യുദ്ധചരിത്രം ആവർത്തിക്കപ്പെടുമ്പോൾ ഉക്രൈനുവേണ്ടി അമലോത്ഭവമാതാവിനോട് പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
വത്തിക്കാനിൽ ബുധനാഴ്ച ദിവസങ്ങളിൽ പതിവുള്ള പൊതുകൂടിക്കാഴ്ചാവേളയുടെ അവസരത്തിൽ ഡിസംബർ എട്ടാം തീയതി ആഘോഷിക്കപ്പെടുന്ന പരിശുദ്ധ കന്യകയുടെ അമലോത്ഭവത്തിരുനാൾ ദിനത്തെക്കുറിച്ച് സംസാരിക്കവെ, ഉക്രൈനിൽ കഷ്ടപ്പെടുന്ന ആളുകൾക്ക് വേണ്ടി ഫ്രാൻസിസ് പാപ്പാ പ്രാർത്ഥിച്ചു.
പരിശുദ്ധ അമ്മയിലേക്ക് കണ്ണുകൾ നട്ടുകൊണ്ട്, പരിശുദ്ധാത്മാവിന്റെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് എപ്പോഴും സ്ഥൈര്യമുള്ളവരായിരിയ്ക്കുവാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. യുദ്ധത്തിന്റെ ക്രൂരതകളാൽ പരീക്ഷിക്കപ്പെടുന്നവർക്ക്, പ്രത്യേകിച്ച് പീഡിതരായ ഉക്രൈൻ ജനതതിക്ക് ആശ്വാസമാകാൻ പരിശുദ്ധ അമ്മയോട് ഫ്രാൻസിസ് പാപ്പാ അപേക്ഷിച്ചു.
കൂടിക്കാഴ്ചാസമ്മേളനത്തിന്റെ അവസാനഭാഗത്ത് ഇറ്റാലിയൻ ഭാഷയിൽ ആളുകളെ അഭിസംബോധന ചെയ്യവെയാണ് ഉക്രൈനിലെ ദുരിതങ്ങളെ പാപ്പാ അനുസ്മരിച്ചത്.
എന്നാൽ അതേസമയം ചരിത്രത്തിന്റെ ആവർത്തനമാണ് ഉക്രൈനിലെ യുദ്ധത്തിൽ നാം കാണുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് കണ്ട ഭീകരതയുടെ ആവർത്തനമാണ് ഉക്രൈനിൽ നാം കാണുന്നതെന്ന് പാപ്പാ വിശദീകരിച്ചു. നാസി പ്രസ്ഥാനത്തിനുകീഴിൽ, പോളണ്ടിൽ നടന്ന യഹൂദന്മാരുടെ കൂട്ടക്കുരുതിയെ പരാമർശിച്ച് പോളിഷ് ഭാഷക്കാരായ ആളുകളോട് സംസാരിക്കവെയാണ് ഉക്രൈനിൽ നടക്കുന്നത് ഇതിന് സമാനമായ അക്രമങ്ങളാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചത്.
നിരവധി മാസങ്ങളായി തുടരുന്ന റഷ്യ-ഉക്രൈൻ സാധാരണജനജീവിതം താറുമാറാക്കിക്കൊണ്ട് ഇപ്പോഴും മരണം വിതയ്ക്കുകയാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: