ഫ്രാൻസിസ് പാപ്പാ ഡിസംബർ 21-ആം തീയതിയിൽ പൊതുകൂടിക്കാഴ്ചാസമ്മേളനത്തിനെത്തിയപ്പോൾ ഒരു കുട്ടിയെ കൈയ്യിലെടുത്തപ്പോൾ ഫ്രാൻസിസ് പാപ്പാ ഡിസംബർ 21-ആം തീയതിയിൽ പൊതുകൂടിക്കാഴ്ചാസമ്മേളനത്തിനെത്തിയപ്പോൾ ഒരു കുട്ടിയെ കൈയ്യിലെടുത്തപ്പോൾ 

ഉക്രൈൻ കുട്ടികളുടെ പുഞ്ചിരി നഷ്ടപ്പെട്ടിരിക്കുന്നു: ഫ്രാൻസിസ് പാപ്പാ

ഡിസംബർ ഇരുപത്തിയൊന്ന് ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ ഉക്രൈനിൽ സഹനത്തിലൂടെ കടന്നുപോകുന്ന ഉക്രൈൻ കുട്ടികളെ അനുസ്മരിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

റഷ്യ ഉക്രൈൻ യുദ്ധത്തിന്റെ ദുരിതദിനങ്ങൾ തുടരുമ്പോൾ, യുദ്ധത്തിന്റെ പരിണിതഫലങ്ങൾക്ക് ഇരകളാകുന്ന കുട്ടികളെ ഫ്രാൻസിസ് പാപ്പാ അനുസ്മരിച്ചു. ക്രിസ്തുമസിന് മുൻപായി ഡിസംബർ ഇരുപത്തിയൊന്ന് ബുധനാഴ്ച നടന്ന അവസാന പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന്റെ അവസരത്തിൽ ഉണ്ണിയേശുവിനെക്കുറിച്ച് സംസാരിക്കവെയാണ്, ഉക്രൈൻ കുട്ടികൾ കടന്നുപോകുന്ന ദുരിതാവസ്ഥയിലേക്ക് പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചത്. ഉക്രൈനിലെ കുട്ടികളുടെ മുഖത്ത് സന്തോഷം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ, ഒരു കുട്ടിക്ക് പുഞ്ചിരിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നത് ഗുരുതരമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നതെന്ന് ഓർമ്മിപ്പിച്ചു.

മനുഷ്യത്വരഹിതവും കഠിനവുമായ ഒരു യുദ്ധത്തിന്റെ ദുരന്തമാണ് ഉക്രൈൻ കുട്ടികൾ വഹിക്കുന്നതെന്ന് പാപ്പാ പറഞ്ഞു. വെളിച്ചവും ഊർജ്ജോത്പാദനസാധ്യതകളും ഇല്ലാതെ, തണുപ്പിനെ അതിജീവിക്കാൻ ബുദ്ധിമുട്ടുന്ന ഉക്രൈൻ ജനതയ്ക്ക് കഴിയുന്നതും വേഗം സമാധാനം സംലഭ്യമാകാൻ വേണ്ടി പ്രാർത്ഥിക്കാമെന്ന് പാപ്പാ ആഹ്വാനം ചെയ്തു.

ബുധനാഴ്ചകളിൽ പതിവുള്ള കൂടിക്കാഴ്ചാവേളയുടെ അവസാനത്തിൽ ഇറ്റാലിയൻ ഭാഷയിൽ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് ഉക്രൈൻ ജനതയുടെ കഷ്ടപാടുകളിലേക്ക് പാപ്പാ വീണ്ടും ഏവരുടെയും ശ്രദ്ധ ക്ഷണിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ നിരവധി തവണയാണ് ഉക്രൈനിൽ നടക്കുന്ന ആക്രമണത്തിനെതിരെ പാപ്പാ ശബ്ദമുയർത്തിയത്. ഉക്രൈൻ ജനതയ്ക്ക് തെർമൽ വസ്ത്രങ്ങളും, ഊർജ്ജോത്പാദനത്തിനായി ജനറേറ്ററുകളും ഉൾപ്പെടെ നിരവധി സഹായങ്ങൾ പാപ്പായുടെ ആഹ്വാനപ്രകാരം കത്തോലിക്കാസഭ മുൻകൈയെടുത്ത് എത്തിച്ചിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 December 2022, 15:59