമികവ്യക്തികളിലേക്കും വ്യാപിപ്പിക്കേണ്ടതിനായി മറ്റൊരു നിയമവും വത്തിക്കാനുവേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷൻ പ്രഖ്യാപിച്ചു. ഡിസംബർ എട്ടാം തീയതി മുതൽ തന്നെ പ്രാബല്യത്തിൽ വരുന്ന ഈ നിയമപ്രകാരം, വത്തിക്കാൻ കൂരിയയുടെ സ്ഥാപനങ്ങൾ, സ്റ്റേറ്റ് ഗോവെർണറേറ്റ്, സാമ്പത്തികസ്വഭാവമുള്ള പ്രവർത്തനങ്ങൾ പ്രൊഫെഷണലായി നടത്തുന്ന സ്ഥാപനങ്ങൾ തുടങ്ങിയവ ഈ പുതിയ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. പ്രെദിക്കാത്തെ ഏവഞ്ചെലിയും എന്ന അപ്പസ്തോലിക രേഖവഴി സഭയിൽ നടത്തിവരുന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണ് പുതിയ നിയമനിർമ്മാണം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: