വിശുദ്ധ ഫ്രാൻസിസ് ദേ സാലസിന്റെ നാനൂറാം മരണവാർഷികത്തിൽ പാപ്പാ അപ്പസ്തോലിക ലേഖനം പുറത്തിറക്കി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
വിശുദ്ധ ഫ്രാൻസിസ് ദേ സാലസിന്റെ ചിന്തകളുമായി ചേർന്ന് പോകുന്ന "എല്ലാം സ്നേഹത്തിന്റേതാണ്" (തോത്തും അമോറിസ് എസ്ത്) എന്ന തലക്കെട്ടിൽ ഡിസംബർ ഇരുപത്തിയെട്ടിനാണ് പുതിയ അപ്പസ്തോലിക ലേഖനം ഫ്രാൻസിസ് പാപ്പാ പുറത്തിറക്കിയത്. ഇതേദിവസം വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചാസമ്മേളനത്തിൽ നടത്തിയ പ്രഭാഷണത്തിലും വിശുദ്ധ ഫ്രാൻസിസ് ദേ സാലസിന്റെ ജീവിതവും പ്രബോധനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഫ്രാൻസിസ് പാപ്പാ പരാമർശിച്ചിരുന്നു.
“ലോകത്തിലെ എല്ലാ രാജാക്കന്മാരെയും അവരുടെ സിംഹാസനങ്ങളിൽ കാണുന്നതിനേക്കാൾ ക്രിസ്തുമസ് പുൽക്കൂട്ടിൽ ഉണ്ണിയേശുവിനെ കാണുവാനാണ് താൻ ആഗ്രഹിക്കുന്നതെന്ന്” ഫ്രാൻസിസ് ദേ സാലെസ് പറഞ്ഞത് തന്റെ പ്രഭാഷണത്തിൽ ഫ്രാൻസിസ് പാപ്പാ ഉദ്ധരിച്ചു.
ജനീവയിൽ മെത്രാനായിരുന്ന ഫ്രാൻസിസ് സാലെസിന്റെ പുസ്തകങ്ങളിൽ ഒന്നായ "ദൈവസ്നേഹത്തെക്കുറിച്ചുള്ള ഉടമ്പടി" എന്ന പുസ്തകത്തിൽനിന്നെടുത്ത വാക്കുകളാണ് ഫ്രാൻസിസ് പാപ്പാ തന്റെ അപ്പസ്തോലിക ലേഖനത്തിന്റെ തലക്കെട്ടിനായി ഉപയോഗിച്ചത്. അന്നത്തെ കാലത്തേതുപോലെ, ഇന്നും, പരിവർത്തനത്തിന്റെ സമയത്തിലൂടെ കടന്നുപോകുന്ന നമുക്ക് ഈ ചിന്തകൾ പ്രസക്തമാണെന്ന് പാപ്പായുടെ അപ്പസ്തോലിക ലേഖനം വ്യക്തമാക്കുന്നുണ്ട്.
1622 ഡിസംബർ 28-നാണ് ഫ്രാൻസിസ് ദേ സാലെസ് ലിയോൺ നഗരത്തിൽ വച്ച് മരണമടണഞ്ഞത്. "കാൽവരി മല പ്രണയിക്കുന്നവരുടെ കുന്നാണെന്ന്" ഫ്രാൻസിസ് ദേ സാലെസ് പറഞ്ഞിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: