തിരയുക

പാപ്പാ കനാലെ 5 ടെലിവിഷന് അനുവദിച്ച അഭിമുഖത്തിൽ പാപ്പാ കനാലെ 5 ടെലിവിഷന് അനുവദിച്ച അഭിമുഖത്തിൽ 

“ക്രിസ്തുമസ് ഇപ്രകാരം ആയിരുന്നെങ്കിൽ” ഫ്രാൻസിസ് മാർപാപ്പ

ഫ്രാൻസിസ് മാർപാപ്പ ഇറ്റാലിയൻ ദൃശ്യമാധ്യമമായ മീഡിയസെറ്റ് ചാനലിനു 19/12/2022 ഞായാറാഴ്ച്ച നൽകിയ അഭിമുഖത്തിന്റെ പ്രധാന ഭാഗങ്ങൾ.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

പത്രോസിനടുത്ത തന്റെ അജപാലനശുശ്രൂഷ തുടങ്ങിയ നാൾ മുതൽ ലോകത്തിന്റെ പലഭാഗങ്ങളിലും വേദനിക്കുന്നവരുടെ കൂടെ നിൽക്കുന്ന നല്ല ഒരു പിതാവിനെയാണ് ഫ്രാൻസിസ് മാർപാപ്പയിൽ കാണാൻ സാധിക്കുന്നത്.അഭിമുഖത്തിന്റെ തുടക്കത്തിലും യുദ്ധത്തെ പറ്റിയുള്ള ആശങ്കാകുലമായ ചോദ്യത്തിന് മറുപടി നൽകുന്ന മാർപാപ്പ ലോകത്തിന്റെ പലകോണുകളിൽ കാലങ്ങളായി തുടരുന്ന യുദ്ധഭീകരതയെയും എടുത്തു കാണിക്കുന്നു. യുദ്ധത്തിന്റെ ചുടുനിണം വീണ മണ്ണിൽ നിൽക്കുമ്പോൾ താനും കരയാറുണ്ടെന്നു പറഞ്ഞ പാപ്പാ യുദ്ധം കൊണ്ട് മക്കളെ നഷ്ടപ്പെടുന്ന അമ്മമാരുടെ വേദനയും പങ്കുവച്ചു.

യുദ്ധത്തിന്റെ ക്രൂരമുഖം പലമേഖലകളിൽ പ്രതിഫലിക്കുന്നതും മാർപാപ്പ എടുത്തു പറഞ്ഞു.നഷ്ടങ്ങൾ മാത്രം സമ്മാനിക്കുന്ന യുദ്ധം പലപ്പോഴും നമ്മെ കൊണ്ടെത്തിക്കുന്നത് പട്ടിണിയുടെയും,അതിശൈത്യത്തിന്റെയും നാടുവിലേക്കാണ്.യുദ്ധസാമഗ്രികളുടെ നിർമാണവും നാശത്തിന്റെ വഴിയാണ് ഒരുക്കുന്നതെന്നും മാർപാപ്പാ അഭിപ്രായപ്പെട്ടു.ഉക്രൈൻ കുഞ്ഞുങ്ങളുടെ മുഖത്തു നഷ്ടപ്പെട്ട പുഞ്ചിരിയുടെ സൗന്ദര്യം ഏതൊരു യുദ്ധത്തിന്റെയും ബാക്കിപത്രമാണെന്നും പാപ്പാ പറഞ്ഞു.യുദ്ധത്തിന്റെ അടിസ്ഥാനം കായേൻ സ്വഭാവത്തിന്റെ അസൂയ നിറഞ്ഞ തിന്മയാണെന്നും മാർപാപ്പ ചൂണ്ടിക്കാണിച്ചു.

തുടർന്ന് ഇന്നത്തെ ലോകത്തിന്റെ നിസ്സംഗതയും പാപ്പാ എടുത്തു പറഞ്ഞു.നമ്മുടെ സഹായം ആവശ്യമുള്ളവരുടെ അടുത്ത്, അവരുടെ സഹായിയായി നിലകൊള്ളുവാൻ നമുക്ക് സാധിക്കണം.ക്രിസ്തുമസ് കാലഘട്ടത്തിൽ നാം ശ്രദ്ധിച്ച് ക്രയവിക്രയങ്ങളിൽ ഏർപ്പെടുകയാണെങ്കിൽ മറ്റുള്ളവരുടെ അത്യാശ്യങ്ങൾ നിറവേറ്റാൻ നമുക്ക് സാധിച്ചെന്നു വരും.ഇല്ലെങ്കിൽ ഈ ക്രിസ്തുമസ് ദുഃഖകരമായ അനുഭവമാകും നമുക്ക് നൽകുക.അഴിമതിയുടെ ചെളിനിറഞ്ഞ പാതകൾ ഉപേക്ഷിക്കുവാൻ സ്ഥാപനങ്ങളും,ഉദ്യോഗസ്ഥരും തയ്യാറാവണമെന്നും മാർപാപ്പ എടുത്തു പറഞ്ഞു.നമ്മൾ എല്ലാവരും പാപികളാണ് പക്ഷെ അറിഞ്ഞുകൊണ്ട് അഴിമതി ചെയ്യുന്നത് നമ്മുടെ ആത്മാവിന്റെ പരമനാശത്തിന് കാരണമാവുന്നു.

ഇറ്റലിയിൽ കുടുംബങ്ങളെ സഹായിക്കേണ്ടതിന്റെയും,കുഞ്ഞുങ്ങളുടെ ജനനത്തിന് യുവദമ്പതികളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും ആവശ്യകത മാർപാപ്പ ചൂണ്ടിക്കാട്ടി.തൊഴിലിടങ്ങളിലെ ഗർഭിണികളോടുള്ള വേർതിരിവും,അങ്ങേയറ്റം ജോലിയിൽനിന്നും പിരിച്ചുവിടുന്ന അവസ്ഥകളും പലപ്പോഴും കുട്ടികൾ വേണ്ട എന്ന് വയ്ക്കുവാൻ സ്വാഭാവികമായി യുവജനങ്ങളെ പ്രേരിപ്പിക്കുന്നു.എന്നാൽ ഈ ചിന്താഗതിയുടെ മാറ്റം ഇറ്റലിയെന്ന സമൂഹത്തിന്റെ ഭാവിക്കും വളർച്ചക്കും വളരെ പ്രധാനപ്പെട്ടതാണ്.  

തുടർന്ന് ഇന്നത്തെ സമൂഹത്തിലെ കുട്ടികളുടെ വളർച്ചക്ക് കളികൾ ആവശ്യമെന്നു പറഞ്ഞ പാപ്പാ,അന്താരാഷ്ട്ര കാൽപന്തുകളിയുടെ വിജയികൾക്കും,പരാജയപ്പെടുന്നവർക്കും ആശംസകളും  അറിയിച്ചു.

വിജയിക്കുക തോൽക്കുക എന്നത് മാത്രമല്ല നന്നായി, നീതിപൂർവം കളിക്കുക എന്നതാണ് വളരെ പ്രധാനം മാർപാപ്പ കൂട്ടിച്ചേർത്തു. തന്റെ തിരഞ്ഞെടുപ്പിന്റെ പത്താം വർഷം അടുത്തുവരുന്ന അവസരത്തിൽ എന്തുതരം സന്തോഷമാണ് ഉള്ളിൽ തോന്നുന്നതെന്ന ചോദ്യത്തിനും വിനയാന്വിതമായ മറുപടിയാണ് മാർപാപ്പ നൽകുന്നത്.തിരഞ്ഞെടുത്ത കർദിനാളന്മാരുടെ വലിയ ഒരു സഹകരണം ഈ പത്തു വർഷങ്ങളിലും കൂടെയുണ്ടായിരുന്നുവെന്നു പറഞ്ഞ പാപ്പാ ഇക്കാലയളവിൽ നടത്തിയ സാമ്പത്തികപരിഷ്കരണങ്ങൾ കൊണ്ടുവന്ന സുതാര്യതയിൽ സന്തോഷമുണ്ടെന്നും,അതിനായി മുൻകൈയെടുത്ത കർദിനാൾ പെല്ലിനെ നന്ദിപൂർവ്വം അഭിനന്ദിക്കുകയും ചെയ്തു.

പിന്നീട് ക്രിസ്തുമസ് കാലഘട്ടത്തിന്റെ സന്തോഷവും പങ്കുവച്ച പാപ്പാ കുട്ടികൾ അനുഭവിക്കുന്ന വേദനകൾ തന്നെ അലോസരപ്പെടുത്തുന്നുണ്ടെന്നു പറഞ്ഞു.അവരെയും,പ്രായമായവരെയും തലോടുമ്പോൾ ജീവിതത്തിൽ നിറയുന്ന നന്മയുടെ കുളിർമയും മാർപാപ്പ പങ്കുവച്ചു.ക്രിസ്തുമസ് കാലഘട്ടത്തിൽ പുൽക്കൂടും അതിലെ വ്യക്തികളും,നക്ഷത്രവുമൊക്കെ നമ്മുടെ ജീവിതത്തിൽ നൽകുന്ന സന്തോഷം മാർപാപ്പ എടുത്തു പറഞ്ഞു.പുൽക്കൂട്ടിലെ ഉണ്ണി നമുക്ക് പ്രദാനം ചെയുന്നത് വലിയ പ്രത്യാശയുടെ കിരണങ്ങളാണെന്ന സന്ദേശത്തോടെ മാർപാപ്പ തന്റെ അഭിമുഖം ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 December 2022, 15:35