തിരയുക

മെഡ് ഡയലോഗ്സ് (MED Dialogues) സമ്മേളന വേദി മെഡ് ഡയലോഗ്സ് (MED Dialogues) സമ്മേളന വേദി 

പാപ്പാ: ആരും തനിച്ച് രക്ഷപ്പെടില്ല, കൂട്ടായ വിശകലനം അനിവാര്യം!

മദ്ധ്യധരണ്യാഴിപ്രദേശത്തെ കുടിയേറ്റ പ്രശ്നവുമായി ബന്ധപ്പെട്ട്, മെഡ് ഡയലോഗ്സ് (MED Dialogues) എന്ന പേരിൽ റോമിൽ ഡിസംബർ 1-3 വരെ നടന്ന വാർഷിക ചർച്ചായോഗത്തിന് ഫ്രാൻസീസ് പാപ്പാ സന്ദേശം നല്കി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മദ്ധ്യധരണ്യാഴി പ്രദേശത്തിൻറെ സുസ്ഥിതിക്ക് കുടിയേറ്റം അത്യന്താപേക്ഷിതമാണെന്ന് മാർപ്പാപ്പാ.

മദ്ധ്യധരണ്യാഴിപ്രദേശത്തെ കുടിയേറ്റ പ്രശ്നവുമായി ബന്ധപ്പെട്ട്, മെഡ് ഡയലോഗ്സ് (MED Dialogues) എന്ന പേരിൽ നടത്തുന്ന വാർഷിക ചർച്ചായോഗത്തിൻറെ റോമിൽ ഡിസംബർ 1-3 വരെ നടന്ന എട്ടാം സമ്മേളനത്തിനു നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ആഫ്രിക്ക, എഷ്യ, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളെ തമ്മിൽ, ചരിത്രപരമായി കുടിയേറ്റം വഴിയും ഫലപ്രദമായി ബന്ധിപ്പിക്കുന്ന ഒന്നാണ് മദ്ധ്യധരണീപ്രദേശം എന്ന് അനുസ്മരിക്കുന്ന പാപ്പാ പരിധികുറിക്കുന്ന രേഖകൾ  ബന്ധത്തിലാക്കുന്നവയുമാണെന്ന കാര്യം നാം പലപ്പോഴും മറക്കുന്നുവെന്ന് പറയുന്നു.

വികസനത്തിൻറെയും വളർച്ചയുടെയും സംസ്കൃതിയുടെയും വിളിയുള്ള മദ്ധ്യധരണ്യാഴി സമീപകാലത്ത്, നിർഭാഗ്യവശാൽ, നഷ്ടപ്പെട്ടുപോയ ഒരു പ്രതീതിയാണ് ഉളവാകുന്നതെന്നും എന്നാൽ ഉറച്ച ബോധ്യത്തോടുകൂടി അതിനെ വീണ്ടെടുക്കേണ്ടതുണ്ടെന്നും പാപ്പാ പ്രസ്താവിക്കുന്നു.

മാനവചലനാത്മകതയ്ക്ക് പൊതുവായ പരിഹാരം കണ്ടെത്താനുള്ള കഴിവില്ലായ്മ അസ്വീകാര്യമാണെന്നും എല്ലായ്പോഴും ഒഴിവാക്കാവുന്ന ജീവഹാനി പ്രത്യേകിച്ച് മദ്ധ്യധരണ്യാഴിയിൽ തുടരുന്നുവെന്നും പാപ്പാ പറയുന്നു. ആരും തനിച്ച് രക്ഷപ്പെടില്ലെന്നും ആകയാൽ, പരസ്പരബന്ധിതമായ പ്രശ്നങ്ങളുടെ പരിഹൃതിക്ക് കൂട്ടായ വിശകലനവും ഏകീകൃത വീക്ഷണവും ആവശ്യമാണെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു.

റഷ്യ-ഉക്രൈയിൻ യുദ്ധം ആഗോളതലത്തിൽ വിതച്ചുകൊണ്ടിരിക്കുന്ന കണക്കാക്കാനാകാത്ത നാശനഷ്ടങ്ങളെക്കുറിച്ചും പാപ്പാ തൻറെ സന്ദേശത്തിൽ പരാമർശിക്കുന്നു. ആകയാൽ ഇത്തരം പ്രശ്നങ്ങളെയെല്ലാം ഒരു ആഗോള വീക്ഷണത്തിൽ ദർശിക്കണമെന്ന് പറയുന്നു. സഹോദര്യാവബോധം പുനർസൃഷ്ടിക്കുന്നതിന് സമാഗമ സംസ്കൃതി വീണ്ടെടുക്കേണ്ടതിൻറെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.

നരകുലത്തിൻറെ നാല്ക്കവലയും നിരവധി അവസരങ്ങളുടെ സംവാഹകയുമാണെങ്കിലും മദ്ധ്യധരണ്യാഴി ഇന്ന് സമാഗമത്തിൻറെയും പരസ്പരവിനിമയത്തിൻറെയും പങ്കുവയ്ക്കലിൻറെയും സഹകരണത്തിൻറെയും ഇടമായി മാറുന്നതിന് പാടുപെടുകയാണെന്ന് പാപ്പാ ഖേദം പ്രകടിപ്പിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 ഡിസംബർ 2022, 16:20