തിരയുക

ലീഡേഴ്‌സ് ഫോർ പീസ് എന്ന സർക്കാരിതര സംഘടനയിലെ അംഗങ്ങളെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ ലീഡേഴ്‌സ് ഫോർ പീസ് എന്ന സർക്കാരിതര സംഘടനയിലെ അംഗങ്ങളെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ 

സമാധാനത്തിനായുള്ള നായകരാവുക വലിയ ഉത്തരവാദിത്വം: ഫ്രാൻസിസ് പാപ്പാ

ലീഡേഴ്‌സ് ഫോർ പീസ് എന്ന സർക്കാരിതര സംഘടനയിലെ അംഗങ്ങളെ ഫ്രാൻസിസ് പാപ്പാ ഡിസംബർ രണ്ടാം തീയതി വത്തിക്കാനിൽ സ്വീകരിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സമാധാനത്തിനായുള്ള നായകരാവുക എന്നത് ഒരു പ്രതിബദ്ധത മാത്രമല്ല, വലിയൊരു ഉത്തരവാദിത്വം കൂടിയാണെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. യുദ്ധഭീഷണി നേരിടുന്ന മനുഷ്യകുലം സമാധാനം കെട്ടിപ്പടുക്കാനുള്ള ഇച്ഛാശക്തിയുടെ അഭാവം എന്ന വലിയൊരു അപകടസ്ഥിതിയിലൂടെയാണ് കടന്നുപോകുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. യുദ്ധമുഖത്ത് ആയുധങ്ങളെ നിശബ്ദമാക്കുക എന്നത് ആദ്യപടി മാത്രമാണെന്ന് പറഞ്ഞ പാപ്പാ, സഹവർത്തിത്വത്തിന്റെയും, സന്നദ്ധസേവനസ്ഥാപനങ്ങളുടെയും വർത്തമാനകാലവും ഭാവിയും അതോടൊപ്പം പുനർനിർമ്മിക്കേണ്ടതുണ്ടെന്ന് ഉദ്‌ബോധിപ്പിച്ചു. റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ലീഡേഴ്‌സ് ഫോർ പീസ് എന്ന സർക്കാരിതര സംഘടനയിലെ അംഗങ്ങളെ ഡിസംബർ രണ്ടാം തീയതി വത്തിക്കാനിൽ സ്വീകരിച്ച് സംസാരിക്കവെയാണ് സമാധാനസ്ഥാപനത്തിനായുള്ള പ്രവർത്തങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും, അവയ്ക്കായി മുന്നോട്ടിറങ്ങുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ഫ്രാൻസിസ് പാപ്പാ പറഞ്ഞത്.

സമാധാനം സ്ഥാപിച്ചെടുക്കുന്നതിന് സർഗ്ഗാത്മകമായ പെരുമാറേണ്ടതുണ്ടെന്നും, ചിലപ്പോൾ അന്താരാഷ്ട്രബന്ധങ്ങളിലെ സാധാരണ പദ്ധതികൾക്കപ്പുറത്തേക്ക് പോകേണ്ടിവരുമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. രാജ്യങ്ങൾ തമ്മിലും രാജ്യത്തിനുള്ളിലെ വിവിധ ഘടകങ്ങൾ തമ്മിലുമുള്ള തർക്കങ്ങൾ പരിഹരിക്കാനുള്ള ചുമതല യുദ്ധത്തിന് നല്കുന്നവരെ എതിർക്കാനുള്ള കടമയെക്കുറിച്ചും പാപ്പാ എടുത്തുപറഞ്ഞു. ജനങ്ങളുടെ സഹവർത്തിത്വത്തിനാവശ്യമായ നീതിവ്യവസ്ഥ ബലപ്രയോഗത്തിലൂടെ നടപ്പിലാക്കാൻ പരിശ്രമിക്കുന്നതിനെയും പാപ്പാ അപലപിച്ചു.

മനുഷ്യരുടെ ജീവൻ നഷ്ടപ്പെടുന്നതും, അനേകർ കഷ്ടപ്പാടുകളിലൂടെ കടന്നുപോകേണ്ടിവരുന്നതും, സാധാരണ ജനങ്ങളുടെ ഭവനങ്ങൾ നശിപ്പിക്കപ്പെടുന്നതും, മാനവികതയുടെ തത്വങ്ങൾ തകർക്കപ്പെടുന്നതും യുദ്ധത്തിന്റെ പാർശ്വഫലങ്ങളായി മാത്രം കണക്കാക്കപ്പെടരുതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. അവ അന്താരാഷ്ട്ര കുറ്റങ്ങൾ തന്നെയാണെന്ന് പാപ്പാ വ്യക്തമാക്കി.

തർക്കപരിഹാരത്തിന് ആയുധങ്ങൾ ഉപയോഗിക്കുന്നത് ബലഹീനതയുടെയും ദുർബലതയുടെയും അടയാളമാണെന്ന് പറഞ്ഞ പാപ്പാ, ചർച്ചകളിലൂടെയും മധ്യസ്ഥതകളിലൂടെയും അനുരഞ്ജനത്തിലേക്ക് പോകാൻ പരിശ്രമിക്കാൻ ധൈര്യം ആവശ്യമാണെന്ന് ഓർമ്മിപ്പിച്ചു. മറ്റുള്ളവരെക്കാൾ ഉന്നതരാണ് തങ്ങളെന്ന ചിന്ത ഒഴിവാക്കാനും, ആധിപത്യത്തിനായുള്ള താൽപ്പര്യങ്ങളും പദ്ധതികളും ഉപേക്ഷിച്ച്, പ്രശ്നങ്ങളുടെ കാരണങ്ങളെ നേരിടാനും ശത്രുക്കൾ എന്ന വിഭായീത ഒഴിവാക്കാനും, വൈവിധ്യത്തിലും, പൊതുവായ അഭിലാഷങ്ങളിലും ശക്തി കണ്ടെത്തി, സാർവ്വത്രിക സാഹോദര്യത്തിന്റെ നിർമ്മാതാക്കളാകാനും വേണ്ട ധൈര്യമാണ് നമുക്ക് വേണ്ടതെന്ന് പാപ്പാ വിശദീകരിച്ചു.

സൈദ്ധാന്തിക സമാധാനത്തെക്കാൾ ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശ ഉറപ്പുനൽകാൻ ആവശ്യപ്പെടുന്ന പാവപ്പെട്ടവരുടെ ആവശ്യങ്ങൾക്കുവേണ്ടി ഒരുമിച്ച് പ്രവർത്തിക്കാനുള്ള ധൈര്യം നമുക്കുണ്ടാകണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഈയൊരർത്ഥത്തിൽ, ദാരിദ്ര്യം ഇല്ലാതാക്കാനും, പട്ടിണിയെ തോൽപ്പിക്കാനും ആരോഗ്യവും പരിപാലനവും ഉറപ്പുനൽകാനും, നമ്മുടെ പൊതുഭവനമായ ഭൂമിയുടെ സംരക്ഷണത്തിനും, മൗലികാവകാശങ്ങൾ പ്രോത്സാഹിപ്പിക്കാനും, മനുഷ്യരുടെ കുടിയേറ്റങ്ങളിൽ അനുഭവപ്പെടുന്ന വിവേചനം മറികടക്കാനും വേണ്ട വികസനപദ്ധതികൾ ആരംഭിക്കാനും അവയെ പിന്തുണയ്ക്കാനും ശ്രമിക്കുക എന്നതാണ് സമാധാനസ്ഥാപനത്തിലൂടെ നാം മനസ്സിലാക്കേണ്ടതെന്ന് പാപ്പാ വിശദീകരിച്ചു. ഇത്തരം പ്രവർത്തനങ്ങൾ നടക്കുമ്പോൾ മാത്രമേ സമാധാനം എന്നത് നമ്മുടെ സഹോദരീസഹോദരന്മാരുടെ മാന്യതയുടെ പര്യായമായി മാറൂ എന്ന് പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 ഡിസംബർ 2022, 21:20