തിരയുക

2020 ൽ വത്തിക്കാനിൽ സ്ഥാപിച്ച ക്രിസ്തുമസ് ട്രീ. 2020 ൽ വത്തിക്കാനിൽ സ്ഥാപിച്ച ക്രിസ്തുമസ് ട്രീ.  

വത്തിക്കാനിൽ ക്രിസ്തുമസ് ട്രീ: ഇറ്റലിയിലെ അബ്രുത്സോയിൽ നിന്ന്

റെസെല്ലോ ഗ്രാമത്തിൽ നിന്നയച്ച 26 മീറ്റർ ഉയരമുള്ള സരളവൃക്ഷവും അതിനെ അലങ്കരിക്കാൻ അബ്രുത്സോയിൽ തന്നെ തീർത്ത അലങ്കാര വസ്തുക്കളും വി. പത്രോസിന്റെ ചത്വരത്തിൽ എത്തി.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഫ്രിയൂളിയിൽ തയ്യാറാക്കിയ പുൽക്കൂടും ക്രിസ്തുമസ് ട്രീയുടെ ഉദ്ഘാടനവും ശനിയാഴ്ച ഡിസംബർ 3ന് ഉച്ചകഴിഞ്ഞായിരിക്കും. അന്ന് രാവിലെ  അബ്രുത്സോ, ഫ്രിയൂളി എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളേയും പോൾ ആറാമ൯ ഹാളിലെ പുൽക്കൂടു തയ്യാറാക്കിയ ഗ്വാട്ടിമാലയുടെ പ്രതിനിധികളേയും പാപ്പാ സ്വീകരിക്കും.

26 മീറ്റർ ഉയരമുള്ള വെളുത്ത സരളവൃക്ഷം

ഇന്നലെ വ്യാഴാഴ്ച രാവിലെ വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ക്രിസ്തുമസ് ട്രീ ഉയർത്തി. അബ്രുത്സോയിൽ കിയെത്തി പ്രവിശ്യയിലെ റോസെല്ലോ ഗ്രാമത്തിൽ നിന്ന് രാത്രിയിലെത്തിയ 26 മീറ്റർ ഉയരമുള്ള വെളുത്ത സരളവൃക്ഷമാണിത്. അബ്രുത്സോയിലെ അധികാരികൾ അറിയിച്ചതനുസരിച്ച് ഈ മരം കൃഷിസ്ഥലത്ത് നിന്നാണ് അല്ലാതെ പ്രകൃതിദത്തമായി വളരുന്നിടത്തു നിന്നല്ല വരുന്നത്. ചില കെട്ടിടങ്ങൾക്ക് അപകടം ഉണ്ടാവുമെന്നതുകൊണ്ട് മുറിക്കാനായി തിരഞ്ഞെടുത്തതാണ്   ഈ മരം. ഇതിൽ ചാർത്താനുള്ള അലങ്കാര വസ്തുക്കൾ തയ്യാറാക്കിയത് അബ്രൂത്സോയിലെ ചില സ്കൂളുകളിലെ വിദ്യാർത്ഥികളും, വി. അന്തോണിയോ ബൊറെല്ലോ വൃദ്ധമന്ദിരത്തിലെ അംഗങ്ങളും, ക്വാദ്രിഫോളിയോയിലെ മന:ശാസ്ത്ര പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികളും ചേർന്നാണ്.

ഫ്രിയൂളി വെനെത്സിയ - ജൂലിയായിൽ ഊദിനെ പ്രവിശ്യയിലെ സുത്രിയോയിൽ നിന്നാണ് പൂർണ്ണമായും മരത്തടിയിൽ തീർത്ത പുൽക്കൂട് വരുന്നത്. പോൾ ആറാമൻ ഹാളിൽ സ്ഥാപിക്കുന്ന ഈ വർഷത്തെ പുൽക്കൂട് ഗാട്ടെമാല രാജ്യം നൽകിയതാണ്.

പുൽക്കൂടിന്റെയും ക്രിസ്തുമസ് ട്രീ തെളിക്കലിന്റെയും പരമ്പരാഗതമായ ഉദ്ഘാടനം വി. പത്രോസിന്റെ ചത്വരത്തിൽ ഡിസംബർ 3ന് ശനിയാഴ്ച  പ്രാദേശിക സമയം 5.00 മണിക്ക് നടക്കും. വത്തിക്കാൻ നഗരത്തിന്റെ ഗവർണ്ണറേറ്റിന്റെ തലവനായ കർദ്ദിനാൾ ഫെർണാൺഡോ  വെർഗസ് അൽസാഗയും സെക്രട്ടറി ജനറലായ സി. റഫയേല്ല പെത്രീനിയും ചേർന്ന് നടത്തും. അന്ന് രാവിലെ സുത്രിയോ, ദി റൊസെല്ലോ, ഗ്വാട്ടിമാല എന്നിവിടങ്ങളിലെ പ്രതിനിധികളുമായി  പാപ്പാ കൂടിക്കാഴ്ച നടത്തുകയും അവർക്ക് ഔദ്യോഗികമായി സമ്മാനങ്ങൾ നൽകുകയും ചെയ്യും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 November 2022, 12:43