ഉക്രൈൻ നൊമ്പരത്തിൽ പൊട്ടിക്കരഞ്ഞ് മാർപാപ്പ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
എല്ലാവർഷവും ഡിസംബർ മാസം എട്ടാം തീയതി കത്തോലിക്കാസഭ ലോകമെമ്പാടും ഭക്ത്യാദരപൂർവ്വം മാതാവിന്റെ അമലോത്ഭവത്തിരുനാൾ ആഘോഷിക്കുന്നു. ഈ ദിനം റോമിന്റെ പാരമ്പര്യത്തിൽ ഉൾക്കൊള്ളുന്നതാണ് പുരാതനമായ സ്പാനിഷ് ചത്വരത്തിലെ പരിശുദ്ധ മറിയത്തിന്റെ തിരുസ്വരൂപത്തിനു മുൻപിൽ മാർപാപ്പ ഈ ലോകത്തെ മുഴുവൻ സമർപ്പിച്ചു പ്രാർത്ഥിക്കുകയും അതേത്തുടർന്ന് പുഷ്പ്പാലംകൃതമായ ഒരു ചക്രം സ്വരൂപത്തിൽ വയ്ക്കുകയും ചെയ്യുന്നത്. കഴിഞ്ഞവർഷം കൊറോണമഹാമാരിയുടെ ആധിക്യം ജനസാന്നിധ്യം പരിമിതപ്പെടുത്തിയെങ്കിൽ ഈ വർഷം നിരവധിയാളുകളാണ് മാർപാപ്പയോടൊപ്പം ഈ വർഷം പ്രാർത്ഥനയ്ക്കായെത്തിയത്.
പ്രാർത്ഥനാവേളയിൽ ഓരോനിയോഗവും പേരെടുത്തുപറഞ്ഞുകൊണ്ട് സമർപ്പിച്ച മാർപാപ്പ ഉക്രൈൻജനതയുടെ യുദ്ധഭീകരതയാൽ കലുഷിതമാക്കപ്പെട്ട ജീവിതസാഹചര്യങ്ങൾ മാതാവിന്റെ മുൻപിൽ എടുത്തുപറഞ്ഞപ്പോഴാണ് അല്പസമയത്തേക്ക് വികാരാധീനനായി പൊട്ടിക്കരഞ്ഞത്. ഇന്നേദിവസം ഉക്രയിൻജനതക്കുവേണ്ടി യുദ്ധം അവസാനിച്ചതിന്റെ സന്തോഷം പങ്കിടാൻ വരാൻ സാധിക്കുമെന്ന തന്റെ പ്രതീക്ഷകൾ സാക്ഷാത്കരിക്കപ്പെടാത്തതിന്റെ വേദനയിലാണ് മാർപാപ്പയുടെ കണ്ണുനീർ ഈ ഭൂമിയിൽ പതിച്ചത്. തുടർന്ന് ആളുകളുടെ കരഘോഷം മാതാവിന്റെ മുൻപിൽ വീണ്ടും പ്രതീക്ഷകളോടെ, വിശ്വാസത്തോടെ വേദനയുടെ കടലിൽ കഴിയുന്ന ഉക്രൈൻ ജനതക്കുവേണ്ടി കരങ്ങൾ കൂപ്പുവാനും പ്രാർത്ഥിക്കുവാനും മാർപ്പാപ്പയെ ശക്തിപ്പെടുത്തി. ലോകത്തിൽ നടമാടുന്ന ഏത് യുദ്ധങ്ങളിലും വേദനയോടെയാണ് മാർപാപ്പാമാർ നോക്കികണ്ടിട്ടുള്ളതും സമാധാനത്തിനു വേണ്ടി പരിശ്രമിച്ചിട്ടുള്ളതുമെന്നത് എടുത്തുപറയേണ്ടതാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: