തിരയുക

പരിശുദ്ധ അമ്മയ്ക്ക് പൂക്കൾ സമർപ്പിക്കുന്ന ഫ്രാൻസിസ് പാപ്പാ - ഫയൽ ചിത്രം പരിശുദ്ധ അമ്മയ്ക്ക് പൂക്കൾ സമർപ്പിക്കുന്ന ഫ്രാൻസിസ് പാപ്പാ - ഫയൽ ചിത്രം 

പരിശുദ്ധ അമ്മയുടെ അമലോത്ഭവത്തിരുന്നാളിൽ ഫ്രാൻസിസ് പാപ്പാ സ്പാനിഷ് ചത്വരത്തിലെത്തും

കത്തോലിക്കാ സഭ പരിശുദ്ധ അമ്മയുടെ അമലോത്ഭവത്തിരുന്നാൾ ആഘോഷിക്കുന്ന ഡിസംബർ എട്ടാം തീയതി പതിവുപോലെ ഫ്രാൻസിസ് പാപ്പാ റോമിലെ സ്പാനിഷ് ചത്വരത്തിലെത്തുമെന്ന് റോം രൂപതാവൃത്തങ്ങൾ അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവത്തിരുന്നാൾ ആഘോഷിക്കുന്ന ഡിസംബർ എട്ടാം തീയതി ഫ്രാൻസിസ് പാപ്പായും റോമിലെ സ്പാനിഷ് ചത്വരത്തിലെത്തി പരിശുദ്ധ അമ്മയ്ക്ക് പതിവുപോലെ പുഷ്‌പങ്ങൾ സമർപ്പിക്കുമെന്ന് റോമാ രൂപത പത്രക്കുറിപ്പിലൂടെ അറിയിച്ചു. മിഞ്ഞനെല്ലി ചത്വരം എന്ന പേരിലുള്ള സ്പാനിഷ് ചത്വരത്തിൽ 1857 ഡിസംബർ എട്ടിന് സ്ഥാപിക്കപ്പെട്ട പരിശുദ്ധ അമ്മയുടെ രൂപത്തിലാണ് പാപ്പാ പുഷ്പങ്ങൾ അർപ്പിക്കുക. വൈകുന്നേരം നാലുമണിയോടെ അവിടെയെത്തുന്ന പാപ്പാ മാതാവിന്റെ രൂപം സ്ഥിതിചെയ്യുന്ന സ്തൂപത്തിന്റെ ചുവട്ടിലായിരിക്കും പൂവുകൾ സമർപ്പിക്കുക. റോം രൂപതയിലെ കർദ്ദിനാൾ ആഞ്ചെലോ ദേ ദൊണാത്തിസ്, സിവിൽ അധികാരികൾ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും ഈ ചടങ്ങ്.

അന്നേദിവസം രാവിലെ ഏഴുമണിക്ക് റോമിലെ ഫയർഫോഴ്‌സ് സേന ഈ രൂപത്തിന്റെ കൈകളിൽ പുഷ്പഹാരം സമർപ്പിക്കും. പിന്നീട് രാവിലെ 9.30ന് വത്തിക്കാനിലെ സായുധസേനയും പരിശുദ്ധ അമ്മയ്ക്ക് പൂക്കളർപ്പിക്കും.

1953-ൽ പന്ത്രണ്ടാം പിയൂസ് പാപ്പായാണ് ഈ പതിവാരംഭിച്ചത്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കോവിഡ് മഹാമാരി മൂലമുള്ള നിയന്ത്രങ്ങൾ കാരണം ഈ പതിവ് തടസപ്പെട്ടിരുന്നു.

ജ്യുസേപ്പേ ഒബിച്ചി എന്ന ശില്പി വെങ്കലത്തിൽ തീർത്ത ഈ പ്രതിമ, ലൂയിജി പൊളെത്തി വിഭാവനം ചെയ്ത, പന്ത്രണ്ട് മീറ്ററുകൾ ഉയരമുള്ള ഒരു സ്തൂപത്തിലാണ് സ്ഥിതിചെയ്യുന്നത്.

പരിശുദ്ധ അമ്മയുടെ അമലോത്ഭവത്തിരുന്നാളിനോടനുബന്ധിച്ച് നവംബർ 29 മുതൽ നവംബർ എട്ടുവരെ തീയതികളിൽ മിഞ്ഞനെല്ലി ചത്വരത്തിനടുത്തുള്ള പന്ത്രണ്ടു ശ്ലീഹന്മാരുടെ നാമത്തിലുള്ള ബസലിക്കയിൽ വൈകുന്നേരം 5.45-ന് നൊവേനയും 6.30-ന് വിശുദ്ധ ബലിയർപ്പണവും ഉണ്ടായിരിക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 December 2022, 16:20