തിന്മകളെ തിരിച്ചറിഞ്ഞ്, ദൈവത്തിൽ ആശ്രയിച്ച് മുന്നേറുക: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
നമുക്ക് ചുറ്റും, നമ്മിലും ഉള്ള തിന്മകളെ തിരിച്ചറിഞ്ഞ്, അവയ്‌ക്കെതിരെ പോരാടാൻ ആഹ്വാനം ചെയ്‌ത്, ജർമ്മനിയിലെ റോസ്‌റ്റോക്കിൽ നടന്നുവരുന്ന തൈസെ സമൂഹത്തിന്റെ നാല്പത്തിയഞ്ചാം സമ്മേളനത്തിലേക്ക് ഫ്രാൻസിസ് പാപ്പായുടെ സന്ദേശം. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ ആഭ്യന്തരകാര്യവിഭാഗം തലവൻ ആർച്ച്ബിഷപ്പ് എഡ്ഗാർ പേഞ്ഞ പാറയാണ് ഫ്രാൻസിസ് പാപ്പായുടെ പേരിൽ തൈസെ സമൂഹത്തിലെ അംഗങ്ങൾക്ക് കത്തയച്ചത്. ലോകം ഇന്ന് വലിയ വെല്ലുവിളികളാണ് നേരിടുന്നതെന്നും, യൂറോപ്പിൽ ഇപ്പോൾ ജനങ്ങൾ അഭിമുഖീകരിക്കുന്ന യുദ്ധം പോലെയുള്ള ദുരന്തങ്ങൾ അതിലൊന്നാണെന്നും പറഞ്ഞ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് ആഭ്യന്തരകാര്യവിഭാഗം തലവൻ, ഇതുപോലെയുള്ള തിന്മകൾക്കെതിരെ പോരാടുവാനും, സമാധാനവും കൂടുതൽ തുറന്ന മാനവികസഹോദര്യവും കെട്ടിപ്പടുക്കുവാനും ഉദ്‌ബോധിപ്പിച്ചു.
സമാധാനത്തിനും പരസ്പരസഹകരണത്തിനുമായി പ്രവർത്തിക്കുന്ന തൈസെ സമൂഹമെന്ന ക്രൈസ്തവസംഘടന ഈ വർഷം തിരഞ്ഞെടുത്തിരിക്കുന്ന "ആന്തരികജീവിതവും, ഐക്യവും" എന്ന വിഷയത്തെ പരാമർശിച്ചുകൊണ്ട്, ഈ ആശയം, മനുഷ്യരെ മാറ്റിനിറുത്താതെതന്നെ, കൂടുതലായി ദൈവത്തിൽ ആശ്രയിക്കാൻ നിങ്ങളെ സഹായിക്കട്ടെയെന്ന്, പാപ്പായുടെ പേരിൽ ആർച്ച്ബിഷപ്പ് എഡ്ഗാർ പേഞ്ഞ പാറ ആശംസിച്ചു.
തൈസെ സമൂഹത്തിന്റെ പ്രവർത്തനങ്ങളിൽ ഫ്രാൻസിസ് പാപ്പായുടെ പ്രോത്സാഹനം വാഗ്ദാനം ചെയ്ത ഈ കത്തിൽ പ്രത്യാശയെ സജീവമായി നിലനിറുത്തുന്നതും, ദൈവത്തിലുള്ള വിശ്വാസത്തെ നിരന്തരം പുതുക്കുന്നതും, പ്രാർത്ഥനയും, ആന്തരികജീവിതവും, കർത്താവുമായുള്ള വ്യക്തിപരമായ ബന്ധവുമാണെന്ന് ആർച്ച്ബിഷപ് പാറ ഓർമ്മിപ്പിച്ചു. നിങ്ങളിലുള്ള ദൈവസാന്നിധ്യം തിരിച്ചറിഞ്ഞ്, മാനവിക ഐക്യം പ്രവർത്തികമാക്കുമ്പോഴാണ്, ലോകത്തെ പരിവർത്തനം ചെയ്യുവാനായി ദൈവത്തിന് നിങ്ങളിലൂടെ എന്തുമാത്രം സാധിക്കുമെന്ന് നിങ്ങൾ തിരിച്ചറിയുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എക്യൂമെനിക്കൽ പാത്രിയർക്കാ ബർത്തലോമിയോ, ആഗോള ലൂഥറൻ സഭാ ഫെഡറേഷൻ ജനറൽ സെക്രെട്ടറി ആൻ ബുർക്കാർഡ്റ്റ്, ഐക്യരാഷ്ട്രസഭയുടെ സെക്രെട്ടറി ജനറൽ അന്തോണിയോ ഗുത്തെറെസ് തുടങ്ങിയവർ തൈസെ സമൂഹത്തിന്റെ ഈ സമ്മേളനത്തിന് ആശംസകളയച്ചവരിൽ ചിലരാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: