തിരയുക

മാർപാപ്പയുടെ ലോകസമാധാനസന്ദേശത്തിന്റെ അവതരണവേദിയിൽനിന്ന് മാർപാപ്പയുടെ ലോകസമാധാനസന്ദേശത്തിന്റെ അവതരണവേദിയിൽനിന്ന് 

ഫ്രാൻസിസ് മാർപ്പാപ്പയുടെ അന്പത്തിയാറാമത് ലോകസമാധാന സന്ദേശം കൈമാറി

ഇന്ന് വത്തിക്കാനിലെ പത്താം പീയൂസ് ശാലയിൽ നടന്ന പത്രസമ്മേളനത്തിലാണ് മാർപാപ്പയുടെ ലോകസമാധാനസന്ദേശം കൈമാറിയത്. ചടങ്ങിൽ സമഗ്രമാനവിക വികസനത്തിനായുള്ള ഡികാസ്റ്ററിയുടെ അധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർണി, ഡികാസ്റ്ററി സെക്രട്ടറി സിസ്റ്റർ അലെസാന്ദ്ര സ്മെരില്ലി, അന്താരാഷ്ട്ര ഭക്ഷ്യ കാർഷിക സംഘടനയുടെ സാമ്പത്തിക വിദഗ്‌ദ്ധന്‍ ഡോ.മാക്സിമോ തോറേറോ, എഴുത്തുകാരനും, സംവിധായകനും, നടനുമായ സിമോണെ ക്രിസ്റ്റിക്കി എന്നിവർ പങ്കെടുത്തു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ആർക്കും തനിയെ തന്നെത്തന്നെ രക്ഷിക്കാനാവില്ല. ഒരുമിച്ച് സമാധാനത്തിന്റെ പാതകൾ കണ്ടെത്തുന്നതിനായി കോവിഡ്-19-ൽ നിന്ന് പുനരാരംഭിക്കുക" എന്ന തലക്കെട്ടോടുകൂടിയ, ഫ്രാൻസിസ് പാപ്പായുടെ സന്ദേശം ഇന്നത്തെ  ലോകസാഹചര്യങ്ങളിൽ വളരെയധികം പ്രാധാന്യമർഹിക്കുന്നു. തെസ്സലോനിക്കയിലെ സഭയ്ക്കുള്ള ഒന്നാം ലേഖനത്തിലെ പൗലോസ് ശ്ലീഹായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് തുടങ്ങുന്ന സന്ദേശം ഇരുള് നിറഞ്ഞ ലോകത്തിൽ ദൈവത്തിൽ ആശ്രയം വച്ച് ജീവിക്കേണ്ടതിന്റെ ആവശ്യകത നമ്മെ ഓർമ്മിപ്പിക്കുന്നു. കോവിഡ് മഹാമാരി സൃഷ്‌ടിച്ച പരസ്പരാശ്രയ ബോധത്തിന്റെ വലിയ പാഠവും മാർപാപ്പ എടുത്തു പറയുന്നുണ്ട്.

സന്ദേശത്തിന്റെ പ്രകാശനവേളയിൽ കർദിനാൾ മൈക്കിൾ ചേർണി മാർപ്പാപ്പയുടെ  സന്ദേശത്തിന്റെ ഉള്ളടക്കം ചുരുങ്ങിയ വാക്കുകളിൽ വിശദീകരിച്ചു. കോവിഡ് നമ്മെ പഠിപ്പിച്ച പാഠങ്ങളും, ഇത്തരമൊരു സാഹചര്യം നേരിടാൻ നമ്മെ ഒരുക്കേണ്ടതിന്റെ ആവശ്യകതയും, ദുഃഖത്തിന്റെ നാളുകളിൽ നിന്നും പ്രത്യാശയിലേക്കുള്ള അടയാളങ്ങൾ ഏതൊക്കെയാണ് നാം ഉൾക്കൊള്ളുന്നത് തുടങ്ങിയ ആശയങ്ങൾ അദ്ദേഹം പങ്കുവയ്ക്കുകയുണ്ടായി. തുടർന്ന് ഡികാസ്റ്ററി സെക്രട്ടറി സിസ്റ്റർ അലെസാന്ദ്ര സ്മെരില്ലി മാർപാപ്പയുടെ,' ആർക്കും സ്വയം രക്ഷിക്കുക സാധ്യമല്ല' എന്ന സന്ദേശ ആശയം പങ്കുവച്ചു. മഹാമാരിയുടെയും യുദ്ധത്തിന്റെയും സാഹചര്യത്തിൽ ഒന്നിച്ചു നിന്നതിന്റെയും കൂട്ടായ്മകളുടെ യോജിപ്പിന്റെയും നന്മകൾ സിസ്റ്റർ എടുത്തു പറഞ്ഞു.

അന്താരാഷ്ട്ര ഭക്ഷ്യ കാർഷിക സംഘടനയുടെ സാമ്പത്തിക വിദഗ്‌ദ്ധന്‍ ഡോ.മാക്സിമോ തോറേറോ അയച്ച വീഡിയോ സന്ദേശത്തിൽ മാർപ്പാപ്പയുടെ സമാധാനസന്ദേശം ലോകത്തിന് പ്രദാനം ചെയ്യുന്ന നന്മകളെ ചൂണ്ടികാണിക്കുകയുണ്ടായി. ആഹാരത്തിന്റെ ലഭ്യതയില്ലായ്മ ലോകത്തിൽ സൃഷ്ടിക്കുന്ന സാമൂഹിക ആഘാതങ്ങളെ ചൂണ്ടിക്കാണിച്ച അദ്ദേഹം, സമാധാനം, ആഹാരം, ആരോഗ്യം എന്നീ മൂന്നുകാര്യങ്ങൾ ജീവിതത്തിൽ അത്യന്താപേക്ഷിതമാണെന്നും എടുത്തു പറഞ്ഞു. തുടർന്ന് എഴുത്തുകാരനും,സം വിധായകനും, നടനുമായ സിമോണെ ക്രിസ്റ്റിക്കിയും മാർപാപ്പയുടെ  സന്ദേശത്തിലെ പ്രധാനപ്പെട്ട മൂന്നു വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് അവതരണം നടത്തി.

ആദ്യവാക്ക് ജാഗ്രത എന്നുള്ളതാണ്. നമ്മുടെ അഹത്തിൽനിന്നും പുറത്തുകടന്ന് മറ്റുള്ളവരിലേക്കുള്ള ഒരു ശ്രദ്ധയാണ് ഈ വാക്കിന്റെ ആശയം. അടുത്ത വാക്ക് വിനയം എന്നുള്ളതാണ്. മൗനികളായ വിശുദ്ധരുടെ മഹത്വം അവരുടെ ജീവിതത്തിലെ വിനയമാണെന്ന് ക്രിസ്റ്റിക്കി ചൂണ്ടിക്കാണിച്ചു. അവസാനമായി ശുശ്രൂഷ എന്ന വാക്കാണ് സന്ദേശത്തിന്റെ മഹത് വചനമായി ക്രിസ്റ്റിക്കി അവതരിപ്പിച്ചത്. ജാഗ്രതയുടെയും, വിനയത്തിന്റെയും മൂർത്തീമത് ഭാവമാണ് ശുശ്രൂഷയെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 ഡിസംബർ 2022, 16:22